പിണറായി വിജയന് സമയമില്ലെങ്കില്‍ ആഭ്യന്തരവകുപ്പ് മാറ്റാരെയെങ്കിലും ഏല്‍പ്പിക്കണം: രമേശ് ചെന്നിത്തല

Posted on: December 21, 2016 8:21 pm | Last updated: December 21, 2016 at 9:01 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സമയമില്ലെങ്കില്‍ ആഭ്യന്തരവകുപ്പ് മാറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടതു ഭരണത്തിന്റെ കീഴില്‍ പോലീസിന് എന്തും ചെയ്യാമെന്ന അവസ്ഥയാണെന്നും ചെന്നിത്തല പറഞ്ഞു.

ചുവരെഴുത്തിന്റെ പേരില്‍ ആറു വിദ്യാര്‍ത്ഥികളെ അറസ്റ്റ്‌ചെയ്ത സംഭവത്തില്‍ പോലീസ് പിന്തുടരുന്നത് ഫാസിസ്റ്റ് സ്വഭാവമാണ്. നദീറിനെയും കമല്‍ സി ചാവറയേയും ആനാവശ്യമായി അറസ്റ്റ്‌ചെയ്തതിന്റെ പേരില്‍ വിമര്‍ശനം ഉയരുകയും മുഖ്യമന്ത്രി ഇടപെട്ട് ഇവരെ വിട്ടയക്കുകയും ചെയ്തതിന് പിന്നാലെയാണ് ചുവരെഴുത്തിന്റെ പേരില്‍ കോളജ് വിദ്യാര്‍ത്ഥികളെയും അറസ്റ്റ്‌ചെയ്തത്. പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. സമയമില്ലെങ്കില്‍ ആഭ്യന്തരവകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കലാണ് ഉചിതമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ആവിഷ്‌കാര
സ്വാതന്ത്രത്തിന് വേണ്ടി വാതോരാതെ പ്രസംഗിക്കുന്ന ഇടതുപക്ഷത്തിനു കീഴില്‍ ഇത്തരമൊരു സംഭവമുണ്ടായത് അപമാനകരമാണെന്നും ചെന്നിത്തല പറഞ്ഞു.