Connect with us

Articles

ദ്രാവിഡ രാഷ്ട്രീയത്തിലെ അമ്മവഴികള്‍

Published

|

Last Updated

മാതൃദേവതാ സങ്കത്പത്തില്‍ പുത്രവാത്സല്യത്തോടൊപ്പം ഭയങ്കരിണിയായ മരണദേവതയുടെ ഭീകരാംശങ്ങള്‍ കൂടെയുണ്ടെന്നു “ബോധത്തിന്റെ ഉത്ഭവവും ചരിത്രവും” (The origin and History of consciousness) എന്ന പഠനത്തില്‍ എറിച്ച് ന്യൂമന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ജീവിതത്തിലെന്ന പോലെ മരണത്തിലും ഒരു സമസ്യയായി മാറിയ അന്തരിച്ച തമിഴ്‌നാടു മുഖ്യമന്ത്രിയുടെ പിന്‍ഗാമി ആരെന്നതിനെ ചൊല്ലി മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ പരക്കുന്നു. ഒരുവശത്തു സഹോദരപുത്രിയും മറുവശത്ത് ശശികല എന്ന തോഴിയും. ശശികലയുടെ സ്ഥാനാരോഹണം സുഗമമാക്കാന്‍ എ ഐ എ ഡി എംകെയുടെ ഭരണഘടന തന്നെ തിരുത്താന്‍ ആണ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ തിരുമുമ്പില്‍ സേവക്കാരുടെ പുറപ്പാട്. പുരട്ച്ചി തലൈവി, ഇദയക്കനി, അമ്മ, എന്നൊക്കെയുള്ള വിശേഷണങ്ങള്‍ നല്‍കി തമിഴ് ജനത നെഞ്ചേറ്റിലാളിച്ചിരുന്ന ജയലളിത, രാഷ്ട്രമീമാംസ (political science) പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ ഒരു പഠന വിഷയം ആകേണ്ടിയിരിക്കുന്നു.

പണ്ട് കലിഗുല എന്ന പേരില്‍ ഒരു റോമന്‍ ചക്രവര്‍ത്തിയുണ്ടായിരുന്നു. അധികാരഭ്രാന്ത് കലശലായപ്പോള്‍ കലിഗുല തന്റെ പ്രിയപ്പെട്ട സവാരിമൃഗം ലെപ്പഡിസ് എന്ന കുതിരയെ പ്രധാനമന്ത്രിയായി നിയമിച്ചു. പ്രഭുക്കന്മാരും ജനങ്ങളും കുതിരക്ക് മുന്നില്‍ ആജ്ഞകള്‍ക്കായി കാതോര്‍ത്ത് തല കുനിച്ചുനിന്നു. തന്റെ കാലശേഷം പിന്‍ഗാമിയായി ആ കുതിരയെ തന്നെ നിയമിക്കണമെന്ന് ഒസിയത്തും എഴുതിവെച്ചു. ഏതായാലും തമിഴ്‌നാട് രാഷ്ട്രീയം അത്രക്കങ്ങോട്ട് പോകാനിടയില്ല.

ബൈബിളിലെ മുടിയനായ പുത്രനെപ്പോലെയാണ് വാക്കുകള്‍. അര്‍ഥമാണ് വാക്കുകളുടെ പിതൃഗൃഹം. ഒരിക്കല്‍ അതില്‍ നിന്ന് ഇറങ്ങിത്തിരിച്ച് താന്തോന്നിയായി ജീവിച്ചു തുടങ്ങിയാല്‍ വാക്കുകള്‍ക്ക് നഷ്ടപ്പെട്ട അര്‍ഥം തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്നത് ഭാഷയുടെ ഒരു ഗതികേടാണ്. ഇങ്ങനെ വരുമ്പോള്‍ ഭാഷതന്നെ മരിക്കുന്നു എന്നാണ് ഭാഷാശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. പുരട്ച്ചി തലൈവി, വീരമാതാവ്, ധീരാംഗന എന്നൊക്കയുള്ള പദപ്രയോഗങ്ങള്‍ക്ക് ഇന്ന് രാഷ്ട്രീയത്തില്‍ ആരും ഒരു വിലയും കല്‍പ്പിക്കുന്നില്ല. പുരട്ച്ചി തലൈവി എന്നാല്‍ വിപ്ലവ നായിക. അവരുടെ മുന്‍ഗാമി ഏഴൈതോഴന്‍ എം ജി രാമചന്ദ്രന്‍ പുരട്ച്ചിതലൈവര്‍ ആയിരുന്നു. ഈ തലൈവനും തലൈവിയും ചേര്‍ന്നു തമിഴ്‌നാട്ടിലെന്തു വിപ്ലവമാണ് കൊണ്ടു വന്നത്? അവര്‍, പാവങ്ങളുടെ തൊണയാളും വിപ്ലവനായകനും നായികയും ഒക്കെ ആയിരുന്നത് സിനിമകളില്‍ മാത്രമായിരുന്നു. പാവം തമിഴ് ജനത! അവര്‍ സിനിമയെ ജീവിതത്തിനു പകരം വെച്ചു. ജീവിതത്തിലെ പെറ്റമ്മയേക്കാള്‍ സിനിമയിലെ പോറ്റമ്മ അവര്‍ക്കമ്മയായി. ആരുടെയും അച്ഛനല്ലാത്ത ഒരു സാങ്കത്പിക പ്രതിരൂപത്തെ എല്ലാവരുടെയും അച്ഛനായി സങ്കത്പിക്കുന്നതായിരുന്നു ആര്യന്‍ സംസ്‌കൃതിയുടെ കാതല്‍. അച്ഛനെ പ്രീതിപ്പെടുത്താന്‍ അമ്മയുടെ കഴുത്ത് വെട്ടി സമ്മാനിച്ച പരശുരാമനായിരുന്നു ആര്യസംസ്‌കാരത്തിലെ ആദിരൂപം. (Archy Type) ദ്രാവിഡ സംസ്‌കാരത്തില്‍ അമ്മയായിരുന്നു സകലത്തിലും പ്രധാനം.

