കമല്‍, നദീര്‍: അതിവാദങ്ങള്‍ക്കും വിധേയത്വത്തിനുമപ്പുറം

Posted on: December 22, 2016 6:00 am | Last updated: December 22, 2016 at 10:56 am

പോലീസ് ചെയ്യുന്നതെല്ലാം ഇടതുപക്ഷ ഭരണത്തിന്റെ ഉത്തരവാദിത്വത്തില്‍ വരുമെന്ന് ഭരണകൂടത്തെക്കുറിച്ചുള്ള സൂക്ഷ്മകാഴ്ചപ്പാട് പുലര്‍ത്തുന്നവര്‍ക്ക് അംഗീകരിക്കാനാകില്ല. ഭരണകൂടം പ്രവര്‍ത്തിക്കുന്നത് അതിന്റേതായ പ്രത്യയശാസ്ത്ര അടിത്തറയിലാണ്. അതൊരിക്കലും ഇടതുപക്ഷത്തിന്റേതല്ല. ഇന്നത് കൂടുതല്‍ കൂടുതല്‍ സംഘ്പരിവാര്‍ യുക്തികളെയാണ് സ്വാംശീകരിക്കുന്നത്. രാജ്യസ്‌നേഹവും ദേശീയതയും എല്ലാം പ്രശ്‌നവത്കരിച്ച് യുദ്ധ സമാനമായ ഭയം പൗരന്മാരില്‍ അടിച്ചേല്‍പ്പിക്കുന്ന ഫാസിസ്റ്റ്‌വത്കരണത്തിന്റെ നടത്തിപ്പുകാര്‍ക്ക് നമ്മുടെ കോടതികള്‍ പോലും പാകപ്പെടുന്നതാണ് സമീപകാല അനുഭവങ്ങള്‍. അതുകൊണ്ട് സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടപ്രത്യയശാസ്ത്രത്തിനെതിരായ പ്രതിബോധത്തിന് നേതൃത്വം നല്‍കാന്‍ മുഴുവന്‍ ജനാധിപത്യവാദികളും രംഗത്തിറങ്ങേണ്ട ഒരു കാലമാണിത്.
കമല്‍ സി ചവറയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രതികരണങ്ങള്‍ അതിവൈകാരികതകൊണ്ട് യഥാര്‍ഥപ്രശ്‌നങ്ങളെ തിരിച്ചറിയാനാവാതെ കേവലം ‘പിണറായി വിരുദ്ധത’യിലേക്ക് ചുരുങ്ങുന്നുവെന്നത് ഖേദകരമാണ്. നമ്മുടെ പൊതുബോധത്തിലേക്ക് അക്രമോത്സുകമായി സന്നിവേശിപ്പിക്കുന്ന ഫാസിസ്റ്റ് യുക്തികളും അതിന് ഭയാനകമായ രീതിയില്‍ ഇന്ന് കൈവരിക്കാന്‍ കഴിയുന്ന മേല്‍കോയ്മയും അവഗണിച്ചുകൊണ്ട് ശൂന്യതയില്‍ വാള്‍വീശുന്ന അതിവൈകാരികത ആത്യന്തികമായി സംഘ്പരിവാറിന്റെ കുഴലൂത്തായേ പരിണമിക്കൂ.
കമല്‍ സി ചവറയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഇടപെട്ട ഒരാളാണ് ഞാന്‍. സുഹൃത്ത് സന്തോഷ് പാലക്കടയുമൊത്ത് സ്റ്റേഷനിലെത്തിയപ്പോള്‍ അസ്വസ്ഥാജനകമായ അന്തരീക്ഷമായിരുന്നു അവിടെ. കമലിനെ എനിക്ക് പരിചയമില്ല. പോലീസ് സ്റ്റേഷന്റെ മുന്നില്‍ കൂടിയ കമലിന്റെ സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ സി പി എം നേതാക്കളുമായി ബന്ധപ്പെടുകയും അവര്‍ നേരിട്ട് സി ഐയെ വിളിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കമലിനെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതും വിട്ടയക്കുന്നതും. യുവമോര്‍ച്ചയുടെ ഒരു കടലാസുതുണ്ട് പരാതിക്ക് പിന്നാലെ പേനായ്ക്കളെപ്പോലെ കിതച്ചോടുന്ന പോലീസിന്റെ രാജ്യസ്‌നേഹം ഗൗരവമായ ചികിത്സ ആവശ്യപ്പെടുന്നത് തന്നെയാണ്. എന്നാല്‍ പോലീസ് നല്‍കുന്ന സര്‍ക്കുലര്‍ ഏറ്റുപറയുകയല്ല ഇടതുപക്ഷം ചെയ്തത് എന്ന യാഥാര്‍ഥ്യം ചിലര്‍ ശ്രദ്ധാപൂര്‍വം മറച്ചുപിടിക്കുന്നു. പ്രത്യേകിച്ചും പ്രസ്തുത പ്രശ്‌നത്തില്‍ ഇടപ്പെട്ട ഷഫീക്കിനെപ്പോലുള്ളവര്‍. കമലിനെ ഹോസ്പിറ്റലിലേക്ക് മാറ്റിയശേഷവും ഷഫീക്ക് പോലീസ് സ്റ്റേഷനകത്ത് തന്നെയാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ സി ഐയെ കണ്ട് സംസാരിക്കുകയുണ്ടായി. എന്റെയും സുഹൃത്തായ സജ്ഞയന്റെയും ജാമ്യത്തിലാണ് ഷഫീക്ക് പുറത്തിറങ്ങിയത്. ഞാന്‍ നേരത്തെ പറഞ്ഞു എനിക്ക് കമലിനെ അറിയില്ലായെന്ന്. എനിക്ക് പരിചയമില്ലാത്ത ഒരെഴുത്തുകാരനെ അറസ്റ്റ് ചെയ്തപ്പോള്‍ അവിടെ ഓടിയെത്താനും ഇടപെടാനും എന്നെ പ്രേരിപ്പിച്ചതും ഞാന്‍ നല്‍കിയ വിവരമനുസരിച്ച് സ്റ്റേഷനില്‍ ഇടപെടാന്‍ നേതാക്കള്‍ ശ്രമിച്ചതും ചിലര്‍ പുച്ഛിച്ചുതള്ളുന്ന ഇടതുപക്ഷരാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. അത് കാണാതെ ചിലര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധങ്ങള്‍ മാത്രമാണ് പ്രധാനം എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് ഒരു ഹരമായിരിക്കുമെങ്കിലും സാമൂഹ്യപരിസരത്തിന് ഒരു ഗുണവും ചെയ്യില്ല.

രണ്ടാമത് നദീര്‍. എന്റെ കൂടി സുഹൃത്താണ്. നദീറിനെ പോലീസ് പിടികൂടിയത് മുതല്‍ ഞാന്‍ അതിന്റെ പിറകെയായിരുന്നു. ഒരുപാട് സി പി എം നേതാക്കളുമായി ഞാന്‍ സംസാരിച്ചു. അവരും അതിന്റെ പിറകെയായി. പ്രസ്തുത കേസ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത വ്യാജ കേസാണ്. അവരാണ് യു എ പി എ ചുമത്തിയത്. കണ്ടാലറിയാവുന്ന മൂന്നുപേരിലേക്ക് അവനെ വലിച്ചെറിയുകയായിരുന്നു പോലീസ്. വലിയ രീതിയിലുള്ള ഇടപെടലുകളാണ് ഈ പ്രശ്‌നത്തിലുണ്ടായത്. ഭരണം ഒരുമിച്ചു തന്നെ ഇടപെട്ടു. ഇപ്പോള്‍ നദീര്‍ കേസില്‍നിന്ന് പരിപൂര്‍ണ സ്വാതന്ത്രനായി. യു ഡി എഫാണ് കേരളം ഭരിക്കുന്നത് എങ്കില്‍ ഇപ്പോഴും ജയിലില്‍ തന്നെയായിരിക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ലായെന്നു കരുതുന്നു. ഇടതുപക്ഷം ഭരണകൂടത്തിന്റെ ഒപ്പമല്ലായെന്നും അത് ജനാധിപത്യബോധത്തിന്റെ പ്രത്യാശയാണെന്നും വീണ്ടും ഉറപ്പിക്കുകയാണ് ചെയ്തത്. പലര്‍ക്കുമതില്‍ മോഹഭംഗമുണ്ടായേക്കാം. എന്നാല്‍ ഒരു പകര്‍ച്ചവ്യാധിയെപ്പോലെ പടര്‍ന്ന് പിടിക്കുന്ന ‘ഭയ’ത്തില്‍ നിന്ന് കുതറിമാറാനുള്ള പ്രത്യാശയുടെ ആവേശകരമായ അനുഭവമായിട്ടായിരിക്കും ചരിത്രം ഇത് രേഖപ്പെടുത്തുക.
