Connect with us

Malappuram

അവഗണനയില്‍ അലിഗഡ് ഓഫ് ക്യാമ്പസ്

Published

|

Last Updated

സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ സ്വപ്‌നമായിരുന്നു അലിഗഡ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഈ കേന്ദ്രം ഇന്നും ഉത്തര്‍പ്രദേശില്‍ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. അലിഗഡിലെത്തി പഠനം നടത്താന്‍ സാധ്യമാകാത്തവര്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓഫ് സെന്ററുകള്‍ ആരംഭിച്ച കൂട്ടത്തിലാണ് മലപ്പുറത്തും പഠന കേന്ദ്രം അനുവദിച്ചത്. പെരിന്തല്‍മണ്ണ ചേലാമലയിലെ അലിഗഡ് ഓഫ് ക്യാമ്പസിനെ വലിയ പ്രതീക്ഷയോടെ മലപ്പുറത്തെ ജനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ നാഴികക്കല്ലാകുമെന്ന് കരുതിയ ഈ വിദ്യാഭ്യാസ കേന്ദ്രം പക്ഷെ നിരാശയാണ് തിരികെ നല്‍കിയത്. 2011ല്‍ അന്നത്തെ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയായിരുന്ന കബില്‍ സിബല്‍ ഉദ്ഘാടനം ചെയ്ത ഓഫ്ക്യാമ്പസ് ഇന്ന് തീര്‍ത്തും അവഗണയുടെ നേര്‍ക്കാഴ്ചയാണ്. അഞ്ച് വര്‍ഷമായിട്ടും കാര്യമായ മാറ്റമില്ലാതെ ഇഴഞ്ഞു നീങ്ങുകയാണ് ഈ ക്യാമ്പസ്. കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കാന്‍ ഇനിയു മായിട്ടില്ല. മലപ്പുറത്തെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് ജില്ലയില്‍ തന്നെ മികച്ച സൗകര്യമുണ്ടാകുമെന്ന് കരുതിയവര്‍ക്കും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇഫഌ മലപ്പുറം കേന്ദ്രം വിസ്മൃതിയിലായതിന് പിറകെ ഈ കേന്ദ്രത്തിന് കൂടി താഴ് വീണാല്‍ വീണ്ടെടുക്കാനാകാത്ത വലിയ നഷ്ടമായി അത് മാറും. ഭാവി തലമുറക്ക് വേണ്ടിയെങ്കിലും ജനകീയ ഇടപെടല്‍ വഴി അലിഗഡ് ഓഫ് ക്യാമ്പസിനെ ഉയര്‍ത്തെഴുനേല്‍പിക്കേണ്ടതുണ്ട്.

പ്രതീക്ഷകള്‍ വാനോളം

സച്ചാര്‍ സമിതിയുടെ ശിപാര്‍ശ പ്രകാരം ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശമായ മലപ്പുറത്തിന് രണ്ടാം യു പി എ സര്‍ക്കാര്‍ അനുവദിച്ച അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ മലപ്പുറം കേന്ദ്രത്തിന്റെ പുരോഗതിയില്‍ കടുത്ത അവഗണന നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലബാറിന് വലിയ പ്രതീക്ഷയാണ് ഈ കേന്ദ്രം നല്‍കിയത്. നാല് മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെ എല്‍ കെ ജി മുതല്‍ പി എച്ച് ഡി വരെയുള്ള വിവിധ കോഴ്‌സ് കള്‍ ഉള്‍കൊള്ളുന്ന സ്വയംഭരണാവകാശമുള്ള ബൃഹത്തായ ഒരു യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിന്നുള്ള പദ്ധതിയാണ് മലപ്പുറത്തിനായി സമര്‍പ്പിക്കപ്പെട്ടത്. രണ്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുളള സ്‌കൂള്‍, ഡിഗ്രി മുതല്‍ ഡെന്റല്‍ കോളജ്, എന്‍ജിനീയറിംഗ് കോളജ് തുടങ്ങി ഉത്തരേന്ത്യയിലെ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ തനി പകര്‍പ്പ് തന്നെയായിരുന്നു മലപ്പുറത്ത് വിഭാവനം ചെയ്തിരുന്നത്. അതിനാല്‍ തന്നെ കേരളാ സര്‍ക്കാറും നാട്ടുകാരും വലിയ പിന്തുണയാണ് കേന്ദ്രം യാഥാര്‍ഥ്യമാക്കുന്നതിന് നല്‍കിയത്. 343 ഏക്കര്‍ ഭൂമിയാണ് യൂനിവേഴ്‌സിറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയത്. ഭൂമി ഏറ്റെടുക്കല്‍, ഗതാഗത സൗകര്യം, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 45 കോടി രൂപ വേറെയും സംസ്ഥാന സര്‍ക്കാര്‍ നല്‍കി.