ആര്യന്‍മാരുടെ പിതൃദേവതകള്‍ ദ്രാവിഡരുടെ മാതൃദേവതകളെ ആകെ കീഴടക്കി അവരുടെ സ്വന്തമാക്കി. ആര്യദ്രാവിഡ സംഘര്‍ഷത്തിന്റെ ഒത്തുതീര്‍പ്പു എന്ന നിലയില്‍ സംഭവിച്ച സമന്വയത്തിന്റെ തുടര്‍ ചരിത്രമാണ് നമ്മുടെ രാജ്യത്തിന്റെ ചരിത്രം. നീണ്ടുനിന്ന പാശ്ചാത്യ ഭരണം ഈ സംഘര്‍ഷത്തില്‍ നിന്നും വേണ്ടതിലേറെ മുതലെടുത്തു. ഒടുവില്‍ അവര്‍ ഇന്ത്യവിട്ടുപോകുമ്പോള്‍ ദ്രാവിഡസംസ്‌കാരത്തിന്റെ നേരിയ അംശങ്ങളെങ്കിലും അവശേഷിച്ചിരുന്നത് ദക്ഷിണ ഭാരതത്തില്‍ പ്രത്യേകിച്ചും തമിഴ്‌നാട്ടില്‍ മാത്രം ആയിരുന്നു. ദ്രാവിഡ് വംശീയതയുടെ തീപ്പൊരികള്‍ ഊതിക്കത്തിക്കാന്‍ തീവ്രശ്രമം നടത്തിയ ആദ്യത്തെ ആചാര്യന്‍ ഇ വി രാമസ്വാമിനായ്ക്കള്‍ ആയിരുന്നു കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ തമിഴ്‌നാട് രാഷ്ട്രീയത്തിലെ ബ്രാഹ്മണ മേധാവിത്വത്തോട് പ്രതിഷേധിച്ച് ഇ വി ആര്‍ സ്ഥാപിച്ച സ്വയം മര്യാദാ പ്രസ്ഥാനം രാജാജി നേതൃത്വം നല്‍കിയിരുന്ന ജസ്റ്റിസ് പാര്‍ട്ടിയുമായി ലയിച്ചാണ്”ദ്രാവിഡ കഴകം എന്ന രാഷ്ട്രീയകക്ഷി പിറവിയെടുത്തത്. ഇ വി ശരിയായ അര്‍ഥത്തില്‍ തന്നെ ഒരു പെരിയോര്‍ അഥവാ വല്യ ആള്‍ ആയിരുന്നു. ആര്യന്‍ അധിനിവേശം പ്രചരിപ്പിച്ച അപകടകരമായ മിത്തുകളെ അദ്ദേഹം പിച്ചിചീന്തി. രാമായണത്തിനു ബദലായി രാവണായനം എഴുതി. ശ്രീരാമന്റെ പ്രതിമകള്‍ തകര്‍ത്ത് തദ്സ്ഥാനത്ത് രാവണ പ്രതിമകള്‍ ഉയര്‍ത്തി. 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ യുക്തിവാദപ്രസ്ഥാനത്തിലേക്കും യാന്ത്രിക ഭൗതികവാദപരമായ നിരീശ്വരവാദത്തിലേക്കും ഇ വി ആര്‍ ആകൃഷ്ടനായി. അവിടം മുതല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ അടിത്തറ ഇളകി. അടുത്ത ശിഷ്യനായിരുന്ന സി എന്‍ അണ്ണാദുരൈ ഗുരുവുമായി തെറ്റിപ്പിരിഞ്ഞു. ദ്രാവിഡപ്പെരുമക്കു ജനകീയ അംഗീകാരം നേടിക്കൊടുത്തുകൊണ്ട് ദ്രാവിഡകഴകം പിളര്‍ന്ന് ദ്രാവിഡമുന്നേറ്റ കഴകം സ്ഥാപിച്ചു. തമിഴ് ഭാഷയും തമിഴ്‌നാടും ജനങ്ങള്‍ ഒരു വികാരമായി ഏറ്റുവാങ്ങി. മദ്രാസ് മുഖ്യമന്ത്രിയായിരുന്ന സി രാജഗോപാലാചാരി ഹിന്ദി നിര്‍ബന്ധിതമാക്കാന്‍ നടത്തിയ ശ്രമത്തിനെതിരെ ഡി എം കെ വമ്പിച്ച ജനകീയ ചെറുത്തു നില്‍പു നടത്തി. അണ്ണാദുരൈ ജയിലിലായി. 