Connect with us

Eranakulam

വഖ്ഫ് ബോര്‍ഡിലെ അനധികൃത നിയമനം അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്‌

Published

|

Last Updated

കൊച്ചി: സംസ്ഥാന വഖ്ഫ് ബോര്‍ഡിലെ അനധികൃത നിയമനങ്ങളും അഴിമതിയും സാമ്പത്തിക നഷ്ടങ്ങളും അന്വേഷിക്കുന്നതിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. കേരള വഖ്ഫ് സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്റ് ടി എം അബ്ദുസ്സലാം സമര്‍പ്പിച്ച പരാതിയില്‍ വിജിലന്‍സ് ജഡ്ജി പി മാധവനാണ് ഉത്തരവിട്ടത്. സമാന പരാതി വിജിലന്‍സ് ഡയറക്ടര്‍ മുമ്പാകെ സമര്‍പ്പിച്ചിരുന്നുവെങ്കിലും അന്വേഷണം തുടങ്ങാന്‍ വൈകിയതാണ് വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ കാരണമായതെന്ന് പരാതിക്കാര്‍ പറഞ്ഞു.

പരാതി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് എറണാകുളം വിജിലന്‍സ് എസ് പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതി അന്വേഷിച്ചുവരികയാണെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് കോടതി മുമ്പാകെ സമര്‍പ്പിച്ച പരാതിയും അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഹൈക്കോടതിയും സര്‍ക്കാറും സ്ഥിരപ്പെടുത്തരുതെന്ന് നിര്‍ദേശിച്ച അഞ്ച് പേരെ നിയമവിരുദ്ധമായി വഖ്ഫ് ബോര്‍ഡ് സ്ഥിരപ്പെടുത്തി, സര്‍ക്കാര്‍ ഖജനാവിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കി, യോഗ്യതയില്ലാത്തവരെ നിയമവിരുദ്ധമായി ബോര്‍ഡില്‍ നിയമിച്ചു, ഇല്ലാത്ത തസ്തികകളില്‍ സ്വന്തക്കാരെ നിയമിച്ചു, പ്രായപരിധി കഴിഞ്ഞവരെ നിയമിച്ചു, കേന്ദ്ര വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര വഖ്ഫ് കൗണ്‍സിലില്‍ നിന്ന് ലോണ്‍ അനുവദിക്കുന്നതില്‍ ക്രമക്കേട് തുടങ്ങിയ പരാതികളാണ് വഖ്ഫ് സംരക്ഷണ വേദി ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെയുള്ള സ്‌ട്രെഗ്തനിംഗ് ഓഫ് സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് പദ്ധതി പ്രകാരം സഹായം സ്വീകരിച്ച് തുക വകമാറ്റി ഉപയോഗിച്ചതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest