Connect with us

Editorial

തീവണ്ടി യാത്രക്കാര്‍ക്കും അധിക ഭാരം

Published

|

Last Updated

റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ പ്രകടമായിത്തുടങ്ങി. റെയില്‍വേ സബ്‌സിഡി വെട്ടിച്ചുരുക്കി യാത്രാ, ചരക്ക് നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ മുന്നോടിയായി നിരക്ക് വര്‍ധന തീരുമാനിക്കുന്നതിന് ഒരു സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തും. ഇതു സംബന്ധിച്ച ശിപാര്‍ശ റെയില്‍വേ മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടനെ സമര്‍പ്പിക്കും. ചെയര്‍മാനും നാല് അംഗങ്ങളും അടങ്ങുന്നതായിരിക്കും സമിതി. ഏജന്‍സിയെ നിയമിക്കുന്നത് സംബന്ധിച്ച് നിതി ആയോഗില്‍ നിന്നും, റെയില്‍വേക്ക് പ്രത്യേക ബജറ്റ് ഇല്ലാതായതോടെ പദ്ധതി വിഹിതത്തില്‍ ഗണ്യമായ കുറവ് വരുന്ന സാഹചര്യത്തിലാണ് സബ്‌സിഡി ഒഴിവാക്കി നിരക്കുകള്‍ ഏകീകരിക്കാനുളള തീരുമാനത്തിലെത്തിയത്. തീവണ്ടിയില്‍ സാധാരണക്കാര്‍ യാത്ര ചെയ്യുന്ന ജനറല്‍, സ്ലീപ്പര്‍ ക്ലാസുകളിലെ ടിക്കറ്റ് നിരക്കും സാമ്പത്തിക ശേഷിയുള്ളവര്‍ യാത്ര ചെയ്യുന്ന എ സി ക്ലാസുകളിലെ ടിക്കറ്റ് നിരക്കും തമ്മില്‍ വലിയ അന്തരമുണ്ട്. തീവണ്ടി ഓടിക്കാന്‍ വരുന്ന യഥാര്‍ഥ ചെലവിന്റെ 34 ശതമാനം വരെ നിരക്കിലാണ് ജനറല്‍, സ്ലീപ്പര്‍ ക്ലാസുകളിലെ ടിക്കറ്റ് നല്‍കുന്നത്. എ സി ക്ലാസുകളില്‍ ഇത് 69 ശതമാനം വരെയാണ്. നിരക്ക് ഘടന പുനഃരേകീകരിച്ച് വിപണിക്കനുസരിച്ച് പുതുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണ യാത്രക്കാര്‍ക്ക് നല്‍കുന്ന സബ്‌സിഡിക്ക് പുറമെ വയോധികര്‍, ഭിന്നശേഷിക്കാര്‍, ജനപ്രതിനിധികള്‍, സൈനികര്‍, സ്വാതന്ത്ര്യസമര സേനാനികള്‍, അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ജേതാക്കള്‍ തുടങ്ങി 55 വിഭാഗം ആളുകള്‍ക്ക് യാത്രാക്കൂലിയില്‍ കൂടുതല്‍ ഇളവ് നല്‍കുന്നുണ്ട്. ഇവരുടെ എണ്ണം പരമാവധി ചുരുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഈയിനത്തില്‍ ഒരു വര്‍ഷം 1600 ഓളം കോടി രൂപയുടെ ബാധ്യത വരുന്നുണ്ടെന്നാണ് അധികൃതരുടെ ഭാഷ്യം. ആശുപത്രികള്‍ തുടങ്ങിയ സാമൂഹിക ഉത്തരവാദിത്തങ്ങളില്‍നിന്ന് പിന്മാറാനും മന്ത്രാലയത്തിന് ആലോചനയുണ്ട്. സ്ഥാപനം വന്‍നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന പ്രചണ്ഡമായ പ്രചാരണം ഇതിന്റെയെല്ലാം മുന്നോടിയാണ്.