കെട്ടിടവും ജീവനക്കാരും പേരിന്

ബി എ. എല്‍ എല്‍ ബി, എം ബി എ എന്നീ കോഴ്‌സുകളുമായി തുടങ്ങിയ ഈ ക്യാമ്പസ് 2020 ഓടു കൂടി സ്വതന്ത്ര സര്‍വകലാശാലയായി മാറുന്ന വിധത്തിലുളള പദ്ധതികളാണ് കേന്ദ്രത്തിന്റെ മാസ്റ്റര്‍ പ്ലാനില്‍ ഉളളത്. കേന്ദ്രമാനവ വിഭവശേഷി വകുപ്പിന് വേണ്ടി തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോര്‍ട്ടില്‍ (ഡി.പി.ആര്‍) 2020 വരെയുളള ഓരോ വര്‍ഷവും ക്യാമ്പസില്‍ വരേണ്ട കോഴ്‌സുകളെ ക്കുറിച്ചും വികസനങ്ങളെക്കുറിച്ചും വിശദമാക്കിയിട്ടുണ്ട്. ഇത് പ്രകാരം 2016 ല്‍ ഏകദേശം 25 ഓളം പഠന വിഭാഗങ്ങളും 12000ത്തോളം വിദ്യാര്‍ഥികളും ക്യാമ്പസിലുണ്ടാകേണ്ട സമയായി. എന്നാല്‍ 2013ല്‍ ബി എഡ് കോഴ്‌സ് കൂടിയതല്ലാതെ വേറെ ഒരു കോഴ്‌സും ഇതുവരെ തുടങ്ങാനായിട്ടില്ല. മൂന്നിലൊന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കേണ്ട സമയം കഴിഞ്ഞിട്ടും സ്ഥിര സ്വഭാവത്തോടുകൂടിയുള്ള ഒരു സ്ഥിരം കെട്ടിടം പോലും ഇതു വരെ ആയിട്ടില്ല. സ്ഥിരം ജീവനക്കാരുടെ കാര്യവും വ്യത്യസ്ഥമല്ല. ഈ അവസ്ഥയില്‍ ഒരു സാമൂഹിക ഓഡിറ്റും ഇടപെടലും ഈ ക്യാമ്പസിന്റെ നിലനില്‍പ്പിന് അനിവാര്യമായിരിക്കുകയാണ്. സ്ഥിരമായി ഒറ്റ അധ്യാപകന്‍ പോലും നിയമിക്കപ്പെടാത്ത സെന്ററില്‍ ഡെപ്പ്യൂട്ടേഷന്‍ കരാര്‍ വ്യവസ്ഥകളില്‍ ആണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. സ്വയ ഭരണാവകാശമുള്ള യൂനിവേഴ്‌സിറ്റി എന്നതാണ് പ്രഖ്യാപനമെങ്കിലും നിലവില്‍ നിത്യ ചെലവുകളുടെ വൗച്ചറുകള്‍ സമര്‍പ്പിക്കുന്ന മുറക്ക് കേന്ദ്ര യൂനിവേഴ്‌സിറ്റി അനുവദിക്കുന്ന തുക മാത്രമാണ് സ്ഥാപനത്തിന്ന് ലഭ്യമാകുന്നത്. ക്യാമ്പസിന്റെ തുടക്കത്തില്‍ ഒരു വര്‍ഷത്തിലധികം പ്രവര്‍ത്തിച്ച താത്കാലിക കെട്ടിടങ്ങള്‍ക്കുളള വാടകയിനത്തില്‍ ഏകദേശം 50 ലക്ഷത്തോളം രൂപയും കേരള സര്‍ക്കാര്‍ അന്ന് നല്‍കിയിരുന്നു.

