മുത്വലാഖിനെതിരായ നീക്കം മതവിഷയത്തിലെ അജ്ഞതമൂലം: കാന്തപുരം

Posted on: December 18, 2016 10:13 am | Last updated: December 19, 2016 at 7:12 am

ന്യൂഡല്‍ഹി: മുത്വലാഖിനെതിരായ നീക്കങ്ങള്‍ മതവിഷയങ്ങളെപറ്റിയുള്ള അജ്ഞതയില്‍ നിന്ന് ഉടലെടുത്തതാണെന്നും ഇസ്‌ലാം ഒരിക്കലും വിവാഹമോചനത്തിനെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. വിവാഹമോചനം അനിവാര്യമായ കാരണങ്ങളുള്ളപ്പോള്‍ മതപരമായ ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിച്ചു കൊണ്ട് മാത്രം ചെയ്യേണ്ടതാണ്.

ആധുനിക കാലത്ത് സാമൂഹിക മാധ്യമങ്ങളും മൊബൈല്‍ സന്ദേശങ്ങളും വഴി വിവാഹമോചനം ചെയ്യപ്പെടുന്ന പ്രവണതകള്‍ ഉണ്ടല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട്, മൊബൈല്‍ എസ് എം എസ്, സോഷ്യല്‍ മീഡിയ എന്നിവ വഴിയുള്ള വിവാഹമോചനം പരിഗണിക്കപ്പെടണമെങ്കില്‍ വിവാഹ മോചനം ചെയ്യുന്ന വ്യക്തി തന്നെയാണ് സന്ദേശം അയച്ചത് എന്ന് ഉറപ്പിക്കാന്‍ സാക്ഷികള്‍ വേണം എന്ന് കാന്തപുരം പ്രതികരിച്ചു.

അനിവാര്യ ഘട്ടങ്ങളില്‍ വിവാഹമോചനം നടത്താന്‍ ഇസ്‌ലാം അനുവദിക്കുന്ന സാഹചര്യം ദുരുപയോഗം ചെയ്യപ്പെടുന്നത് സംഭവങ്ങള്‍ മാത്രമാണെന്നും ഇത്തരം സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് മതനിയമങ്ങളില്‍ ഇടപെടാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.