പുതിയ കരസേന മേധാവിയുടെ നിയമനം സീനിയോറിറ്റി മറികടന്നെന്ന് കോണ്‍ഗ്രസ്

Posted on: December 18, 2016 3:29 pm | Last updated: December 18, 2016 at 10:05 pm

ന്യൂഡല്‍ഹി: സീനിയോറിറ്റി മറികടന്നാണ് കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. ‘ഞങ്ങള്‍ അദ്ദേഹത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ എന്തുകൊണ്ടാണ് സീനിയോറിറ്റി മറികടന്നതെന്നാണ് ചോദ്യം’ തീവാരി വ്യക്തമാക്കി. ഇതുപോലെയുള്ള സംഭവം ആദ്യമായല്ല നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കരസേനയുടെ ഈസ്‌റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ബക്ഷി, സതേണ്‍ കമാന്‍ഡ് മേധാവിയും മലയാളിയുമായ പിഎം ഹാരിസ്, സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ബിഎസ് നേഗി എന്നിവരെ മറികടന്നാണ് ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചത്.

അതേസമയം, യുദ്ധസമാന സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിട്ട് പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ളതിനാലാണ് ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ജനറല്‍ ദല്‍ബീര്‍ സിംഗ് ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിലവില്‍ കരസേന വൈസ് ചീഫ് ആയ ജനറല്‍ ബിപിന്‍ റാവത്തിനെ മേധാവിയായി നിയമിച്ചത്.