1962ല്‍ ലോകസഭാംഗവും 1967ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി. അദ്ദേഹത്തിന്റെ കാലശേഷം ദ്രാവിഡ മുന്നേറ്റ കഴകം ദ്രാവിഡ രാഷ്ട്രീയമെന്ന അടിസ്ഥാന ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുകയും അധികാരാര്‍ത്തിയുടെയും അഴിമതികഥകളുടെയും അവസരവാദരാഷ്ട്രീയത്തിന്റെയും കൂത്തരങ്ങായി മാറുകയും ചെയ്തു.
അണ്ണാദുരൈയുടെ പിന്‍ഗാമിയായി സ്ഥാനമേറ്റ കരുണാനിധിയും കാലുറപ്പിച്ചിരുന്നത് സിനിമാരംഗത്തായിരുന്നു. അണ്ണാദുരൈ സിനിമാ പ്രേമിയായിരുന്നെങ്കിലും അദ്ദേഹം സിനിമക്കു മുമ്പില്‍ രാഷ്ട്രീയത്തെ അടിയറ വെച്ചിരുന്നില്ല. കരുണാനിധിയുടെ രംഗപ്രവേശത്തോടെ രാഷ്ട്രീയം സിനിമക്ക് വിടുപണി ചെയ്തു തുടങ്ങി. കരുണാനിധി കാല്‍പനികമായ സിനിമാകഥകളിലൂടെയാണ് ജനഹൃദയങ്ങളിലേക്ക് ചേക്കേറിയതെങ്കില്‍ തൊട്ടു പിന്നാലെ വന്ന എം ജി ആര്‍ എന്ന നടികര്‍ തിലകം സിനിമയിലൂടെ തന്നെ തമിഴ് മനസ്സിലെ സ്വപ്‌നനായകനായി മാറി. ഒപ്പം കൂടിയ ജയലളിത അവരുടെ സ്വപ്‌നനായികയായി. ഡി എം കെ എന്നും എ ഡി എം കെയെന്നും ദ്രാവിഡകക്ഷി രണ്ടായി പിളര്‍ന്നു. കോണ്‍ഗ്രസും സംഘപരിവാര്‍ രാഷ്ട്രീയവും ഇരുകൂട്ടരോടും മാറി മാറി ചങ്ങാത്തം കൂടി. തരം പോലെ മാറിമാറി ഇരുതോളിലും ചാരി. അഴിമതി, സ്വജനപക്ഷപാദിത്വം, സാമ്പത്തിക ധൂര്‍ത്ത്, പബ്ലിസിറ്റി മാനിയ തുടങ്ങിയ എല്ലാതരം ബൂര്‍ഷ്വാ മ്ലേച്ചതകളിലും ഞാന്‍ മുമ്പെ, ഞാന്‍ മുമ്പെ എന്ന മട്ടില്‍ കരുണാനിധിയും ജയലളിതയും മത്സരിച്ചു കൊണ്ടിരുന്നു. ആദര്‍ശ രാഷ്ട്രീയം, അങ്ങനെ ഒരു വാക്ക് തമിഴന്റെ നിഘണ്ടുവില്‍ നിന്ന് വെട്ടിമാറ്റപ്പെട്ടു. ഈ പശ്ചാത്തലത്തിലായിരുന്നു