Connect with us

International

അമേരിക്കയോട് സഹകരിക്കാമെന്ന് ചൈന

Published

|

Last Updated

ബീജിംഗ്: ഇരുപക്ഷത്തിന്റെയും അടിസ്ഥാന താത്പര്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നല്ല ബന്ധം സാധ്യമാണെന്ന് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സങ്കീര്‍ണമാണെന്ന് സമ്മതിച്ച ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി സഹകരണത്തിന്റെ സാധ്യതകള്‍ കണ്ടെത്താനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ തായ്‌വാന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കുകയും ചെയ്തു.

തായ്‌വാന്‍ ചൈനയുടെ പരമാധികാരത്തിലാകണോ വേണ്ടയോ എന്ന കാര്യത്തില്‍ അമേരിക്ക ഇടപെടുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നു. തായ്‌വാനുമായി 1979 മുതല്‍ അമേരിക്കക്ക് അനൗദ്യോഗിക ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തായ്‌വാനെ ചൈനയുടെ ഭാഗമായി അംഗീകരിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. ഈ നില മാറ്റുമെന്നാണ് ട്രംപ് പറയുന്നത്. യെന്നിന്റെ മൂല്യം സംരക്ഷിക്കുന്ന ചൈനയുടെ നയത്തിലും ഇറക്കുമതി തീരുവ കുത്തനെ കൂട്ടുന്ന നയത്തിലും അമേരിക്കക്ക് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ അമേരിക്കയും അതേ സംരക്ഷണ നയമാണ് തുടരുന്നതെന്ന് ചൈനയും ആരോപിക്കുന്നു. ദക്ഷിണ ചൈനാ കടലിലെ തര്‍ക്കത്തിലും ഉത്തര കൊറിയയുമായുള്ള ബന്ധത്തിലുമെല്ലാം ചൈനയുമായി അമേരിക്കക്ക് ഭിന്നതയുണ്ട്.

Latest