മോഡി ഗംഗ നദി പോലെ പരിശുദ്ധൻ; ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ബിജെപി

Posted on: December 21, 2016 8:38 pm | Last updated: December 21, 2016 at 9:01 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ കോണ്‍ഗ്രസ് ഉപാധയക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ ബിജെപി ശക്തമായി നിഷേധിച്ചു. മോഡി ഗംഗാ നദി പോലെ പരിശുദ്ധനാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണ വിധേയരായ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം ആരോപണങ്ങളെന്നും കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

പ്രധാനമന്ത്രിക്ക് എതിരെ ഇത്തം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ രാഹുലിന്റെ മോഹഭംഗമാണ് പുറത്തുവരുന്നത്. രാഹുലിനെ ഇന്ത്യയിലെ ജനങ്ങള്‍ ഗൗരവത്തില്‍ എടുക്കില്ല. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ യുപിഎ ഭരണത്തിലെ അഴിമതിക്കെതിരെ രാഹുല്‍ ഒരക്ഷരം ഉരിയാടാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

അഹമ്മദാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് രാഹുല്‍ മോഡിക്ക് എതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് മോഡി കോടികള്‍ കോഴ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ഇതിന്റെ രേഖകള്‍ തെളിവായി ഉണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.