കലാമിന്റെ ഇഷ്ടചിത്രകാരന്‍ ഹുസൈന്‍ ഓര്‍മയാകുന്നു

Posted on: December 20, 2016 3:06 pm | Last updated: December 20, 2016 at 3:06 pm

കൊപ്പം: മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാമിന്റെ ഇഷ്ടചിത്രകാരന്‍ ഹുസൈന്‍ ഓര്‍മയാകുന്നു. ദോഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൈപ്പുറം പാട്ടാരത്തില്‍ ഹുസൈന്‍ ഇന്നലെ രാവിലെ നിര്യാതനായി.

തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തില്‍ ജീവനക്കാരനായിരിക്കെയാണ് കലാമുമായി ഹുസൈന്‍ സൗഹൃദം സ്ഥാപിക്കുന്നത്. അവിടെ നിന്നും സീനിയര്‍ ടെക്‌നീഷ്യനായാണ് ഹുസൈന്‍ വിരമിച്ചത്. തുമ്പയില്‍ വിക്ഷേപണത്തിന് തയ്യാറാകുന്ന റോക്കറ്റുകളുടെയെല്ലാം ‘മേക്കപ്പ്മാന്‍’ഹുസൈനായിരുന്നു. റോക്കറ്റുകളില്‍ പെയിന്റ് ചെയ്യുന്നതും പേരെഴുതുന്നതും ദേശീയ പതാകയും ചിത്രങ്ങളും വരക്കുന്നതുമെല്ലാം ഹുസൈന്റെ നേതൃത്വത്തിലായിരുന്നു.
രോഹിണി 125 വിക്ഷേപണത്തിന് തയ്യാറാക്കിയപ്പോള്‍ സമാധാനചിഹ്നമായി പറക്കുന്ന പ്രാവുകളുടെ ചിത്രം വരച്ചു ഹുസൈന്‍. ഇത് കണ്ട കലാം ഹുസൈനെ തോളില്‍ തട്ടി അഭിനന്ദിക്കുകയുണ്ടായി. അന്ന് തുടങ്ങിയ ബന്ധം വര്‍ഷങ്ങളോളം ഇരുവരും കാത്തു. രോഹിണി 200ന്റെയം 300ന്റെയും 500ന്റെയും ഭംഗി കൂട്ടിയും കൈപ്പുറത്തുകാരുടെ ഹുസൈന്‍ക്കയായിരുന്നു.

വിക്ഷേപണത്തിന് തയ്യാറായ റോക്കറ്റുകളിലെല്ലാം എത്രയോ തവണ ഹുസൈന്റെ കൈ പതിഞ്ഞിട്ടുണ്ട്. റോക്കറ്റുകളെ സുന്ദരിയാക്കി മാറ്റുന്ന ഹുസൈനെ കലാം നിരവധി തവണ അഭിനന്ദിച്ചിട്ടുണ്ട്. റോക്കറ്റുകളുടെ മിനുക്ക് പണികള്‍ പൂര്‍ത്തിയായാല്‍ അബ്ദുല്‍കലാമും സഹപ്രവര്‍ത്തകരും എത്തും. ഈ സമയം കലാം ഏറെ നേരം സംസാരിക്കും. അഭിപ്രായങ്ങള്‍ പറയും. അഭിനന്ദിക്കും.
ചിലപ്പോള്‍ ചായ സല്‍ക്കാരവും നടത്തും. കലാമിനോട് വല്ലാത്തൊരു ആദരവായിരുന്നു ഹുസൈന്. കലാമിന്റെ ചിത്രം വരച്ച് വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഗാന്ധിജിയുടെയും സി എച്ചിന്റെയും ശിഹാബ് തങ്ങളുടെയും ചിത്രവും കൂട്ടത്തിലുണ്ടായിരുന്നു.
കലാമിന്റെ മരണവാര്‍ത്തയറിഞ്ഞ അദ്ദേഹം കലാമുമായുള്ള ഓര്‍മകള്‍ സിറാജിനോട് പങ്കിട്ടിരുന്നു. 34 വര്‍ഷം റോക്കറ്റ് വിക്ഷേപണകേന്ദ്രത്തില്‍ ജോലി ചെയ്തിട്ടുണ്ട്. 2007ലാണ് വിരമിച്ചത്.