ഇത്രയും പറയുമ്പോള്‍, ഈ പ്രശ്‌നത്തിലുള്ള പൊതുപ്രതികരണങ്ങളെ നിസാരവത്കരിക്കുന്നില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. സാംസ്‌കാരിക രംഗം പൊടുന്നനെ പ്രകടമാക്കിയ ജാഗ്രത തന്നെയാണ് വളരെപെട്ടെന്ന് സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കിയത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ദേശീയ ഗാനം ഇന്ന് നമ്മുടെ പൗരജീവിതത്തെ നിരന്തരം വിചാരണചെയ്യും വിധം പ്രയോഗിക്കുന്നതിലെ ഫാസിസ്റ്റ് യുക്തിളാണ് ഒന്നാം പ്രതിയെന്നിരിക്കെ പിണറായിയെന്ന് മാത്രം ഉരുവിടുന്ന മാനസികാവസ്ഥയിലേക്ക് പ്രതികരണങ്ങള്‍ വഴിമാറുന്നത് അപകടകരമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചിലര്‍ കാണിക്കുന്ന അരാഷ്ട്രീയത പ്രതികരണങ്ങളുടെ നിലവാരത്തിലേക്ക് സാംസ്‌ക്കാരിക വൈഞ്ജാനിക മണ്ഡലത്തിലെ ഇടപെടലുകള്‍ മാറികൂട. കാരണം അത്തരത്തിലുള്ള എല്ലാ ജാഗ്രതകുറവുകളും രോഗത്തെയല്ല, രോഗലക്ഷണങ്ങളെയാണ് സ്പര്‍ശിക്കുന്നത്. ‘ഒരു അമ്പത്തിരണ്ട് സെക്കന്റ് ഇവര്‍ക്കൊന്ന് എഴുന്നേറ്റാലെന്താ’ എന്ന് ചോദിക്കുന്നത് പോലൊരു അപകടമാണത്. കാരണം പ്രശ്‌നം അമ്പത്തിരണ്ട് സെക്കന്റിന്റേതല്ലായെന്നും ഒരു പൗരന്റെ ആത്മബോധത്തിന്റേതാണെന്നും മറന്നുപോകരുത്.
കേരളത്തിലിന്ന് ശക്തമായ ഇച്ഛാശക്തിയുള്ള ചെറുഗ്രൂപ്പുകളും അവരുടെ ഇടപെടലുകളും ശക്തിപ്പെടുന്നുണ്ട്. അവരുമായി സംവാദ സൗഹൃദം ഇടതുപക്ഷത്തിന് സാധ്യമാകേണ്ടതാണ്. എന്നാല്‍ ഇരുകൂട്ടരുടെയും അതിവാദങ്ങള്‍ ഇത്തരം സൗഹൃദത്തെ റദ്ദ് ചെയ്യും വിധമാണ് ഭവിക്കുന്നത്. നദീറിനെപോലുള്ള ചെറുപ്പക്കാരുടെ രാഷ്ട്രീയമായ രോഷവും വേദനകളും തിരിച്ചറിയാന്‍ കഴിയുന്നവിധം ഇടതുപക്ഷം വികസിക്കേണ്ടതുണ്ട്. കമല്‍ സി ചവറയും, ഷഫീഖും സമാനമനസ്‌കര്‍ തന്നെയാണ്. അവര്‍ നടത്തികൊണ്ടിരിക്കുന്ന ഇടപെടലുകള്‍ ഇടതുപക്ഷജ്ഞാന മണ്ഡലത്തിന്റെ വികാസത്തില്‍ വലിയ സംഭാവനകള്‍ നല്‍കുന്നതാണ്. ഫാസിസവും ജനാധിപത്യവിരുദ്ധതയും പ്രശ്‌നവത്കരിക്കുന്ന ഏതൊരു ശബ്ദവും ഇടതുപക്ഷ പരിപ്രേക്ഷ്യത്തിനകത്ത് വെച്ച് നോക്കികാണുന്ന രാഷ്ട്രീയം പൊതുവില്‍ മുഖ്യധാരാ പാര്‍ട്ടിബോധം പ്രകടിപ്പിക്കുന്നില്ലയെന്ന വസ്തുതയെ അവഗണിക്കാന്‍ കഴിയില്ല. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വന്ന ചില പ്രതികരണങ്ങള്‍ തന്നെ ചരിത്രബോധവും രാഷ്ട്രീയവും നഷ്ടപ്പെട്ട ആള്‍ക്കൂട്ട മാനസികാവസ്ഥയിലേക്കുള്ള കൂപ്പുകുത്തലായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ശക്തി പ്രകടനങ്ങള്‍ക്ക് പുറത്താണ് പ്രതിബോധ നിര്‍മിതിയുടെ സൈദ്ധാന്തികപരിസരം. അത് പലപ്പോഴും ശ്രുതിഗീതങ്ങളായിരിക്കണമെന്നില്ല. നോവുന്ന പ്രഹരം കൂടിയായിരിക്കും. സി പി എമ്മിനെ വിമര്‍ശിക്കുന്നവരെല്ലാം വര്‍ഗശത്രുക്കളാണെന്ന ധാരണ യുദ്ധകാല അടിസ്ഥാനത്തില്‍ തിരുത്തപ്പെടേണ്ടത് തന്നെയാണ്. വര്‍ഗം ഒരു ചരിത്രഘടനയാണ്. അത് ഒരു സവിശേഷ പാര്‍ട്ടിയില്‍ ഒതുക്കാവുന്നതല്ല. അതുകൊണ്ട് തന്നെ ഭരണകൂടത്തിനെതിരായ ഏതു ചെറിയ പ്രതികരണങ്ങള്‍പോലും വര്‍ഗസമരം തന്നെയാണെന്ന മാര്‍ക്‌സിന്റെ പ്രാഥമികപാഠം പലരും ഇനിയും പഠിച്ചുതുടങ്ങേണ്ടതുണ്ട്. മനുഷ്യാവകാശം, ആദിവാസി, ദളിത് ഇത്യാദി രാഷ്ട്രീയ ഇടങ്ങളെ സംശയത്തോടെ എതിരിടുന്ന മനോഘടന രൂപപ്പെടുന്നത് അത്തരം ഒരു പാഠത്തിന്റെ ശൂന്യതയിലാണ്.