ജയലളിതാ മാഡത്തിന്റെ സംശയാസ്പദമായ ആശുപത്രിവാസവും അപ്പോളോ ആശുപത്രിയുടെ അകത്തളങ്ങളില്‍ അരങ്ങേറിയ നിഗൂഢ നാടകങ്ങളും പിന്നീട് നടന്ന മരണപ്രഖ്യാപനവും. ഇതെല്ലാം ചേര്‍ത്ത് വായിച്ചാല്‍ ഒന്നോ അതിലേറെയോ കോടാപക്കം, തട്ടുപൊളിപ്പന്‍ മസാലസിനിമകള്‍ക്കുള്ള സ്‌കോപ്പുണ്ട്. ജനപ്രിയ സിനിമാകഴുകന്മാര്‍ ഇപ്പോഴെ ഈ വഴിക്കുള്ള പണി തുടങ്ങി കഴിഞ്ഞിരിക്കാം.
ജയലളിത തമിഴ്‌നാട്ടില്‍ നടപ്പിലാക്കിയ വിപ്ലവാഭ്യാസങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് നോക്കാം. സ്വന്തം പേരില്‍ 18 ക്ഷേമപദ്ധതികള്‍, പെണ്‍കുഞ്ഞുങ്ങള്‍ ഭാരമാണെന്ന് തോന്നുന്നവര്‍ക്ക് വലിച്ചെറിയാന്‍ പാകത്തില്‍ ശിശുതൊട്ടില്‍, താലിക്ക് തങ്കം തിട്ടം, എന്ന പേരില്‍ യുവതികള്‍ക്കു വിവാഹത്തിന് നാലു ഗ്രാം സ്വര്‍ണവും 50,000 രൂപയും. തീര്‍ന്നില്ല! ഒരു രൂപക്ക് ഇഡ്ഡലി, അഞ്ചു രൂപക്ക് സാമ്പാറും ചോറും മൂന്നു രൂപക്ക് തൈര് സാദം നല്‍കുന്ന അമ്മഉണവകം എന്ന പരിപാടി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കു ദിവസം 20 ലിറ്റര്‍ കുടിവെള്ളം സൗജന്യം. ഹയര്‍ സെക്കണ്ടറി കോളജ് വിദ്യാര്‍ഥികള്‍ക്ക് രാവെളുപ്പോളം സിനിമാ കണ്ടു രസിക്കാന്‍ പാകത്തില്‍ സൗജന്യമായി ലാപ്‌ടോപ്പ് . പെണ്‍കുട്ടികള്‍ക്കാദ്യം; ആണ്‍കുട്ടികള്‍ക്ക് പിന്നീട് സൗജന്യ സൈക്കിള്‍. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷണവും കഴിച്ച് ജോലിക്കൊന്നും പോകാതെ വീട്ടിലിരുന്ന് അടിപൊളി സിനിമ കണ്ട് രസിച്ച് കിടന്നുറങ്ങാന്‍ പാകത്തില്‍ ദരിദ്രവിഭാഗങ്ങള്‍ക്ക് സൗജന്യടി വി. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിച്ച് വീട്ടിലേക്ക് മടങ്ങുന്ന അമ്മമാര്‍ക്ക് കൊച്ചുങ്ങളെ കളിപ്പിക്കാന്‍ പാകത്തില്‍ 16ഇനം കൡപ്പാട്ടങ്ങളടങ്ങിയ കിറ്റും ഓരോ നൂറുരൂപ നോട്ടും. ഇങ്ങനെ നീണ്ടു പോകുന്നു നല്‍കിയതും നല്‍കാന്‍ പോകുന്നതുമായ സൗജന്യങ്ങളുടെ നീണ്ട പട്ടിക.