ഫണ്ട് ഇനിയും വേണം

ആയിരത്തി ഇരുനൂറ് കോടി രൂപയുടെ പദ്ധതിയായിരിന്നു തുടക്കത്തില്‍ അലിഗഡ് സര്‍വകലാശാല മാനവവിഭവ ശേഷി വകുപ്പിന് നല്‍കിയിരുന്നത്. പിന്നീടത് ചുരുക്കി 140 കോടി രൂപയുടെ പദ്ധതിയാക്കി മാറ്റി. 2013 ഏപ്രില്‍ 18ന് യു പി എ സര്‍ക്കാര്‍ അംഗീകരിച്ച കേന്ദ്രത്തിന്റെ ഡി പി ആര്‍ പ്രകാരം അനുവദിച്ച 140 കോടി രൂപയില്‍ 60 കോടി രൂപ മാത്രമാണ് ഇതുവരെ യൂണിവേഴ്‌സിറ്റി കൈപ്പറ്റിയിട്ടുളളത്. ബാക്കി വരുന്ന 80 കോടി രൂപ ഇത് വരെ നേടിയെടുക്കാന്‍ യൂണിവേഴിസിറ്റിക്കായിട്ടില്ല. 12ാം പഞ്ചവത്സര പദ്ധതിയില്‍ അനുവദിച്ചിട്ടുളള ഈ തുക 2017 മാര്‍ച്ച് മാസത്തോടുകൂടി ഉപയോഗിക്കാത്ത പക്ഷം നഷ്ടപ്പെടുന്നതാണ് നിലവില്‍ ക്യാമ്പസിന്റെ അവസ്ഥ.

മലയാളികള്‍ പടിക്ക് പുറത്ത്

അലീഗഢ് കാമ്പസില്‍ നിന്ന് പഌസ് ടൂ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കാണ് ഡിഗ്രി കോഴ്‌സുകളിലെ 50 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മലപ്പുറം കേന്ദ്രത്തില്‍ പ്ലസ്ടു കോഴ്‌സ് ഇല്ലാത്തതിനാല്‍ പകുതി സീറ്റുകള്‍ ഉത്തര്‍പ്രദേശിലെ അലീഗഡ് ക്യാമ്പസില്‍ നിന്ന് പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ലഭ്യമാകുന്നത്. ഫലത്തില്‍ 50 ശതമാനം സീറ്റുകള്‍ ഉത്തരേന്ത്യക്കാര്‍ക്കാര്‍ക്കായി മാറ്റിവെക്കുന്നു. അലീഗഡ് യൂണിവേഴ്‌സിറ്റിയുടെ ചട്ടത്തില്‍ മാറ്റം വരുത്താതെ സ്‌കൂള്‍ തുടങ്ങാനാകില്ല. അലീഗഡിന്റെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗീകരിച്ച് മാനവവിഭവശേഷി വകുപ്പിന് നല്‍കുകയും അവരത് പാര്‍ലമെന്റില്‍ അംഗീകരിച്ച് ഇന്ത്യന്‍ പ്രസിസണ്ട് ഒപ്പിട്ടാല്‍ മാത്രമെ ഈ തടസം നീങ്ങുകയുള്ളു
അഥവാ കാലദൈര്‍ഘ്യമുണ്ടാക്കുന്ന സാങ്കേതികത്വം ഇതിനുണ്ട്. സ്‌കൂള്‍ എന്ന ചര്‍ച്ചക്ക് പകരം ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങുകയാണെങ്കില്‍ മറ്റ് പി.ജി കോഴ്‌സുകള്‍ക്ക് സംവരണം ലഭിക്കുക്കുകയും ചെയ്യും. ഇത് യൂണിവേഴ്‌സിറ്റിക്ക് എളുപ്പത്തില്‍ ചെയ്യാവുന്നതാണ്.

