Connect with us

Kerala

ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി

Published

|

Last Updated

തിരുവനന്തപുരം: ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി ബസുടമകളുടെ പ്രതിനിധികള്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടത്. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് ഒമ്പതു രൂപയാക്കണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ ബസുടമകള്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഇതു ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

ഡീസല്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് പണിമുടക്കുമെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഗതാഗതമന്ത്രി ചര്‍ച്ച ബസുടമകളുടെ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ഡീസല്‍ വില വര്‍ധന മൂലം വലിയ നഷ്ടമാണ് നേരിടുന്നതെന്നും ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിക്കണമെന്നുമായിരുന്നു സ്വകാര്യ ബസുടമകളുടെ ആവശ്യം. ചര്‍ച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ടുപോകാനാണ് ബസുടമകളുടെ തീരുമാനം. കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം ചേര്‍ന്ന് സമരം എന്നുമുതല്‍ വേണമെന്ന് തീരുമാനിക്കുമെന്ന് ഉടമകള്‍ അറിയിച്ചു.

ഇതിനിടെ കെഎസ്ആര്‍ടിസി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുറച്ച ഓര്‍ഡിനറി ബസുകളുടെ ചാര്‍ജ് പുനസ്ഥാപിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഡീസല്‍ വിലയിടിഞ്ഞത് പരിഗണിച്ച് ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും ആറ് രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഡീസല്‍ വില വര്‍ധിച്ചത് മൂലം കോര്‍പ്പറേഷന് അധിക ബാധ്യത വന്നതും ശമ്പള പ്രതിസന്ധിയും കണക്കിലെടുത്ത് ചാര്‍ജ് പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.