Connect with us

Editorial

പോലീസിനെ നിയന്ത്രിക്കണം

Published

|

Last Updated

സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി പോലീസ് കംപ്ലയിന്റ് അതോറിറ്റിയും. ഇതു സംബന്ധിച്ചു പ്രതിപക്ഷ കക്ഷികളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും വ്യാപകമായ പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കെയാണ് കൊച്ചിയില്‍ വ്യാഴാഴ്ച ചേര്‍ന്ന അതോറിറ്റി സിറ്റിംഗില്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്. കസ്റ്റഡി മര്‍ദനം, കള്ളക്കേസ് ചുമത്തല്‍, അകാരണമായി കസ്റ്റഡിയിലെടുക്കല്‍, സിവില്‍ കേസുകളില്‍ പക്ഷം ചേരല്‍, സ്റ്റേഷനില്‍ അനാവശ്യമായി തടഞ്ഞു വെക്കല്‍ തുടങ്ങിയ പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പരാതികള്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ വന്‍ തോതില്‍ കൂടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ പ്രതികളെ മര്‍ദിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. മൂന്നാംമുറ പാടില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ റേഞ്ച് ഐ ജി, ജില്ലാ പോലീസ് മേധാവികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആഗസ്റ്റില്‍ കത്ത് മുഖേന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും സംസ്ഥാനത്ത് കസ്റ്റഡി മര്‍ദനങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നൂറിലേറെ പരാതികളാണ് പോലീസ് പീഡനത്തെക്കുറിച്ചു കംപ്ലയിന്റ് അതോറിറ്റി മുമ്പാകെ വന്നത്. കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ടതാണ് ഇതിലേറെയും.

കഴിഞ്ഞ ഒക്‌ടോബര്‍ വരെയുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ ആഭ്യന്തര വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാത്തെ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ 15,685 പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പരാതികളുമായി സ്റ്റേഷനില്‍ എത്തുന്നവരോട് അപമര്യാദയായി പെരുമാറുന്നവരും സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുന്നവരുമാണ് സേനയില്‍ നല്ലൊരു പങ്കും. ഇതിന് പരിഹാരം കാണാനും പോലീസിനെ ജനകീയമാക്കാനും കഴിഞ്ഞ കാലങ്ങളില്‍ വിവിധ പദ്ധതികളാവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ഒന്നും ഫലവത്തായില്ലെന്നാണ് പോലീസിനെതിരെ വര്‍ധിച്ചു വരുന്ന പരാതികള്‍ വ്യക്തമാക്കുന്നത്. സേനയിലെ സ്വഭാവ ദൂഷ്യമുള്ളവരെയും അക്രമ വാസനയുള്ളവരെയും മേലുദ്യോഗസ്ഥര്‍ നിയന്ത്രിക്കാത്തതാണ് ഇതിന് കാരണമെന്നാണ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്റെ പക്ഷം.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസിനെ പോലെ കേരള പോലീസിലും സംഘ്പരിവാര്‍ വിധേയത്വം വര്‍ധിച്ചു വരുന്നതായി പരാതിയുണ്ട്. ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തതിന്റെ പേരില്‍ ഈയിടെ ചിലര്‍ക്കെതിരെ പോലീസ് എടുത്ത കേസുകളും ഫൈസല്‍ വധക്കേസിന്റെ അന്വേഷണ രീതിയും വര്‍ഗീയ വിഷം തുളുമ്പുന്ന പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുന്നതില്‍ കാണിക്കുന്ന വിവേചനവും ഈ ആരോപണങ്ങളെ ബലപ്പെടുത്തുന്നു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ അനാദരവ് കാണിച്ചെന്നാരോപിച്ച് പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തത് ആര്‍ എസ് എസുകാരനായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ പ്രേരണയാലാണെന്നാണ് ലഭ്യമായ വിവരം. എഴുത്തുകാരന്‍ കമല്‍സി ചവറയെ പോലീസ് അറസ്റ്റ് ചെയ്തതും ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന ആര്‍ എസ് എസ് സംഘ്പരിവാര്‍ പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്നായിരുന്നു.

