രാഹുലിനെയും മന്‍മോഹനേയും വിമര്‍ശിച്ച് മോദി; തിരിച്ചടിച്ച് രാഹുൽ

Posted on: December 22, 2016 12:11 pm | Last updated: December 22, 2016 at 11:57 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനേയും വിമര്‍ശിച്ച് പ്രധാനമന്ത്രി മോദി. തന്നെ വിമര്‍ശിക്കാനാണെങ്കിലും രാഹുല്‍ നല്ല രീതിയില്‍ പ്രസംഗിക്കാന്‍ പഠിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. താന്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്നാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍ ഒരു ഭൂകമ്പവും ഉണ്ടായില്ല. യഥാര്‍ഥ ഭൂകമ്പം വരാനിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വരാണാസിയില്‍ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനേയും മോദി വിമര്‍ശിച്ചു. ക്യാഷ്‌ലെസ് എകണോമിയിലേക്ക് മാറാന്‍ രാജ്യം പാകപ്പെട്ടിട്ടില്ലെന്നാണ് മന്‍മോഹന്‍ പറയുന്നത്. അതിന് ആരാണ് ഉത്തരവാദിയെന്ന് കൂടി അദ്ദേഹം പറയണം. പത്ത് വര്‍ഷത്തോളം രാജ്യം ഭരിച്ചിട്ടും സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്താന്‍ മന്‍മോഹന്‍ ഒന്നും ചെയ്തില്ല. പാക്കിസ്ഥാന്‍ തീവ്രവാദികളെ സംരക്ഷിക്കുന്നത് പോലെയാണ് കോണ്‍ഗ്രസ് കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതെന്നും മോദി വിമര്‍ശിച്ചു.

പരഹിസിച്ചോളൂ, പക്ഷേ ചോദ്യങ്ങൾക്ക് മറുപടി വേണം: രാഹുൽ

അതേസമയം, പ്രധാനമന്ത്രിക്ക് ചുട്ട മറുപടിയുമായി രാഹുൽ രംഗത്ത് വന്നു. തന്നെ പരിഹസിച്ചോളു എന്നാൽ താൻ ഉയർത്തിയ ചോദ്യങ്ങൾക്ക്​ മോദി മറുപടി പറയണമെന്നായിരുന്നു രാഹുലിന്റെ മറുപടി.

അധികാര​ത്തിലെത്തിയ ശേഷം മോദി എത്ര കള്ളപണക്കാരെ അറസ്​റ്റ്​ ചെയ്​തുവെന്ന്​ രാഹുൽ ​ചോദിച്ചു. വിജയ്​ മല്യയും, ലളിത്​ മോഡിയും ഉൾപ്പടെയുള്ളവരെ രക്ഷപ്പെടുത്തുകയാണ്​ മോദി ചെയ്​തതെന്നും രാഹുൽ കുറ്റപ്പെടുത്തി.