തൊഴിലിടങ്ങളിലെ പെണ്‍ സാന്നിധ്യം ഖത്വറില്‍ പരിമിതമെന്ന് പഠനം

Posted on: December 21, 2016 8:05 pm | Last updated: December 21, 2016 at 8:05 pm

ദോഹ: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശി വനിതകള്‍ക്ക് ജോലി നല്‍കുന്നതില്‍ വേണ്ടത്ര പുരോഗതിയില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 36 ശതമാനത്തിലധികം സ്ഥാപനങ്ങളും വനിതകളെ തീരേ നിയോഗിക്കാതിരിക്കുകയോ അപൂര്‍വമായി മാത്രം നിയമിക്കുകയും ചെയ്യുന്ന സ്ഥിതിയാണെന്ന് ഓക്‌സ്‌ഫോര്‍ഡ് സ്ട്രാറ്റജിക് കണ്‍സല്‍ട്ടിംഗ് നടത്തിയ സര്‍വേ കണ്ടെത്തുന്നു.

രാജ്യം നടപ്പിലാക്കുന്ന ഖത്വര്‍വത്കരണ നയത്തില്‍ സ്ത്രീകളുടെ പ്രാതനിധ്യം ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തെ തോഴിലാളി സമൂഹത്തില്‍ ഏതാണ്ട് പകുതിയോളം സ്ത്രീകളുണ്ട് (91,000 പേര്‍). എന്നാല്‍ സ്വദേശിവത്കരണ നയത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യം കുറവാണെന്നാണ് സര്‍വേഫലം പറയുന്നത്. തൊഴില്‍ രംഗത്തേക്ക് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെങ്കിലും സ്വകാര്യ സ്ഥാപനങ്ങളില്‍ ഫലപ്രദമായിട്ടില്ല. രാജ്യത്തു പ്രവര്‍ത്തിക്കുന്ന നല്ലൊരു ശതമാനം സ്ഥാപനങ്ങളും സ്ത്രീകളെ തൊഴിലിന് ഉപയോഗിക്കുന്നത് ഗൗരവമായി പരിഗണിച്ചിട്ടില്ല.
സര്‍വേയില്‍ പങ്കെടുത്ത രാജ്യത്തെ വന്‍കിട ബിസിനസ് സ്ഥാപനങ്ങളില്‍ 11 ശതമാനവും വനിതാ നിയമനം തീരേ നടത്തിയിട്ടില്ല. 25 ശതമാനം സ്ഥാപനങ്ങള്‍ അപൂര്‍വമായി മാത്രം സ്ത്രീകളെ നിയമിക്കുന്നു. 250 മുതല്‍ 500 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളില്‍ വന്‍കിട സ്ഥാപനങ്ങളേക്കാള്‍ കുറച്ചു മാത്രമാണ് വനിതാ പ്രാതിനിധ്യം. അതേസമയം, രാജ്യത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വകാര്യ മേഖലയേക്കാള്‍ കൂടുതല്‍ സ്ത്രീ സാന്നിധ്യമുണ്ടെന്ന് സര്‍വേ കണ്ടെത്തുന്നു. സ്വകാര്യ മേഖലയില്‍ 25 ശതമാനം മാത്രമാണ് സാന്നിധ്യമെങ്കില്‍ പൊതുമേഖലയില്‍ 75 ശതമാനമുണ്ട്.

പുരുഷന്‍മാരെ അപേക്ഷിച്ച് തൊഴില്‍ രംഗത്തെ സ്ത്രീകളുടെ മികവു കുറവ് നിയമനങ്ങള്‍ ഇല്ലാതാരിക്കാന്‍ കാരണമാകുന്നുണ്ടെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. സ്ത്രീകളെ തൊഴില്‍ രംഗത്ത്ക്ക് പ്രാപ്തരാക്കാന്‍ പരിശീലന പദ്ധതികള്‍ നടപ്പിലാക്കണമെന്ന് സര്‍വേ നിര്‍ദേശിക്കുന്നു. ഖത്വറൈസേഷന്‍ നയത്തിന്റെ ഭാഗമായി വനിതകള്‍ക്ക് പരിശീലനം നല്‍കുന്നതിന് സ്‌കൂള്‍, കോളജ്, യൂനിവേഴ്‌സിറ്റി തലത്തില്‍ പ്രത്യേക പരിപാടി നടപ്പിലാക്കണമെന്നും ജീവനക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ആവശ്യമുള്ള മികവുകളുടെ പരിശീലനം ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്നു നടപ്പിലാക്കുന്ന പരിശീലന പദ്ധതികള്‍ക്കു മാത്രമേ പെണ്‍കുട്ടികളെ പഠന കാലത്തു തന്നെ തൊഴില്‍ രംഗത്തേക്ക് പ്രാപ്തരാക്കാന്‍ കഴിയൂ എന്ന് വിദ്ഗ്ധര്‍ നിര്‍ദേശിക്കുന്നു.
തൊഴില്‍ രംഗത്ത് പരിശീലനവും ഉയര്‍ച്ചയും ലഭിക്കുന്നതില്‍ ജോലിക്കു കയറിയ ശേഷവും വനിതകള്‍ക്ക് തടസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. 33 ശതമാനം കമ്പനികള്‍ മാത്രമാണ് തങ്ങളുടെ വനിതാ ജീവനക്കാരുടെ കഴിവുകള്‍ വളര്‍ത്തുന്നതിനു വേണ്ടി പദ്ധതികള്‍ നടപ്പിലാക്കുന്നത്.

ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍ വനിതാ ജീവനക്കാരുടെ പ്രവര്‍ത്തനവും കഴിവുകളും കൃത്യമായി നിരീക്ഷിച്ചും വിലയിരുത്തിയും വളര്‍ച്ചക്കു വേണ്ടിയുള്ള വിവിധ പരിശീലന പരിപാടികള്‍ നടപ്പിലാക്കുന്നുണ്ട്.