Connect with us

Editorial

അലപ്പോയെ ചൊല്ലി മുതലക്കണ്ണീര്‍

Published

|

Last Updated

സിറിയയില്‍ അഞ്ച് വര്‍ഷമായി തുടരുന്ന സംഘര്‍ഷം ഏത് നിലയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്ന സംഭവവികാസങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ ജനവാസ നഗരമായ അലപ്പോയില്‍ അരങ്ങേറുന്നത്. വിമത നീക്കം തുടങ്ങിയതില്‍ പിന്നെ ഫ്രീ സിറിയന്‍ ആര്‍മി അടക്കമുള്ള വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലായിരുന്നു അലപ്പോ. എന്നാല്‍ ഈയടുത്ത് റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സേന നടത്തിയ കര, വ്യോമ ആക്രമണങ്ങളില്‍ വിമത ആയുധധാരികള്‍ ചിതറുകയും കിഴക്കന്‍ അലപ്പോയില്‍ സര്‍ക്കാര്‍ കൃത്യമായ വിജയം വരിക്കുകയും ചെയ്തു. പ്രസിഡന്റ് ബശര്‍ അല്‍ അസദ് അഞ്ച് വര്‍ഷത്തിനിടെ നേടുന്ന ഏറ്റവും നിര്‍ണായകമായ വിജയമാണ് ഇത്. അതുകൊണ്ട് തന്നെ സൈന്യം ആഘോഷ തിമിര്‍പ്പിലാണ്. ഈ ആഘോഷം ക്രൂരമായ അതിക്രമങ്ങളുടെ സ്വഭാവം കൈവരിച്ചിരിക്കുന്നു. ആയുധധാരികള്‍ മാത്രമല്ല സിവിലിയന്‍മാരും സൈന്യത്തിന്റെ തോക്കിനിരയാകുകയാണ്. നഗരം വിട്ട് പോകുന്നവരെ തടഞ്ഞ് നിര്‍ത്തി വെടിവെച്ച് കൊന്നതായി സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മനഃസാക്ഷിയെ മരവിപ്പിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയും ചെയ്യുന്നു. സ്വാഭാവികമായും ബശര്‍ അല്‍ അസദിനെതിരെ ലോകത്താകെ രൂക്ഷമായ രോഷമാണ് ഉയരുന്നത്. മുസ്‌ലിം ലോകത്ത് നിന്ന് ഹൃദയമുരുകിയുള്ള പ്രാര്‍ഥനകളും ഉയരുന്നു.
സര്‍ക്കാറിന്റെ നിയന്ത്രണത്തിലായ കിഴക്കന്‍ അലപ്പോയില്‍ നിന്ന് വിമതര്‍ക്കും അവിടെ നില്‍ക്കാന്‍ താത്പര്യമില്ലാത്ത സിവിലിയന്‍മാര്‍ക്കും സുരക്ഷിത പാതയൊരുക്കാന്‍ തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി രൂപപ്പെട്ട കരാര്‍ പ്രകാരം സന്നദ്ധ സംഘടനകള്‍ ഒരുക്കുന്ന വാഹന വ്യൂഹത്തിന് സുരക്ഷിതമായി ജനങ്ങളെ കൊണ്ടു പോകാന്‍ സര്‍ക്കാര്‍ അവസരമൊരുക്കണം. ഇദ്‌ലിബിലേക്കാണ് ജനങ്ങള്‍ പ്രധാനമായും ഒഴിഞ്ഞു പോകുന്നത്. എന്നാല്‍ ഈ പഴുതുപയോഗിച്ച് വിമതര്‍ തടവുകാരെ മോചിപ്പിക്കുന്നുണ്ടെന്നും ആയുധം കടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ സൈന്യം ആരോപിക്കുന്നു. ഈ ആരോപണത്തിന്റെ പുറത്താണ് ബസുകള്‍ തടഞ്ഞ് വെക്കുന്നതും ആക്രമിക്കുന്നതും. ഇതിനിടക്ക് ഒഴിപ്പിക്കല്‍ പ്രക്രിയ നിര്‍ത്തിവെക്കേണ്ടിയും വന്നു.
അലപ്പോയെ നരകമെന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്ത് നിന്ന് ഒഴിയാനിരിക്കുന്ന ബാന്‍ കി മൂണ്‍ വിശേഷിപ്പിച്ചത്. റഷ്യയുടെയും അസദിന്റെയും ഇറാന്റെയും കൈകളില്‍ അലപ്പോയിലെ ചോര പുരണ്ടിരിക്കുന്നുവെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ പറയുന്നു. ആരാണ് യഥാര്‍ഥ ഉത്തരവാദി? അമേരിക്കക്ക് ഒരു പങ്കുമില്ലേ? തീര്‍ച്ചയായും അസദ് അപകടകരമായ അടിച്ചമര്‍ത്തലിലേക്കാണ് നീങ്ങുന്നത്. ഇതിന് അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്നത് റഷ്യയുടെ പിന്തുണ തന്നെയാണ്. ഇറാന്‍, ലബനാനിലെ ഹിസ്ബുല്ല എന്നിവയുടെ വംശീയമായ പിന്തുണയും അദ്ദേഹത്തെ കൂടുതല്‍ അക്രമാസക്തനായ ഭരണാധികാരിയാക്കുന്നു.
എന്നാല്‍ അമേരിക്കയുടെ ഇപ്പോഴത്തെ വിലാപം റഷ്യയുടെ ന്യായീകരണത്തേക്കാള്‍ അശ്ലീലമാണെന്ന് പറയാതെ വയ്യ. അസദിനെതിരെ സിറിയന്‍ ജനതയില്‍ ഉണര്‍ന്ന വികാരത്തെ സായുധ കലാപമാക്കി മാറ്റിയത് അമേരിക്കയാണ്. അത് സിറിയന്‍ ജനതയുടെ ജനാധിപത്യവത്കരണത്തിനായുള്ള മഹത്തായ നീക്കമായിരുന്നില്ല. മറിച്ച്, റഷ്യയുടെ ആശ്രിതനായ അസദിനെ താഴെയിറക്കുകയെന്ന കുടുസ്സായ ഭൗമരാഷ്ട്രീയ ലക്ഷ്യത്തിനായുള്ള കുതന്ത്രമായിരുന്നു. 2012 മുതല്‍ വിമത ഗ്രൂപ്പുകള്‍ക്ക് മുഴുവന്‍ ആയുധങ്ങള്‍ നല്‍കി സിറിയയെ കുട്ടിച്ചോറാക്കുകയും ഇസില്‍ തീവ്രവാദികള്‍ക്കടക്കം കടന്നുകയറാവുന്ന ഇടമാക്കി ആ രാജ്യത്തെ മാറ്റുകയും ചെയ്തിട്ട് ഇപ്പോള്‍ അമേരിക്ക കണ്ണീര്‍ ഒഴുക്കുകയാണ്. ഒബാമ ഇപ്പോള്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മാത്രമാണ്. നിയുക്ത പ്രസിഡന്റ് സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ സിറിയന്‍ നയം തികച്ചും വ്യത്യസ്തമാണ്. അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്റെ ഉറ്റതോഴനാണ്. റഷ്യ- അമേരിക്ക കൂട്ടുകെട്ടാണ് ഇനി സിറിയയില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പോകുന്നത്.
ബദല്‍ എന്താണെന്ന് ഒരു ധാരണയുമില്ലാതെ, അമേരിക്കന്‍ ചേരിയുടെ വാക്കു കേട്ട് ഭരണാധികാരിയെ സായുധമായി വെല്ലുവിളിക്കാന്‍ പോയ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ സിറിയന്‍ ജനതയോട് മറുപടി പറഞ്ഞേ തീരൂ. യഥാര്‍ഥ ജനകീയ പ്രതിരോധത്തിലേക്ക് ഉണരാത്തിടത്തോളം കാലം ബശര്‍ അല്‍ അസദിന്റെയും ഇറാനിയന്‍ ചേരിയുടെയും വംശീയ അതിക്രമങ്ങള്‍ക്ക് ഈ ജനത വിധേയമായിക്കൊണ്ടിരിക്കും. ഒപ്പം ഇസില്‍ തീവ്രവാദികളുടെയും വിദേശ സൈന്യത്തിന്റെയും ആക്രമണവും അവര്‍ അനുഭവിക്കണം. യു എന്നില്‍ നിന്നോ അന്താരാഷ്ട്ര സമൂഹമെന്ന് വിളിക്കപ്പെടുന്ന വന്‍ ശക്തി കൂട്ടായ്മയില്‍ നിന്നോ ഒന്നും പ്രതീക്ഷിക്കാനില്ല.

Latest