അറബി സംസാരിച്ചതിന് യുവാവിനെ വിമാനത്തില്‍ നിന്ന് പുറത്താക്കി

Posted on: December 22, 2016 8:56 am | Last updated: December 22, 2016 at 12:12 pm

ന്യൂയോര്‍ക്ക്: വിമാനത്തിലിരുന്ന് അറബിയില്‍ സംസാരിച്ചതിന് യൂട്യൂബ് സ്റ്റാറിനെ വിമാനത്തില്‍ നിന്ന് പുറത്താക്കി. യെമനി-അമേരിക്കന്‍ വംശജനായ ആദം സലെയാണ് പ്രമുഖ അമേരിക്കന്‍ വിമാന കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സില്‍ നിന്ന് പുറത്താക്കിയത്.

ഞങ്ങള്‍ ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നവരാണെന്നാണ് ഇവര്‍ പറയുന്നതെന്നും താടിയുള്ളതിന്റെ പേരില്‍ തന്നെ വംശീയവാദിയായി വിമാനത്തിലുണ്ടായിരുന്ന ചിലര്‍ ചിത്രീകരിച്ചെന്നും സലെ പറയുന്നു. ഡെല്‍റ്റ എയര്‍ലൈന്‍സിനെ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടുള്ള സലെയുള്ള ട്വിറ്റ് രണ്ട് ലക്ഷത്തോളം പേരാണ് റീ ട്വിറ്റ് ചെയ്തത്.

വിമാനത്തിലുണ്ടായിരുന്ന നിരവധി പേര്‍ തനിക്ക് പിന്തുണയുമായി രംഗത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരില്‍ മണിക്കൂറുകള്‍ വൈകിച്ച് തന്നെ കര്‍ശന പരിശോധന നടത്തിയാണ് മറ്റൊരു വിമാനത്തില്‍ യാത്രനടത്താന്‍ അനുവദിച്ചതെന്നും സലെ പറഞ്ഞു.

എന്നാല്‍ വിമാനത്തില്‍ അനാവശ്യമായി ബഹളം വെച്ചതിനാണ് സലെയെ പുറത്താക്കിയതെന്നാണ് ഡെല്‍റ്റ എയര്‍ലൈന്‍സ് പറയുന്നത്. യൂട്യൂബ് വിഡിയോകളിലൂടെ പ്രശസ്തനായ ആദം സലെക്ക് 22 ലക്ഷത്തിലധികം ഓണ്‍ലൈന്‍ ഫോളോവേഴ്‌സുണ്ട്.