കരിപ്പൂര്‍: പ്രശ്‌നം പരിഹരിക്കുമെന്ന് കാന്തപുരത്തിന് മന്ത്രിയുടെ ഉറപ്പ്

Posted on: December 17, 2016 11:35 pm | Last updated: December 17, 2016 at 11:35 pm

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളവും കരിപ്പൂര്‍ ഹജ്ജ് ക്യാമ്പുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍കൈയെടുക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. കരിപ്പൂരിലേക്കുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് നഖ്‌വിയുമായി കൂടിക്കാഴ്ച നടത്തിയ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയത്. കരിപ്പൂരിലെ നിലവിലെ പ്രശ്‌നങ്ങള്‍ വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരത്തിന് മുന്‍കൈയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഹജ്ജ് തീര്‍ഥാടകര്‍ക്ക് അനുയോജ്യമായ സൗകര്യമൊരുക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ സ്ഥിരമായി അയക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. സബ്‌സിഡി എടുത്തുകളയേണ്ട അവസ്ഥ വന്നാല്‍ നിലവിലുള്ള ഹജ്ജിന്റെ ചെലവ് നേര്‍പകുതിയായി ചുരുക്കാന്‍ നടപടി സ്വീകരിക്കും. ഹജ്ജ് നികുതി കുറക്കുന്നതിന് സഊദി സര്‍ക്കാറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കും. ഏക സിവില്‍കോഡ് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഭരണഘടനാ ഭേദഗതി ആവശ്യമായ ഇക്കാര്യം ജനങ്ങളുടെ പിന്തുണയില്ലാതെ നടത്താനാകില്ലെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന തരത്തില്‍ സംവരണം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കുമെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാറുകളെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിമാനത്താവള റണ്‍വേ വികസനത്തിന്റെ പേരില്‍ കൊച്ചിയിലേക്ക് മാറ്റിയ ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ പുനരാരംഭിക്കുക, ഇതിന് സൗകര്യമൊരുക്കുന്നതിന് നിര്‍ത്തലാക്കിയ ഹജ്ജ് വിമാനങ്ങളുള്‍പ്പെടെ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കാന്തപുരം ഉന്നയിച്ചത്. കേരളത്തിലെ ഹജ്ജ് തീര്‍ഥാടകരില്‍ ഭൂരിഭാഗവും മലബാറില്‍ നിന്നുള്ളവരാണെന്നും ഇവരില്‍ അധികവും എഴുപതില്‍ കൂടുതല്‍ പ്രായമുള്ളവരാമെന്നും കാന്തപുരം മന്ത്രിയെ ബോധിപ്പിച്ചു. കേരള ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പ്രൊഫ. എ കെ അബദുല്‍ ഹമീദ്, കേരള ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ തറയിട്ടാല്‍ ഹസന്‍ സഖാഫി, ഇന്‍ഡോ- അറബ് കോണ്‍ഫറന്‍സ് സെക്രട്ടറി വി ടി അബ്ദുല്ലക്കോയ മാസ്റ്റര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.