Connect with us

National

വര്‍ദാ: ഗതാഗതം പുനഃസ്ഥാപിച്ചു; 1000 കോടി ആവശ്യപ്പെട്ട് മോദിക്ക് കത്ത്‌

Published

|

Last Updated

ചെന്നൈ: വര്‍ദാ കൊടുങ്കാറ്റ് വീശിയടിച്ച ചെന്നൈയിലും സമീപ ജില്ലകളിലും ജനജീവിതം സാധരണ നിലയിലേക്ക്. പൊതുഗാതഗ സംവിധാനങ്ങളും മറ്റും പുനഃസ്ഥാപിച്ചു വരികയാണ്. വിമാന സര്‍വീസുകള്‍ നേരത്തെ സാധാരണ നിലയിലായിരുന്നു. എന്നാല്‍ നേരത്തെ റദ്ദാക്കിയിരുന്ന അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.

സിറ്റി ബസ്, മെട്രോ റെയില്‍, പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ എം ആര്‍ ടി എസ് ട്രെയിന്‍ ഇതുവരെ സര്‍വീസ് ആരംഭിച്ചിട്ടില്ല. മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളും ടെലഫോണ്‍ സര്‍വീസുകളും പുനഃസ്ഥാപിച്ചു വരികയാണ്. ബ്രോഡ്ബാന്‍ഡ് കണക്ഷനുകളിലെ തകരാര്‍ പരിഹരിക്കാത്തതിനാല്‍ ആളുകള്‍ക്ക് ഡിജിറ്റര്‍ ഇടപാടുകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. റോഡുകളിലേക്ക് കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്തതിനാല്‍ വാഹനങ്ങള്‍ തടസ്സമില്ലാതെ നിരത്തുകളില്‍ സര്‍വീസ് നടത്തി.
വര്‍ദ നാശം വിതച്ച സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സഹായമായി ആയിരം കോടി അനുവദിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രശ്‌നം പഠിക്കാന്‍ പ്രത്യേക കേന്ദ്ര സേനയെ അയക്കണമെന്നും ദുരന്ത നിവാരണ ഫണ്ടായി ആയിരം കോടി ഉടന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

അതേ സമയം, ടെലഫോണ്‍ സംവിധാനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ നടത്തികൊണ്ടിരിക്കുകയാണെന്ന് ടെലികോം അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ചയുണ്ടായ കൊടുങ്കാറ്റില്‍, വൈദ്യുതി, ഇന്റര്‍നെറ്റ്, മൊബൈല്‍, ടെലഫോണ്‍, മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളാണ് താറുമാറായത്. കൊടുങ്കാറ്റ് വീശിയടിച്ച ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ പ്രശ്‌നം പരിഹരിക്കാന്‍ തീവ്രശ്രമം നടത്തുകയാണെന്ന് ടെലികോം കമ്പനികള്‍ അറിയിച്ചു. ചില സ്ഥലങ്ങളില്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. വോയ്‌സ് കാള്‍ സംവിധാനം നിലച്ച സ്ഥലങ്ങളില്‍ ഉടന്‍തന്നെ പുനഃസ്ഥാപിക്കുമെന്ന് വൊഡഫോണ്‍ അധികൃതര്‍ അറിയിച്ചു. സേവനങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് കമ്പനികളോട് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Latest