ലോകത്ത് ഏറ്റവും തിരക്കേറിയതും വലുതുമായ ഗതാഗത സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. 63,130 കോടി കി. മീറ്റര്‍ വരുന്ന രാജ്യത്തെ റെയില്‍വേ പാതക്ക് ദൈര്‍ഘ്യത്തില്‍ ലോകത്ത് നാലാം സ്ഥാനമുണ്ട്. 16 ലക്ഷത്തോളം പേര്‍ തൊഴിലെടുക്കുന്ന സ്ഥാപനം രാജ്യത്തെ തൊഴില്‍ ദാതാക്കളില്‍ എട്ടാം സ്ഥാനത്താണ്. നിലവില്‍ ദിനേന രണ്ടര കോടിയിലേറെ പേര്‍ യാത്ര ചെയ്യുന്ന റെയില്‍വേയുടെ പ്രതിവര്‍ഷ വരുമാനം 4,67,850 കോടി വരും. സാധാരണക്കാരുടെ ആശ്രയമായ റെയില്‍വേയെ ലാഭാധിഷ്ഠിത കുത്തക സ്ഥാപനമാക്കുകയാണ് സബ്‌സിഡി എടുത്തു കളയുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. റെയില്‍വേക്ക് പ്രത്യേക ബജറ്റ് വേണ്ടെന്ന നിതിആയോഗിന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചപ്പോള്‍ ഇത്തരമൊരു പ്രത്യാഘാതം പലരും ചൂണ്ടിക്കാട്ടിയതാണ്. പാര്‍ലമെന്റിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കുക പോലും ചെയ്യാതെ കേന്ദ്രമന്ത്രി സഭ ഏകപക്ഷീയമായാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

വാണിജ്യസ്ഥാപനമെന്നതിലുപരി, നിര്‍ധനര്‍ക്കും സാധാരണക്കാര്‍ക്കും ആശ്രയിക്കാവുന്ന യാത്രാസംവിധാനമെന്ന നിലയില്‍ സേവന മേഖല എന്ന പരിഗണന കൂടിയുണ്ടായിരുന്നു ഇതുവരെയും റെയില്‍വേക്ക്. ക്ഷേമ രാഷ്ട്രമെന്ന സങ്കല്‍പത്തിന്റെ ഭാഗം കൂടിയാണിത്. സബ്‌സിഡി എടുത്തുകളയുന്നതോടെ അത് നഷ്ടമാകുകയാണ്. യഥാര്‍ഥത്തില്‍ സബ്‌സിഡിയല്ല, കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് റെയില്‍വേയുടെ നഷ്ടത്തിന് കാരണം. ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന വന്‍കിട കമ്പനികള്‍ നികുതിയിനത്തില്‍ വെട്ടിച്ച തുക പിരിച്ചെടുത്തിരുന്നുവെങ്കില്‍ നിരക്ക് വര്‍ധന കൂടാതെ തന്നെ പരിഹരിക്കാമായിരുന്നതാണ് റെയില്‍വേയുടെ നഷ്ടം. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം സി ബി ഐയും കസ്റ്റംസും നടത്തിയ അന്വേഷണത്തില്‍, ആഭ്യന്തര ഉപയോഗത്തിനെന്ന പേരില്‍ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന ഒമ്പത് കമ്പനികള്‍ റെയില്‍വെ അധികൃതരെ വഞ്ചിച്ചു അര ലക്ഷം കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ഗജ്ജാര്‍ പ്രക്ഷോഭം റെയില്‍വേക്ക് വരുത്തിയ നഷ്ടം സഹസ്ര കോടികളുടേതായിരുന്നു. അധികൃതരുടെ പിടിപ്പുകേടും വഴിവിട്ട പ്രക്ഷോഭങ്ങളും വരുത്തി വെച്ച നഷ്ടം റെയില്‍വേ യാത്രക്കാര്‍ വഹിക്കണമെന്നാണോ മോദി സര്‍ക്കാര്‍ പറയുന്നത്? നിരക്ക് കുറഞ്ഞ ഗതാഗത സംവിധാനമെന്ന നിലയിലാണ് യാത്രക്കാരിലേറെയും റെയില്‍വേയെ ആശ്രയിക്കുന്നത്. സബ്‌സിഡി നിര്‍ത്തലാക്കി നിരക്ക് കുത്തനെ ഉയര്‍ത്തുമ്പോള്‍ അവര്‍ റോഡ് ഗതാഗത മാര്‍ഗങ്ങള്‍ അവലംബിക്കുകയും റെയില്‍വേയുടെ വരുമാനത്തില്‍ ഇടിവ് സംഭവിക്കുകയും ചെയ്യും. സാധാരണക്കാരായ യാത്രക്കാരുടെ മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കാതെ സ്ഥാപനത്തെ മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളാണ് കണ്ടെത്തേണ്ടത്.

Latest