ഷഫീക് പോലീസ് സ്റ്റേഷനില്‍ പ്രശ്‌നമുണ്ടാക്കിയതുകൊണ്ടാണ് അയാളെ കസ്റ്റഡിയിലെടുത്തത് എന്നൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നുണ്ട്. സ്വന്തം സുഹൃത്ത് തലകറങ്ങി വീഴുന്നത് കാണുമ്പോഴും അത് പോലീസ് സ്റ്റേഷന്റെ അകത്തായതുകൊണ്ട് പ്രതികരിക്കാതെ പോലീസിന്റെ മുമ്പില്‍ വിനീത വിധേയനായി അച്ചടക്കം പാലിക്കണമെന്ന ജനാധിപത്യവിരുദ്ധ അടിമമനസ്സ് പോലീസുകാര്‍ക്ക് ആഗ്രഹിക്കാമെങ്കിലും അത് അനുവദിച്ചുകൊടുക്കാന്‍ രാഷ്ട്രീയബോധത്തിന് സാധിക്കണമെന്നില്ല. നദീറിനെതിരെ ചുമത്തിയ കേസില്‍ പോലീസ് എഴുതിയുണ്ടാക്കിയത് ‘ആദിവാസികള്‍ക്ക് നേരെ തോക്കുചൂണ്ടി ലഘുലേഖ വായിപ്പിച്ചുവെന്നാണ്’. തോക്കുചൂണ്ടി ലഘുലേഖ വായിപ്പിക്കുന്നവരും ഭക്ഷണം കവര്‍ന്നെടുക്കുന്നവരുമാണ് മാവോയിസ്റ്റുകളെന്ന് ഏത് പോലീസ് പറഞ്ഞാലും അത് വിഴുങ്ങുന്ന രാഷ്ട്രീയ നിരക്ഷരതയിലേക്ക് മലയാളി കൂപ്പൂക്കുത്തിയിട്ടില്ല. അടിയന്തിരാവസ്ഥ കാലത്ത് ഒരു ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ ബെര്‍തോള്‍ഡ് ബ്രഹ്തിന്റെ കവിത അച്ചടിച്ചിറക്കിയതിന്റെ പേരില്‍ ബ്രഹ്തിനെ അന്വേഷിച്ച് പോലീസ് ക്യാമ്പസിലേക്ക് ഇരച്ചുകയറിയതിന്റെ ഒരനുഭവം പറയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ട് പോലീസിനൊപ്പിച്ച് ഭരണകൂടമായി പരിണമിക്കാന്‍ സോഷ്യല്‍ മിഡിയയിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ മത്സരിക്കാതെയിരിക്കണം. അച്ചടക്കം എന്നത് ഫാസിസത്തിന്റെ മുദ്രാവാക്യമാണെന്ന് അവര്‍ തിരിച്ചറിയണം. അതിന് പാകപ്പെടുത്താനുള്ള ഭരണകൂടോപകരണ പ്രയോഗത്തിന്റെ ഭാഗമായാണ് ദേശീയഗാനം, രാജ്യസ്‌നേഹം, ദേശീയത എന്നിങ്ങനെയുള്ള അമിതാധികാര പ്രയോഗങ്ങള്‍ സംഘിയേയും പേലീസിനേയും ഓരോ പൗരന്റേയും ഇടതും വലതും ചേര്‍ത്തുനിര്‍ത്തി നടപ്പാക്കികൊണ്ടിരിക്കുന്നത്. അതിനോട് ഇടതുപക്ഷത്തിന് വിയോജിച്ചേ പറ്റൂ. അതിന് ഭരണം ഒരു തടസ്സമായിക്കൂടാ.