Connect with us

Gulf

പുതിയ ആറ് ഇന്ത്യന്‍ സ്‌കൂളുകള്‍ അടുത്ത വര്‍ഷം

Published

|

Last Updated

ദോഹ: രാജ്യത്ത് അടുത്ത അധ്യയന വര്‍ഷം പുതിയ ആറു ഇന്ത്യന്‍ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌കൂള്‍ ഓഫീസ് ഡയറക്ടര്‍ ഹമദ് അല്‍ ഗാലി അറിയിച്ചു. ഇന്ത്യന്‍ സ്‌കൂളില്‍ സീറ്റുകളുടെ കുറവുമൂലം ഇന്ത്യന്‍ പ്രവാസി നേരിടുന്ന പ്രയാസം ശ്രദ്ധയില്‍ കണക്കിലെടുത്താണ് പുതിയ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിതായി പെനിന്‍സുല പത്രം റിപ്പേര്‍ട്ട് ചെയ്തു.

അടുത്ത അധ്യനവര്‍ഷത്തെ പ്രവേശനത്തിനായി ഇന്ത്യന്‍ സ്‌കൂളുകളില്‍ പരിമിതമായ സീറ്റുകളാണുള്ളത്. ഇത് രക്ഷിതക്കളെ സമ്മര്‍ദത്തിലാക്കുന്നു. അനുവദിക്കപ്പെട്ടതിേക്കാള്‍ കൂടുതല്‍ കട്ടികളുള്ള സാഹചര്യത്തില്‍ ഈ വര്‍ഷം രണ്ട് ഇന്ത്യന്‍ സ്‌കൂളുകളോട് പ്രവേശനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എം ഇ എസ്, ഐഡിയല്‍ സ്‌കൂളുകള്‍ക്കാണ് നിര്‍ദേശം. സുരക്ഷ പരിഗണിച്ചാണ് നിയന്ത്രണമെന്നും ദ്ദദ്ദേഹം വ്യക്തമാക്കി. എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ നിലവില്‍ 8000ത്തോളം വിദ്യാര്‍ഥികളുണ്ട്. സ്‌കൂളിന്റെ അനുവദനീയമായ ശേഷി 5000 ആണ്. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ 6000 വിദ്യാര്‍ഥികളുണ്ട്. 2800 വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് സ്‌കൂളിനുള്ളത്. അനുവദിക്കപ്പെട്ടതിനേക്കാള്‍ ഇരട്ടിയിലധികം വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. 2017-18 അധ്യയനവര്‍ഷത്തില്‍ പുതിയ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ മറ്റൊരു സ്വകാര്യ സ്‌കൂളിനും അനുമതി നിഷേധിച്ചിട്ടില്ല.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഖത്വറിലെ മിക്ക സ്വകാര്യ സ്‌കൂളുകളിലും പ്രവേശനത്തിന് വന്‍ തിരക്കാണ്. പ്രവാസി സ്‌കൂളുകളില്‍ നിലവിലുള്ള സീറ്റുകളുടെ മൂന്നും നാലും ഇരട്ടിയാണ് ആവശ്യക്കാര്‍. പ്രവാസി കമ്യൂണിറ്റി സ്‌കൂളുകളിലും പ്രവേശനത്തിന് വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇന്ത്യന്‍ സ്‌കൂളുകളിലാണ് ഏറ്റവുമധികം തിരക്കുള്ളത്. ഖത്വറില്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളാന്‍ ഇത്തവണയും ഇന്ത്യന്‍ സ്‌കൂളുകള്‍ക്കാവില്ലെന്നാണ് സൂചനകള്‍. ഏപ്രിലിലാണ് ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നത്.

കിന്റര്‍ഗാര്‍ട്ടനുകളിലേക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചെങ്കിലും സീറ്റു കിട്ടുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണെന്ന് ഒരു രക്ഷിതാവ് പ്രതികരിച്ചു. കെ ജി വിഭാഗത്തില്‍ പ്രവേശനത്തിനായി അപേക്ഷിച്ച നിരവധി കുട്ടികളുടെ രക്ഷിതാക്കള്‍ നിരാശരായി മടങ്ങുകയാണ്. കുട്ടിക്ക് സീറ്റ് ലഭിക്കുന്നതിനായി കഴിഞ്ഞ മൂന്നു മാസമായി കാത്തിരിക്കുകയാണെന്നും വിവിധ ഇന്ത്യന്‍ സ്‌കൂളുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഒരു ഇന്ത്യന്‍ രക്ഷിതാവ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ബിര്‍ള പബ്ലിക് സ്‌കൂളില്‍ പുതിയ പ്രവേശനത്തിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകം സര്‍വീസ് ലഭ്യമല്ലാതായി. കുറച്ചു സമയങ്ങള്‍ക്കുശേഷം വീണ്ടും വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ സീറ്റുകളെല്ലാം ഫില്ലായി എന്ന അറിയിപ്പാണ് കണ്ടത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി പതിനഞ്ച് മിനിറ്റുകള്‍ക്കകം 165 ആപ്ലിക്കേഷനുകള്‍ ലഭിച്ചതായി ബിര്‍ള സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ കെ ശ്രീവാസ്തവ പറഞ്ഞു. തങ്ങളുടെ ശേഷിക്കപ്പുറം പോകാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മിക്ക സ്‌കൂളുകളിലും നിലവില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സഹോദരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയ നശേഷമാണ് മറ്റു വിദ്യാര്‍ഥികളെ പരിഗണിക്കുന്നത്. ഇതുകാരണം തന്റെ കുട്ടിക്ക് കഴിഞ്ഞവര്‍ഷം കെ ജിയില്‍ പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് കുട്ടിയെ പ്ലേ സ്‌കൂളിലേക്ക് അയയ്ക്കുകയായിരുന്നു. ഈ വര്‍ഷം കെ ജിയിലേക്ക് പ്രവേശനം തേടിയെങ്കിലും കഴിഞ്ഞ വര്‍ഷം ലഭിച്ച അതേ മറുപടിയാണ് ലഭിച്ചതെന്നും മറ്റൊരു രക്ഷിതാവ് പറഞ്ഞു. 600ലധികം അപേക്ഷകള്‍ ലഭിച്ചതോടെ കെ ജി വണ്ണിലേക്കുള്ള പ്രവേശനം നിര്‍ത്തിയതായി ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശഹാബുദ്ദീന്‍ പറഞ്ഞു. കെ ജി വണ്ണില്‍ നാലു ഡിവിഷനുകളാണുള്ളത്. ഓരോ ഡിവിഷനിലും 30 വിദ്യാര്‍ഥികളെ മാത്രമെ ഉള്‍ക്കൊള്ളിക്കാനാകൂ. ആകെ 120 വിദ്യാര്‍ഥികള്‍ക്ക് മാത്രമെ പ്രവേശനം നല്‍കാന്‍ കഴിയൂ.

 

Latest