ദരിദ്രര്‍ ദരിദ്രരായി തുടരുന്നത് സമ്പന്നര്‍ അവരര്‍ഹിക്കുന്നതില്‍ കൂടുതല്‍ കൈയടക്കി വെച്ചിരിക്കുന്നതു കൊണ്ടാണ്. ഈ അടിസ്ഥാന രാഷ്ട്രീയ ദര്‍ശനത്തെ തമസ്‌കരിക്കുകയാണ് ഭരണാധികാരി സ്വയംപ്രകടനപരതയില്‍ ഉറച്ചു നിന്നു കൊണ്ട് ധാനദര്‍മങ്ങള്‍ നല്‍കി ജനങ്ങളുടെ കൈയടി കാംക്ഷിക്കുന്നതിലൂടെ ചെയ്യുന്നത്. ഇംഗ്ലണ്ടില്‍ 2-ാം വട്ടമേശ സമ്മേളനത്തിനു ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയ മഹാത്മാ ഗാന്ധി അല്‍പവസ്ത്ര ധാരിയായി ബുക്കിങ്ഹാം പാലസില്‍ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിനെ മുഖം കാണിക്കാന്‍ എത്തി. അദ്ദേഹം ഗാന്ധിജിയുടെ വസ്ത്ര ധാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് പറഞ്ഞ മറുപടി എനിക്കു കൂടി അവകാശപ്പെട്ട കുറേയേറെ വസ്ത്രം അങ്ങു ധരിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു. ഇതിന്റെ പേരില്‍ അര്‍ധനഗ്നനായ ഫക്കീര്‍ എന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ആക്ഷേപത്തിനും നമ്മുടെ രാഷ്ട്രപിതാവ് പാത്രമായി.
രാഷ്ട്രീയം ഒരു ജീവകാരുണ്യ പ്രവര്‍ത്തനമല്ല. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന കലയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനാധിപത്യ വിപ്ലവം ഇപ്പോഴും ഗര്‍ഭാവസ്ഥയിലാണ്. പിറക്കാനിരിക്കുന്ന ഈ ശിശുവിന്റെ പരിചരണത്തിനുള്ള പരിശീലനം നീണ്ട 60വര്‍ഷങ്ങള്‍ പിന്നിട്ട് കഴിഞ്ഞിട്ടും നമുക്ക് ലഭിച്ചിട്ടില്ല. ഇവിടെയാണ് ഈയിടെ അന്തരിച്ച ഫിഡല്‍ കാസ്‌ട്രോ നമ്മുടെ നേതാക്കള്‍ക്ക് മാത്യകയാകേണ്ടത്. തന്റെ സ്മരണാര്‍ഥം പ്രതിമകള്‍ നിര്‍മിക്കുന്നത് സ്വന്തം മരണപത്രത്തില്‍ അദ്ദേഹം വിലക്കിയിരിക്കുന്നു.
ഇനി നമുക്ക് ജയലളിതയുടെ സ്വകാര്യ സമ്പാദ്യങ്ങളില്‍ക്കൂടെ ഒന്നു കണ്ണോടിക്കാം. 113.73 കോടിയുടെ സ്ഥാവരസ്വത്ത്. രണ്ട് കോടി കാര്‍ഷികാദയം, 21,280.300 ഗ്രാം സ്വര്‍ണം, 1250 കിലോ വെള്ളി. മൊത്തം വില മൂന്ന് കോടി 12 ലക്ഷം. ജയാ പബ്ലിക്കേഷന്‍സ്, ശശി എന്റര്‍ പ്രൈസ് തുടങ്ങിയ വ്യാപാരസ്ഥാപനങ്ങള്‍. നീലഗിരിയില്‍ 900 ഏക്കര്‍ സ്ഥലം. 1967ലെ കണക്കനുസരിച്ച് സ്വന്തം വസതിയായ വേദനിലയത്തിന് നിര്‍മ്മാണ ചിലവ് 43.96 കോടി രൂപ. വിസ്തീര്‍ണം 24000 സ്‌ക്വയര്‍ ഫീറ്റ്. തെലുങ്കാനയില്‍ 14 ഏക്കര്‍ സ്ഥലം. ചെന്നൈയിലും ഹൈദരബാദിലും കെട്ടിടങ്ങള്‍. തിരുനെല്‍വേലിയില്‍ 1197 ഏക്കര്‍, വീരാജ്‌പേട്ടയില്‍ 200 ഏക്കര്‍. ഉത്തകോട്ടയില്‍ 100 ഏക്കര്‍. നിയമാനുസൃത പിന്‍ഗാമികളില്ലാത്ത ഇന്ത്യയിലെ ഒരു സംസ്ഥാന ഭരണാധികാരി യാതൊരു പൂര്‍വ സ്വത്തിന്റെയും പിന്‍ബലമില്ലാതെ ഭരണാധികാരം ഉപോയോഗിച്ചുണ്ടാക്കിയ സ്വത്തുക്കളുടെ കണക്കാണിത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദ്യനിയമപ്രകാരം തടവിലാക്കപ്പെട്ട ജയലളിതക്ക് കാര്യമായ പരുക്കുകളൊന്നും പറ്റിയില്ല. ഒടുവില്‍ അതും തിരിഞ്ഞുകുത്തി. വാദി പ്രതിയായി. ഒരു രക്തസാക്ഷി പരിവേഷത്തോടെ മുഖ്യമന്ത്രികസേരയില്‍ തിരികെയെത്തി. ഒരു മുഖ്യമന്ത്രിക്ക് ഇത്രയൊക്കെ സാധിക്കണമെങ്കില്‍ അവരുടെ സഹായികളായ ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരുടെ ഒത്താശ കൂടാതെ കഴിയില്ല. തീര്‍ച്ചയായും അവര്‍ക്കും കിട്ടിയിരിക്കും കാര്യമായ ഓരോ പങ്ക്. ഇതെല്ലാം കണക്കിലെടുത്താല്‍ നമ്മുടെ കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും എല്ലാം എത്രയോ പാവങ്ങളാണ്. ജനാധിപത്യം നീണാള്‍ വാഴട്ടെ. (ഫോണ്‍: 9446268581)

 

---- facebook comment plugin here -----

Latest