Connect with us

Gulf

സൗമ്യതയോടെ, കൃത്യതയോടെ മറുപടി

Published

|

Last Updated

ദുബൈ എമിറേറ്റ്‌സ് ടവറില്‍ കൊച്ചി സ്മാര്‍ട് സിറ്റി ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി, എം എ യൂസുഫലി, സണ്ണിവര്‍ക്കി എന്നിവര്‍

ദുബൈ: ദുബൈ എമിറേറ്റ്‌സ് ടവറില്‍ കൊച്ചി സ്മാര്‍ട് സിറ്റി ബിസിനസ് മീറ്റിനിടെ പ്രവാസി മലയാളി വ്യവസായ വാണിജ്യ സംരംഭകരുടെ ചോദ്യങ്ങള്‍ക്ക് സൗമ്യതയോടെ കൃത്യമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈയടി നേടി.
സാധാരണക്കാരായ പ്രവാസികള്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ ആവശ്യമായ പരിശീലനം നല്‍കി അവസരങ്ങളൊരുക്കുമെന്ന് പ്രവാസിബന്ധു ചെയര്‍മാന്‍ കെ വി ഷംസുദ്ദീന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൊഴില്‍ തേടി വിദേശത്തേക്ക് എത്തുന്ന യുവാക്കളെ ലക്ഷ്യമിട്ട് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിദഗ്ധ തൊഴിലുകള്‍ക്ക് പ്രാവീണ്യം നേടുന്നതിന് പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി മറുപടിയായി കൂട്ടിചേര്‍ത്തു. സ്മാര്‍ട്‌സിറ്റി പൂര്‍ത്തീകരണത്തിന് കാലതാമസം നേരിട്ടത് ശരിയാണ്. ഗവണ്‍മെന്റ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദ്രുതഗതിയില്‍ ആക്കിയിട്ടുണ്ട്. ഇതുവരെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. പദ്ധതി പൂര്‍ണമായും എന്ന് പ്രവര്‍ത്തന ക്ഷമമാകും എന്നുള്ള കാര്യത്തില്‍ കൃത്യത വരുത്തിയിട്ടുണ്ടെന്ന് സ്മാര്‍ട്‌സിറ്റി പദ്ധതി കാല താമസം നേരിടുന്നതിനെ കുറിച്ചുള്ള സദസിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിന് പണം നിക്ഷേപിച്ചിട്ടുള്ളവര്‍ വിഷമിക്കേണ്ടതില്ല. അവിടെ പണം നിക്ഷേപിച്ചവര്‍ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റി നല്‍കും. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ അന്തിമ ഘട്ടത്തിലാണ്. വന്‍കിട സംരംഭകര്‍ സാധാരണക്കാരായ പ്രവാസി നിക്ഷേപകരുടെ നിക്ഷേപങ്ങളെ ഹൈജാക്ക് ചെയ്തു എന്നുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ വി എം സതീഷിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അതിവേഗ റെയില്‍ പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും ആവശ്യമുള്ളതിനാല്‍ റെയില്‍ പദ്ധതിയെ കുറിച്ച് കൂടുതലായി ഇപ്പോള്‍ പരാമര്‍ശിക്കുന്നില്ലന്നു സദസില്‍ നിന്നുയര്‍ന്നൊരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കും. വിഴിഞ്ഞം പദ്ധതി പ്രദേശത്തോട് ചേര്‍ന്നുള്ള തിരുവനന്തപുരം വിമാനത്താവളം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, നക്ഷത്ര ഹോട്ടലുകള്‍ തുടങ്ങിയ അനുകൂല ഘടകങ്ങള്‍ വിഴിഞ്ഞം പദ്ധതിയോടൊപ്പം കൂടുതല്‍ സംരംഭങ്ങള്‍ ആകര്‍ഷിക്കുന്നതിന് പ്രാപ്തമാക്കിയെടുക്കും. അതിനുള്ള പദ്ധതികളും രൂപരേഖകളും പ്രവാസി നിക്ഷേപകര്‍ സമര്‍പിച്ചാല്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് സദസിലെ മറ്റൊരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. നാഷണല്‍ ഹൈവേ 45 മീറ്ററില്‍ പൂര്‍ത്തീകരിക്കാന്‍ തന്നെയാണ് ഉദ്ദേശം. ഹൈവേക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ പകരമായി മികച്ച പുനരധിവാസ പദ്ധതികള്‍ ഏര്‍പ്പെടുത്തും. ദേശീയപാതക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നത് വേഗത്തിലാക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഹൈവേയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ അനുവദിക്കുന്നതിനെ കുറിച്ച് ഈ സര്‍ക്കാര്‍ ഇതുവരെ നയം രൂപീകരിച്ചിട്ടില്ല. എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ക്കെതിരാണ്. തത്കാലം അത്തരമൊരു സംരംഭത്തെ കുറിച്ച് ഈ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രൈവറ്റ് യുണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് സദസില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഭൂനികുതി, ഭൂമി രജിസ്‌ട്രേഷന്‍ എന്നിവ ഓണ്‍ലൈനിലൂടെ നടത്തിയെടുക്കാനും ഭൂമി രജിസ്‌ട്രേഷന് വേണ്ടുന്ന തുക പുതിയ സാമ്പത്തിക അന്തരീക്ഷമനുസരിച്ചു ബേങ്കില്‍ നിന്നുള്ള ഡ്രാഫ്റ്റുകള്‍ വഴി സ്വീകരിക്കാനുമുള്ള സൗകര്യങ്ങളൊരുക്കും. കൊച്ചി മെട്രോ പദ്ധതിയില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടും. സ്മാര്‍ട്‌സിറ്റിയുമായുള്ള കണക്ടിവിറ്റി കൂടുതല്‍ വിപുലപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. തൃശൂര്‍ വരെ സ്മാര്‍ട്‌സിറ്റിയുമായി ബന്ധിപ്പിക്കുന്ന പാത പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

Latest