Connect with us

Gulf

മാന്ദ്യകാലത്തും നിവര്‍ന്ന് പറക്കാന്‍ ഖത്വര്‍ എയര്‍വേയ്‌സ്

Published

|

Last Updated

ദോഹ: എണ്ണവിലക്കുറവുപ്പെടെയുള്ള പ്രതിസന്ധികളെത്തുടര്‍ന്ന് ഗള്‍ഫിലെ രണ്ട് പ്രധാന വിമാനക്കമ്പനികള്‍ ചെലവ് ചുരുക്കല്‍ നടപടികളിലേക്കു നീങ്ങുമ്പോള്‍ ഖത്വറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്വര്‍ എയര്‍വേയ്‌സ് വളര്‍ച്ചയുടെ പാതയില്‍.

ാത്രക്കാരുടെ കുറവ്, കറന്‍സി അസ്ഥിരത തുടങ്ങിയ വെല്ലുവിളികള്‍ കാരണം ഇത്തിഹാദ്, എമിറേറ്റ്‌സ് വിമാന കമ്പനികള്‍ ആയിരക്കണക്കിന് തൊഴിലാളികളെ ഒഴിവാക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, അടുത്ത വര്‍ഷം പുതിയ റൂട്ടുകളില്‍ തങ്ങള്‍ സേവനം തുടങ്ങാനിരിക്കുകയാണെന്ന് ഖത്വര്‍ എയര്‍വെയ്‌സ് വക്താവ് അറിയിച്ചതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബോയിങില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളതായും അവര്‍ വ്യക്തമാക്കി. കമ്പനി വളര്‍ച്ചയുടെ പാതയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഗള്‍ഫിലെ മൂന്ന് വമ്പന്‍ വിമാന കമ്പനികളില്‍ ഏറ്റവും പ്രായം കുറഞ്ഞതാണ് ഖത്വര്‍ എയര്‍വേയ്‌സ്. അവയില്‍ ഈ വര്‍ഷത്തെ ആദ്യ ആറു മാസം വികസനം ദൃശ്യമായ ഏക കമ്പനി ഖത്വര്‍ എയര്‍വെയ്‌സാണെന്ന് സി എ പി എ സെന്റര്‍ ഫോര്‍ ഏവിയേഷന്‍ വ്യക്തമാക്കി.
ഇത്തിഹാദിന്റെ വളര്‍ച്ചാ നിരക്കില്‍ കാര്യമായ കുറവ് അനുഭവപ്പെടുന്നതായി സി എ പി എ റിപോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ കമ്പനിയില്‍ അഴിച്ചുപണി നടത്തുന്നതായി അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് ഈയാഴ്ച ബ്ലൂംബര്‍ഗിനോട് വ്യക്തമാക്കിയിരുന്നു. വിവിധ ഡിപാര്‍ട്ട്‌മെന്റുകളിലായി 3000 പേരെ ഒഴിവാക്കാനാണ് ഇത്തിഹാദ് പദ്ധതിയിടുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. എക്കൗണ്ടിംഗ്, ഫിനാന്‍സ്, ഐ ടി തുടങ്ങിയ ഡിപാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ജീവനക്കാരെ ഒഴിവാക്കാന്‍ എമിറേറ്റ്‌സിന് പദ്ധതിയുള്ളതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക പ്രതിസന്ധി, ഭീകരാക്രമണത്തെക്കുറിച്ചുള്ള യാത്രക്കാരുടെ ആശങ്ക, കറന്‍സി അസ്ഥിരത തുടങ്ങിയ കാര്യങ്ങളാണ് ഗള്‍ഫിലെ വിമാന കമ്പനികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. യൂറോപ്യന്‍ റൂട്ടുകളില്‍ പലതിലും സീറ്റുകള്‍ കാലിയായാണ് വിമാനങ്ങള്‍ ഓടുന്നത്. ഇതു മൂലം എമിറേറ്റ്‌സ്, ഇത്തിഹാദ് വിമാനങ്ങള്‍ നിരക്ക് കുറക്കാന്‍ നിര്‍ബന്ധിതരായി.

Latest