Connect with us

Kerala

യു പി- എല്‍ പി അസിസ്റ്റന്റ്; പി എസ് സി പരീക്ഷയില്‍ മാറ്റമില്ല

Published

|

Last Updated

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പില്‍ യു പി-എല്‍ പി അസിസ്റ്റന്റ് തസ്തികയിലേക്ക് നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷ മുന്‍ നിശ്ചയ പ്രകാരം ഈ മാസം 17നും ജനുവരി 21നും തന്നെ നടക്കുമെന്ന് പി എസ് സി അറിയിച്ചു. പരീക്ഷ നടത്തുന്നത് സ്റ്റേ ചെയ്തു കൊണ്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ച സാഹചര്യത്തില്‍ പരീക്ഷ മുന്‍ നിശ്ചയ പ്രകാരം അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ചു നടത്തുമെന്ന് പി എസ് സി അറിയിച്ചു. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് വ്യക്തിഗതാ അറിയിപ്പ് നല്‍കില്ലെന്നും പി എസ് സി വ്യക്തമാക്കി.

യു പി – എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് നിയമന നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞതിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനുകൂല വിധിയുടെ പശ്ചാത്തലത്തിലാണ് മുമ്പ് നിശ്ചയിച്ചിരുന്ന പ്രകാരം പരീക്ഷ നടത്തുന്നത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 17ന് യു പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷയും ജനുവരി 21ന് എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷയും നടത്തും. യു പി അസിസ്റ്റന്റിന് 1.4ലക്ഷം പേരും രണ്ടാമത്തേത് 52,000 പേരും അപേക്ഷിച്ചിട്ടുണ്ട്.
2014ലെ കാറ്റഗറി നമ്പര്‍ 386/2014 പ്രകാരമുള്ള വിജ്ഞാപനമനുസരിച്ചാണ് പി എസ് സി അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ആഗസ്ത് 30ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അനുസരിച്ച് രണ്ട് തസ്തികയിലും നിയമനത്തിന് അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെസ്റ്റ് പാസാകണം. ഈ മാനദണ്ഡം പഴയ പി എസ് സി വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പരീക്ഷ നടപടി തടഞ്ഞിരുന്നത്.

 

Latest