തറക്കല്ലിടല്‍ വേണ്ടുവോളം;
പദ്ധതികള്‍ കണ്ടവരുമില്ല

2011ല്‍ വാടക കെട്ടിടത്തില്‍ ആരംഭിച്ച ക്യാമ്പസിന് 2011 ഡിസംബര്‍ 24നാണ് ചേലാമലയില്‍ തറക്കല്ലിട്ടത്. 2012 ജൂണ്‍ 1ന് ചേലാമലയില്‍ നിര്‍മിച്ച താത്കാലിക കെട്ടിടത്തിലേക്ക് ക്യാമ്പസ് മാറ്റി. പിന്നീട് 2015 മെയ് 26ന് വീണ്ടും തറക്കല്ലിട്ടു. 2011 ല്‍ നടത്തിയത് അഡ്മിനിസട്രേറ്റീവ് ബ്ലോക്കിന്റേതാണെന്നും പുതിയ തറക്കല്ലിടല്‍ അക്കാദമിക്ക് ബ്ലോക്കിന്റെതാണെന്നുമായിരിന്നു യൂനിവേഴ്‌സിറ്റി അധികൃതരുടെ വാദം. എന്നാല്‍ 2011ല്‍ ഇട്ട കല്ലിന്റെ മുകളില്‍ ഒരു കല്ലു പോലും വെക്കാതെയായിരിന്നു തറക്കല്ലിടല്‍. മാസ്റ്റര്‍ പ്ലാനോ, ടെണ്ടറോ, എസ്റ്റിമേറ്റോ ഒന്നുമില്ലാതെ വെറുമൊരു പബഌസിറ്റി സ്റ്റണ്ട് മാത്രമായിരുന്നു രണ്ടാം തറക്കല്ലിടല്‍. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖകള്‍ ഇതിന് തെളിവാണ്. ആ ചടങ്ങില്‍ ബയോഗ്യാസ് പ്ലാന്റ്, വീഡിയോ കോണ്‍ഫ്രന്‍സിംഗ്, ക്യാമ്പസ് വൈഫൈ തുടങ്ങിയ പദ്ധതികള്‍ എല്ലാം ഉദ്ഘാടനം ചെയ്തിരിന്നെങ്കിലും ഈ പറഞ്ഞ ഒരു പദ്ധതിയും അവിടെ നടന്നിട്ടില്ല. പിന്നീട് ആറ് മാസത്തിന് ശേഷം മറ്റൊരു പദ്ധതിയിലാണ് ക്യാമ്പസില്‍ വൈ ഫൈ സൗകര്യം നിലവില്‍ വന്നത്. പുതിയ കോഴ്‌സുകള്‍ക്കുളള തടസമായി പറയുന്നത് സ്ഥിരം കെട്ടിടമില്ല എന്നതാണ്.

കോടതി കയറി അധ്യാപകര്‍

സ്ഥിരം ജോലി അല്ലാതിരുന്നിട്ട് പോലും ഇന്ത്യയില്‍ തന്നെ ലഭ്യമായ മികച്ച അധ്യാപകര്‍ അലിഗഡ് തെരെഞ്ഞെടുത്തത് ഈ സ്ഥാപനത്തിന്റെ അക്കാദമിക്ക് പ്രാഗല്‍ഭ്യം ഒന്നുകൊണ്ട് മാത്രമായിരുന്നു. എന്നാല്‍ ഇവരോടൊക്കെ യൂണിവേഴ്‌സിറ്റി കാണിച്ചത് തികച്ചും മാനുഷ്യത്വ രഹിതവും നീതി പൂര്‍വ്വവുമല്ലാത്തനിലപാടുകളായിരിന്നു. ക്യാമ്പസിന്റെ തുടക്കംതൊട്ട് കഴിഞ്ഞവര്‍ഷത്തോളം യൂനിവേഴ്‌സിറ്റിയെ സേവിച്ച പലരെയും സ്ഥിരം നിയമന സമയത്ത് യാതൊരു ദയാ ദാക്ഷ്യണ്യവുമില്ലാതെ പിരിച്ച് വിട്ട് സ്വന്തം ആളുകളെ തിരുകി കയറ്റുന്ന നിലപാടാണ് ഉത്തരേന്ത്യന്‍ ലോബി സ്വീകരിച്ചത്. യൂണിവേഴ്‌സിറ്റി നടത്തിയ മുഴുവന്‍ സ്ഥിര നിയമനങ്ങളിലും കേരള ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. ക്യാമ്പസിന്റെ തുടക്കം തൊട്ടുളള പല ജീവനക്കാരും കോടതി ഉത്തരവിലാണ് ഇപ്പോള്‍ തുടരുന്നത്.

 

Latest