അര്‍ബുദത്തെ തോല്‍പ്പിച്ച ശരീഫ ഇനി രോഗത്തിനെതിരെ പോരാടും

Posted on: December 17, 2016 7:48 pm | Last updated: December 17, 2016 at 7:48 pm

ദോഹ: ഖത്വര്‍ കാന്‍സര്‍ സൊസൈറ്റിയുടെ അര്‍ബുദത്തിനെതിരായ പ്രചാരണങ്ങള്‍ക്ക് രോഗത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് എഴുന്നേറ്റു നിന്ന പെണ്‍കുട്ടി ശരീഫ ഹഖ്ബാനി നായകത്വം വഹിക്കും. ശരീഫയെ ഹോണററി അംബാസിഡറായി തിരഞ്ഞെടുത്തതായി കഴിഞ്ഞ ദിവസം കാന്‍സര്‍ സൊസൈറ്റി ചെയര്‍മാന്‍ ഡോ. ശൈഖ് ഖാലിദ് ബിന്‍ ജാബര്‍ അല്‍ താനിയാണ് അറിയിച്ചത്.
കാന്‍സര്‍ ബാധിച്ച ജീവിത്തത്തില്‍ നിന്നും തിരിച്ചു വന്ന അനുഭവങ്ങളും കാഴ്ചപ്പാടുകളും വിവരിച്ച് ‘ഇന്‍ സ്‌പൈറ്റ് ഓഫ് പെയിന്‍..ഹോപ് റിമൈന്‍സ്’ എന്ന പുസ്തകം ശരീഫ എഴുതിയിട്ടുണ്ട്. കാന്‍സറിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുസ്തകത്തില്‍ ഒപ്പു വെക്കല്‍ പരിപാടി സംഘടിപ്പിച്ചു. ദോഹ ഇന്റര്‍നാഷനല്‍ ബുക് ഫെയര്‍ കമ്മിറ്റിയുമായി സഹകരിച്ചായിരുന്നു പരിപാടി. ശരീഫയുടെ കൈയൊപ്പ് ചാര്‍ത്തിയ പുസ്തകം സ്വന്തമാക്കാന്‍ നിരവധി പേരെത്തി. കാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഖത്വറിലും ജി സി സി രാജ്യങ്ങളിലും നടക്കുന്ന കാന്‍സറിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ശരീഫയുടെ സാന്നിധ്യമുണ്ടാകുമെന്ന് ഡോ. ശൈഖ് ഖാലിദ് പറഞ്ഞു.
ശരീഫയുടെ പുസ്തകം ഖത്വറില്‍ അച്ചടിച്ച് വിതരണം ചെയ്യുമെന്നും കാന്‍സര്‍ രോഗികളുടെ ചികിത്സക്കായി അതില്‍ നിന്നും ലഭിക്കുന്നു വരുമാനം ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭേദമാകുന്ന രോഗമാണ് രോഗമാണ് കാന്‍സറെന്ന് സമൂഹത്തോട് വിളിച്ചു പറയാന്‍ ശരീഫയെ പോലുള്ള രോഗമുക്തമായ കുട്ടികള്‍ രംഗത്തു വരുന്നത് പ്രതീക്ഷാ നിര്‍ഭരമാണെന്നും ഇത്തരം സന്നദ്ധതകളെ പ്രോത്സാഹിപ്പിച്ച് രോഗികളായവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗകാലത്തെ അനുഭവങ്ങളും രാഗാവസ്ഥയെ നേരിട്ടതും മറികടന്നതുമായ കാര്യങ്ങളും ശരീഫ വിവരിച്ചു. രോഗികളുടെ ദൃഢനിശ്ചയമാണ് പ്രധാനം. കുടുംബത്തില്‍ നിന്നു ലഭിച്ച പിന്തുണ വലിയ കരുത്തായിരുന്നു. രോഗം അറിഞ്ഞപ്പോള്‍ അവരും അന്ധാളിച്ചു പോയിരുന്നു. എന്നാല്‍ പിന്നീട് യാതാര്‍ഥ്യം മനസ്സിലാക്കി ധൈര്യം തന്നു. ജീവിതത്തിലേക്കുള്ള പ്രതീകളും ഒപ്പം ചികിത്സയുമായാല്‍ രോഗമുക്തമാകാന്‍ പറ്റുമെന്ന് കാന്‍സര്‍ തന്നെ ബോധ്യപ്പെടുത്തിയതായും ശരീഫ പറഞ്ഞു.