സഹകരണ ബാങ്കുകള്‍ക്ക് ഇളവില്ലെന്ന് സുപ്രീംകോടതി

Posted on: December 15, 2016 6:07 pm | Last updated: December 16, 2016 at 9:08 am

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തില്‍ ഇളവില്ലെന്ന് സുപ്രീംകോടതി. ഇളവ് നല്‍കിയാല്‍ അത് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിക്ക് എതിരാവില്ലേയെന്നു കോടതി ചോദിച്ചു. സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജികളും നോട്ട് പിന്‍വലിക്കല്‍ നടപടി ചോദ്യം ചെയ്ത പൊതുതാല്‍പര്യ ഹര്‍ജികളും പരിഗണിച്ചാണ് കോടതി വിധി.

നവംബര്‍ 10 മുതല്‍ 14 വരെ സ്വീകരിച്ച നിക്ഷേപങ്ങള്‍ സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാം. കോടികള്‍ ആസ്തിയുള്ള സഹകരണ ബാങ്കുകള്‍ക്ക് രണ്ടാഴ്ച കൂടി കാത്തിരുന്നാല്‍ എന്താണ് പ്രശ്‌നമെന്നും സുപ്രീം കോടതി ചോദിച്ചു.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. സാധാരണക്കാര്‍ക്ക് 24,000 രൂപ പോലും ആഴ്ചയില്‍ ലഭിക്കുന്നില്ല. ഇങ്ങനെ നോട്ട് പ്രതിസന്ധിയുള്ള സമയത്ത് ചിലരുടെ കൈയില്‍ മാത്രം ലക്ഷങ്ങളുടെ പുതിയ നോട്ടുകള്‍ എങ്ങനെ വരുന്നുവെന്നും സുപ്രീം കോടതി ചോദിച്ചു. ലക്ഷക്കണക്കിന് രൂപ കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുത്ത് കഴിഞ്ഞിട്ടും സാധാരണക്കാരന് നോട്ട് പ്രതിസന്ധി തുടരുകയാണെന്നും കോടതി നിരീക്ഷിച്ചു.