തലയോലപറമ്പില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയില്ല; തിരച്ചില്‍ തുടരുന്നു

Posted on: December 16, 2016 5:18 am | Last updated: December 16, 2016 at 12:20 am
കൊല്ലപ്പെട്ട മാത്യൂവിന്റേതെന്നു കരുതി
പോലിസ് കണ്ടെത്തിയ അസ്ഥികള്‍

തലയോലപ്പറമ്പ്: കൊല്ലപ്പെട്ട തലയോലപറമ്പ് കാലായില്‍ മാത്യൂവിന്റെ ശരീരവശിഷ്ടം ഇന്നലെയും കണ്ടെത്താനായില്ല. കൊലപാതക കേസില്‍ അനീഷിന്റെ മൊഴിമാറ്റങ്ങള്‍ പോലിസിനെ കുഴക്കുകയാണ്. ബുധനാഴ്ച തുടങ്ങിയ പരിശോധന ഇന്നലെയും തുടര്‍ന്നു. രണ്ട് ദിവസത്തിനുള്ളില്‍ ബഹുനില മന്ദിരത്തിന്റെ മൂന്ന് മുറികള്‍ വെട്ടിപ്പൊളിച്ചു. രണ്ട് മുറികള്‍ ബുധനാഴ്ച പൂര്‍ണമായും കുഴിച്ചിരുന്നു. ഇതിനിടയില്‍ കെട്ടിടത്തിനു സമീപമുള്ള കിണറിന്റ പരിസരം അനീഷ് കാണിച്ചുകൊടുത്തു.

ഇവിടെ അതിവേഗം പോലിസ് ജെ സി ബി ഉപയോഗിച്ച് താഴ്ത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നലെ രാവിലെ 8.40ഓടെ പോലിസ് സ്ഥലത്തെത്തി. മൂന്നാമത്തെ മുറിയുടെ ഭാഗം അനീഷ് കാണിച്ചുകൊടുത്തു. ഉടന്‍ തന്നെ ഇവിടെ കുഴി കുത്താന്‍ ആരംഭിച്ചു. ഇതിനിടയില്‍ ജനങ്ങള്‍ കിണറിനു സമീപത്തുള്ള മണ്‍കൂനയില്‍ അസ്ഥികള്‍ ചിതറി കിടക്കുന്നത് പോലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഈ സമയം സംഭവസ്ഥലത്ത് നിന്നവരുടെയെല്ലാം ആകാംക്ഷ അതിരുവിട്ടു. പോലിസും വലിയ ആവേശത്തിലായി. ഉടന്‍ തന്നെ ഡോക്ടറെത്തി അസ്ഥികള്‍ പരിശോധിച്ചു. പിന്നീട് ഇത് ഫോറന്‍സിക് പരിശോധനക്ക് അയച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇതു മനുഷ്യന്റെ അസ്ഥികളല്ലെന്ന് പരിശോധനാഫലം വന്നു. ഇതോടെ മന്ദഗതിയിലായ പരിശോധന വീണ്ടും പുരോഗമിച്ചു. എന്നാല്‍ ഇരുള്‍ വീണിട്ടും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ബഹുനില കെട്ടിടം പണിയാന്‍ മണ്ണെടുത്ത സമയത്ത് അവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കാമെന്ന സംശയം വീണ്ടും മുറുകിയിരിക്കുകയാണ്.
സ്ഥലത്തെത്തിയ അനീഷിന്റെ മുഖഭാവം മ്ലാനത നിറഞ്ഞതായിരുന്നു. ഇവിടെ തന്നെയാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് അനീഷ് പോലിസിനോട് തറപ്പിച്ചു പറഞ്ഞതായാണ് അറിയുന്നത്. വരും ദിവസങ്ങളില്‍ അന്വേഷണം ഏതുദിശയിലേക്ക് തിരിക്കണമെന്ന കാര്യത്തില്‍ പോലിസ് ആശയക്കുഴപ്പത്തിലാണ്.