ബന്ധുനിയമനം; ഉമ്മന്‍ചാണ്ടിയടക്കം പത്തുപേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

Posted on: December 23, 2016 6:36 pm | Last updated: December 24, 2016 at 10:42 am

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം പത്ത് മുന്‍മന്ത്രിമാര്‍ക്കെതിരെ അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ഫെബ്രുവരി ആറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യണോ എന്ന കാര്യം തീരുമാനിക്കും.

മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.എം. മാണി, വി.എസ്. ശിവകുമാര്‍, അനൂപ് ജേക്കബ്, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ്, എന്നിവരുടെ ബന്ധുക്കളെ യോഗ്യതയില്ലാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടസ്ഥാനത്തിലാകും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണോ എന്ന കാര്യം തീരുമാനിക്കുക.
നേരത്തെ ബന്ധുനിയമനത്തിന്റെ പേരില്‍ പിണറായി സര്‍ക്കാരിലെ വ്യവസായമന്ത്രിയായിരുന്ന ഇ.പി ജയരാജന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുമുണ്ട്. ഇതിന് പിന്നാലെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ബന്ധുനിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ലഭിച്ചത്.