ശമ്പള പ്രതിസന്ധി; കെ എസ് ആര്‍ ടി സിക്ക് താത്കാലിക ആശ്വാസം

Posted on: December 17, 2016 7:18 am | Last updated: December 16, 2016 at 11:19 pm

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ ശമ്പള പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. ഇന്നലെ വൈകുന്നേരത്തോടെ 75 ശതമാനം ശമ്പളവും വിതരണം ചെയ്തു. അതേസമയം ഇന്നലെ നല്‍കുമെന്ന് പറഞ്ഞിരുന്ന പെന്‍ഷന്‍ വിതരണം നടന്നില്ല. ഫണ്ട് ലഭിക്കാത്തതാണ് കാരണമെന്നാണ് കെ എസ് ആര്‍ ടി സിയുടെ വിശദീകരണം. ഫണ്ട് ലഭിക്കുന്ന മുറക്ക് പെന്‍ഷന്‍ വിതരണം നടക്കും.

അതേസമയം, ഡിസംബറില്‍ നല്‍കേണ്ട ആറ് ശതമാനം ഡി എ വര്‍ധന വേണ്ടെന്നുവെച്ചിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി, ഐ എന്‍ ടി യു സി വിഭാഗം സംസ്ഥാന പ്രസിഡന്റ് ആര്‍ ശശിധരന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെക്കുകയും ചെയ്തു.
സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കിയ 27.5 കോടിയും കെ ടി ഡി എഫ് സിയില്‍ നിന്ന് വായ്പയായി ലഭിച്ച 50 കോടിയും ഉപയോഗിച്ചാണ് ശമ്പളം നല്‍കിയത്. പകുതി പെന്‍ഷനും ശമ്പളത്തുകയുടെ 75 ശതമാനവും വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പെന്‍ഷന്‍ വിതരണം നടന്നില്ല.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറ് ശതമാനം ഡി എ വര്‍ധന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കണമെങ്കില്‍ ആറ് കോടി രൂപ അധികമായി കണ്ടെത്തണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് കഴിയാത്തതുകൊണ്ടാണ് ഡി എ വര്‍ധന നല്‍കേണ്ടെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം തീരുമാനിച്ചത്. അതേസമയം, ജീവനക്കാരോടുള്ള വഞ്ചനയാണിതെന്ന് ഐ എന്‍ ടി യു സി വിഭാഗം സംസ്ഥാന പ്രസിഡന്റ് ആര്‍ ശശിധരന്‍ പറഞ്ഞു.
എന്നാല്‍ ഡി എ വര്‍ധന റദ്ദാക്കിയിട്ടില്ലെന്നും സാമ്പത്തികമായി സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൊടുക്കാന്‍ തയ്യാറാണെന്നും എം ഡി രാജമാണിക്യം അറിയിച്ചു.