സഊദിയില്‍ പ്രവാസികള്‍ക്ക് നികുതി

Posted on: December 22, 2016 11:40 pm | Last updated: December 23, 2016 at 9:13 am

റിയാദ്: സഊദി അറേബ്യയില്‍ പ്രവാസികള്‍ക്ക് പ്രതിമാസം 700 റിയാല്‍ വരെ നികുതി ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദേശം.
ആശ്രിത വീസയിലുള്ളവര്‍ക്ക് പ്രതിമാസം 200 മുതല്‍ 400 റിയാല്‍ വരെയാണ് നികുതി. 2017 ലെ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം ധനമന്ത്രാലയം മുന്നോട്ടു വച്ചിരിക്കുന്നത്. പുതിയ നീക്കം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ പ്രതികൂലമായി ബാധിക്കും.

സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സ്വദേശികളെ കൂടുതല്‍ നിയമിക്കുന്ന കമ്പനികള്‍ക്ക് ഇളവു നല്‍കാനും നിര്‍ദേശമുണ്ട്. പ്രവാസികളുടെ വരുമാനം അനുസരിച്ച് മൂന്നു സ്ലാബുകളില്‍ നികുതി ഏര്‍പെടുത്തും. സ്വദേശികള്‍ കൂടുതലുള്ള കമ്പനികളില്‍ നികുതി കുറവും, സ്വദേശികള്‍ കുറവുള്ള സ്ഥാപനങ്ങളില്‍ നികുതി കൂടുതലും ഏര്‍പ്പെടുത്താനുമാണ് നിര്‍ദേശം. ഇതുവഴി പ്രതിവര്‍ഷം 24,000 കോടി സൗദി റിയാല്‍ സമ്പാദിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 5,300 കോടി ഡോളര്‍ കമ്മി ബജറ്റാണ് ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ അവതരിപ്പിച്ചത്. 23700 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.