പോലീസിലെ സംഘ്പരിവാര്‍ സ്വാധീനം അടുത്ത കാലത്തുടലെടുത്തതല്ല. ദശാബ്ദങ്ങളായി പോലീസ് സ്റ്റേഷനുകളില്‍ ആയുധ പൂജാ വേളയില്‍ ഔദ്യോഗികമായി തന്നെ അതാചരിച്ചു വരുന്നുണ്ട്. എന്നാല്‍ ന്യൂനപക്ഷ മതക്കാരുടെ ഒരാചാരവും അവിടെ അനുവദിക്കാറില്ല. ശബരിമല സീസണില്‍ ഹൈന്ദവരായ ഉദ്യോഗസ്ഥര്‍ക്ക് താടി വെക്കുന്നതിന് അനുവാദമുണ്ട്. മുസ്‌ലിം ഉദ്യോഗസ്ഥര്‍ക്ക് താടിക്ക് പാടേ വിലക്കും. മാത്രമല്ല, പോലീസല്ലാത്തവര്‍ താടി വെച്ചാലും ചില പോലീസുദ്യോഗസ്ഥര്‍ക്ക് സഹിക്കില്ല. തലശ്ശേരി പൊന്ന്യത്ത് ഇതിനിടെ ഒരു മുസ്‌ലിം യുവാവിനെ പോലീസുകാര്‍ തല്ലിച്ചതച്ചത് യുവാവിന്റെ താടി കണ്ടായിരുന്നു. താടി കണ്ടപ്പോള്‍ അദ്ദേഹം തീവ്രവാദിയാണെന്ന് പോലീസ് തെറ്റിദ്ധരിച്ചുവത്രേ. “മുസ്‌ലിമിനെ പേടിക്കണം, പ്രത്യേകിച്ച് താടി വെച്ച മുസ്‌ലിമിനെ” എന്ന പാശ്ചാത്യ മാധ്യമങ്ങള്‍ പറയാതെ പറയുന്ന വാചകങ്ങള്‍ പ്രബുദ്ധ കേരളത്തിലെ പോലീസുകാരെയും സ്വാധീനിച്ചു കഴിഞ്ഞോ? ഈ അപകടകരമായ പ്രവണതക്കെതിരെ സര്‍ക്കാര്‍ ജാഗ്രത്താകേണ്ടതുണ്ട്.

പൊതുജന സേവകരാണ് പോലീസുദ്യോഗസ്ഥര്‍. അന്തസ്സോടെയും മാന്യവുമായിരിക്കണം ജനത്തോടുള്ള അവരുടെ സമീപനം. മത ജാതി വ്യത്യാസമന്യേ എല്ലാ വിഭാഗത്തോടും തുല്യമായി പെരുമാറാന്‍ അവര്‍ ശീലിക്കേണ്ടതുണ്ട്. നിസ്സഹായരായ ഇരകള്‍ പരാതിയുമായി സമീപിക്കുമ്പോള്‍ അവരുടെ അന്തസ്സിനെ പിന്നെയും കളങ്കപ്പെടുത്തുന്ന തെറിവാക്കുകളും അസഭ്യങ്ങളും പറഞ്ഞു പീഡിപ്പിക്കുന്നതിന് പകരം മനുഷ്യത്വപരമായ പെരുമാറ്റത്തിലൂടെയും സുതാര്യമായ നടപടികളിലൂടെയും അവര്‍ക്ക് ആശ്വാസവും സമാധാനവും പകരുകയാണ് ചെയ്യേണ്ടത്. മാന്യതയോടെ പെരുമാറാനും സംസാരിക്കാനും ബോധവത്കരണവും ശാസ്ത്രീയമായ പരിശീലനവും ആവശ്യമാണ്.

Latest