പ്രതിപക്ഷം അഴിമതി വിരുദ്ധ പോരാട്ടത്തിന് എതിരെന്ന് പ്രധാനമന്ത്രി

Posted on: December 16, 2016 12:22 pm | Last updated: December 16, 2016 at 3:13 pm

ന്യൂഡല്‍ഹി: പ്രതിപക്ഷം അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് എതിരു നില്‍ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരേ വീണ്ടും വിമര്‍ശനം ഉന്നയിച്ചത്.

കോണ്‍ഗ്രസ് എന്നും രാജ്യത്തേക്കാള്‍ വലുതായി പാര്‍ട്ടിയെയാണ് കണ്ടത്. പാര്‍ട്ടിയെക്കാള്‍ വലുതാണ് രാജ്യമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മനസിലാക്കണം. ഇടതുപക്ഷം നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

നോട്ട് നിരോധനത്തില്‍ ഉദ്ദേശശുദ്ധി ജനങ്ങളോട് വിശദീകരിക്കാന്‍ ബിജെപി എംപിമാരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഡിജിറ്റല്‍ ഇടപാടിന്റെ ഗുണങ്ങളെ കുറിച്ചും ജനങ്ങലെ ബോധവല്‍കരിക്കണം. അവരവരുടെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ജനങ്ങളോട് വിശദീകരിക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പ്രധാനമന്ത്രി പാര്‍ട്ടി എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.