Connect with us

Kerala

തിരൂരില്‍ 40 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി

Published

|

Last Updated

തിരൂര്‍: തിരൂരില്‍ കുഴല്‍പണ വേട്ട. 1854 പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളടക്കം 40 ലക്ഷം രൂപയാണ് പോലീസ് പടികൂടിയത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് അരിയൂര്‍ കൊമ്പത്ത് ഷൗക്കത്തലി (53) യെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി ഷാനിഫ് ബാബു (36)വിനെ പിടികൂടാനായിട്ടില്ല.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡിവൈഎസ് പി. എ ജെ ബാബു, സി.ഐ എം.കെ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുഴല്‍പണവുമായി തിരൂര്‍ ബസ്റ്റാന്റ് പരിസരത്ത് നിന്നും ഷൗക്കത്തലിയെ പിടികൂടുകയായിരുന്നു. തിരൂര്‍, വളാഞ്ചേരി പരിസരങ്ങളിലെ ഒമ്പത് പേര്‍ക്ക് വിതരണം ചെയ്യാനുള്ള മൂന്ന് ലക്ഷം രൂപയും എത്തിക്കേണ്ടവരുടെ പേരുവിവരവും ഇയാളുടെ കൈവശമുണ്ടായിരുന്നു.

മേലാറ്റൂരിലെ ഷാനിഫ് ബാബുവില്‍ നിന്നാണ് വിതരണത്തിന് പണം ലഭിച്ചതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഷൗക്കത്തലി പറഞ്ഞു. ഇതനുസരിച്ച് ഷാനിഫ് ബാബുവിന്റെ വീട്ടില്‍ നിന്നും പുതിയ രണ്ടായിരം നോട്ടുകളടക്കം 37 ലക്ഷം രൂപയും പിടികൂടി. വീട്ടിലെ കട്ടിലിലെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. നോട്ടെണ്ണുന്ന യന്ത്രവും ലാപ്‌ടോപ്പും മറ്റു ഉപകരണങ്ങളും ഷാനിഫിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

എസ്.ഐ കെ.ആര്‍ രജ്ഞിത്ത് , എ എസ് ഐ കെ പ്രമോദ്, മുരളീധരന്‍, സി പി ഒ മാരായ രാജേഷ്, ഷാജി, പങ്കജ്, മനോജ്, വനിതാ പോലീസുകാരായ പ്രിയ ജിനിഷ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Latest