Connect with us

Gulf

സിറിയന്‍ ജനതക്കു വേണ്ടി ഖത്വറിലെ സന്നദ്ധ സംഘടനകള്‍

Published

|

Last Updated

ദോഹ: സിറിയന്‍ ഭരണകൂടം ഹലബ് പട്ടണത്തില്‍ നടത്തുന്ന ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് അടിയന്തര സഹായവുമായി ഖത്വറിലെ ജീവകാരുണ്യ സംഘടനകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖത്വര്‍ ചാരിറ്റി, ഈദ് ചാരിറ്റി, റാഫ്, ഖത്വര്‍ റെഡ് ക്രസന്റ് എന്നിവയാണ് സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഭക്ഷ്യ സാധനങ്ങളും കുട്ടികള്‍ക്കുള്ള പോഷകാഹാരങ്ങളും തണുപ്പിനുള്ള വസ്തുക്കളുമടങ്ങിയ 12 കണ്ടെയ്‌നറുകള്‍ സിറിയ തുര്‍ക്കി അതിര്‍ത്തി വഴി ഖത്വര്‍ ചാരിറ്റി ഇന്ന് ഹലബിലേക്ക് പ്രവേശിക്കും. 20,000 പേരെയാണ് ഒന്നാം ഘട്ട സഹായത്തില്‍ ലക്ഷ്യമാക്കുന്നത്. സിറിയയിലും തുര്‍ക്കിയിലുമായി കഴിയുന്ന അഭയാര്‍ഥികള്‍ക്കായി ഖത്വര്‍ ചാരിറ്റി നടത്തുന്ന “സിറിയ: തണുപ്പിലും വിശപ്പിലും” എന്ന കാംപയിന്റെ ഭാഗമായാണ് അടിയന്തര സഹായം. മറ്റു 20ഓളം സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് ഖത്വറിലെ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.
കണ്ടെയ്‌നറുകളുടെ സിറിയയിലേക്കുള്ള പ്രവേശന ഉദ്ഘാടനത്തിനു ഖത്വര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. സിറിയ, തുര്‍ക്കി അതിര്‍ത്തികളില്‍ കഴിയുന്ന അനാഥ കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും. സിറിയന്‍ അതിര്‍ത്തിയില്‍ ഖത്വര്‍ ചാരിറ്റി നടത്തുന്ന നിരവധി ജീവകാരുണ്യ പദ്ധതികള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഇന്നലെ സന്ദര്‍ശിച്ചു.

ജാസിം അല്‍സുലൈത്വി, ഡോ. ആയിദ് അല്‍ ഖഹ്താനി, ക്യാപ്റ്റന്‍ ആദില്‍ ലാമി, ജഫാല്‍ റാശിദ് മുബാറക് അല്‍ കുവാരി, സഈദ് മുഹമ്മദ് അബ്ദുല്ല അല്‍ മര്‍റി, സെയ്ഫ് അലി സെയ്ഫ് അല്‍ അദ്ബ, അലി അബ്ദുല്ല അല്‍ നഈമി, അഹ്മദ് ഖലീല്‍ ഇബ്രാഹിം അല്‍ഖാലിദി, ആദില്‍ ഖമീസ് ജുമുഅ മുബാറക്ക്, അബ്ദുല്ല മുഹമ്മദ് സാലിം മുബാറക്, മുബാറക് മുസ്തഫ നൂറുല്ല ഫദ്‌ലി എന്നിവരാണ് ഖത്വര്‍ സന്നദ്ധ സംഘത്തിലുള്ളത്.
തുര്‍ക്കി ജീവകാരുണ്യ സംഘടനയുമായി സഹകരിച്ചു കൊണ്ട് മൂന്നര ലക്ഷം ഡോളറിന്റെ സഹായം ആദ്യഘട്ടത്തില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് കാംപയിന്‍ സൂപര്‍വൈസര്‍ ഫൈസല്‍ അല്‍ ഫഹീദ പറഞ്ഞു. അടിയന്തര ഘട്ടത്തില്‍ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി ഖത്വര്‍ ചാരിറ്റിയുടെ അങ്കാറ ആസ്ഥാനമായുള്ള പ്രാദേശിക ഓഫിസിനു കീഴില്‍ ഗാസി അല്‍താബ് പട്ടണത്തില്‍ ശാഖാ ഓഫിസിനു കഴിഞ്ഞ ദിവസം തുടക്കമിട്ടു.

കാംപയിന്റെ ഭാഗമായി ഖത്വര്‍ ചാരിറ്റി സോഷ്യല്‍ മീഡിയ വഴി ചില സംഭാവന പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷണ വിഭവങ്ങള്‍, ശുചീകരണ സാമഗ്രികള്‍, തണുപ്പിനെ ചെറുക്കാനുള്ള സാധനങ്ങള്‍ എന്നിവയടങ്ങുന്ന സിംഗിള്‍ പാക്കേജിനു 500 റിയാല്‍ സംഭാവനയും അഞ്ച് പേരടങ്ങുന്ന കുടുംബ പാക്കേജിനു 2000 റിയാലിന്റെ സംഭാവനയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കുടുംബത്തിനു ഒരു മാസത്തേക്കാവശ്യമായ അവശ്യ വസ്തുക്കള്‍ക്ക് 4000 റിയാലിന്റെ സംഭാവനാ പാക്കേജും ഖത്വര്‍ ചാരിറ്റി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ സ്വദേശികളും വിദേശികളുമായ അഭ്യുദയകാംക്ഷികള്‍ ഈ പാക്കേജുകളില്‍ ഏതെങ്കിലും തിരഞ്ഞെടുത്ത് ഹലബ് നിവാസികളെ ഉദാരമായി സഹായിക്കണമെന്ന് ഖത്വര്‍ ചാരിറ്റി അധികൃതര്‍ വ്യക്തമാക്കി.
സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 55341818 (റാഫ് ചാരിറ്റി ഹോട്ട്‌ലൈന്‍), 44667711 (ഖത്വര്‍ ചാരിറ്റി ഹോട്ട് ലൈന്‍), 40405555 (ഈദ് ചാരിറ്റി), +16002 (ഖത്വര്‍ റെഡ് ക്രസന്റ്) നമ്പറുകളില്‍ ബന്ധപ്പെടണം.
കതാറ കള്‍ച്ചറല്‍ വില്ലേജ്, ആസ്പയര്‍ സോണ്‍ എന്നിവടങ്ങളിലെ റസ്‌റ്റോറന്റുകള്‍ ഡിസംബര്‍ 15 മുതലുള്ള മൂന്ന് ദിവസത്തെ വരുമാനം ഹലബിലേക്കു സഹായമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. കതാറയിലെ മാമിഗ്, ഖാന്‍ ഫാറൂഖ്, അര്‍ദ് കനാന്‍, ആസ്പയറിലെ ഷുഗര്‍ ആന്‍ഡ് സ്‌പൈസ്, ബര്‍ഗെറി, സലാഡ് ബൗതിഖ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഹലബിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെനിന്ന് ഭക്ഷണം കഴിക്കണം.

 

Latest