Connect with us

International

ട്രംപിനെ പുകഴ്ത്തി സദ്ദാം ഹുസൈന്റെ മകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നതമായ രാഷ്ട്രീയബോധമുള്ളയാളാണെന്നും ഇദ്ദേഹം തന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തനായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതുമെന്ന് വധിക്കപ്പെട്ട ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന്റെ മകള്‍ റഖാദ്. സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്. ഇറാഖില്‍ സംഘര്‍ഷമുണ്ടാക്കിയതിന് അമേരിക്കയെ അഭിമുഖത്തില്‍ കുറ്റപ്പെടുത്തുകയും ചെയ്തു റഖാദ്. ട്രംപ് നേതൃനിരയിലേക്ക് ഇപ്പോള്‍ വന്നിട്ടേയുള്ളൂവെങ്കിലും തന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി ഉന്നത രാഷ്ട്രീയശക്തിയുള്ളയാളാണെന്ന് ഇവര്‍ പറഞ്ഞു. ട്രംപിന്റെ വെട്ടിത്തുറന്ന് പറയുന്ന സമീപനത്തെ പുകഴ്ത്തിയ റഖാദ് അദ്ദേഹം മറ്റുള്ളവരുടെ തെറ്റിനെ, പ്രത്യേകിച്ച് ഇറാഖില്‍ വരുത്തിയ തെറ്റുകളെ തുറന്ന് കാണിക്കുകയാണെന്നും ഇറാഖില്‍ വരുത്തിയ തെറ്റുകളും തന്റെ പിതാവിന് സംഭവിച്ചതിനെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നും ഇവര്‍ പറഞ്ഞു.

അതേസമയം തനിക്ക് രാഷ്ട്രീയമില്ലെന്നും ഒരു ഗ്രൂപ്പിനെയും പിന്തുണക്കുന്നില്ലെന്നും റഖാദ് അഭിമുഖത്തില്‍ പറഞ്ഞു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഇറാഖ് യുദ്ധത്തെ വിമര്‍ശിച്ച് ട്രംപ് സംസാരിച്ചിരുന്നുവെങ്കിലും അമേരിക്കന്‍ കടന്നുകയറ്റത്തെ യുദ്ധത്തിനു മുമ്പും അതിന് ശേഷവും പരസ്യമായി ട്രംപ് പിന്തുണച്ചിരുന്നു. മാത്രമല്ല സദ്ദാം ചീത്ത മനുഷ്യനാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.