ആരോഗ്യവകുപ്പ് സ്മാര്‍ട്ടാകുന്നു

Posted on: December 15, 2016 7:00 am | Last updated: December 15, 2016 at 12:02 am
SHARE

കണ്ണൂര്‍: ഏത് സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാലും കുടുംബത്തിലെ ഏതംഗത്തിന്റെയും ആരോഗ്യവിവരങ്ങള്‍ അറിയാനും അവര്‍ക്ക് ആവശ്യമായ ചികിത്സയൊരുക്കാനുമുള്ള സംവിധാനം തയ്യാറാകുന്നു.

ആരോഗ്യ പരിപാലന രംഗത്തെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ തയ്യാറാക്കുന്ന ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായുള്ള വിവരശേഖര വിനിമയ സംവിധാനമാണ് മൂന്ന് മാസത്തിനകം സംസ്ഥാനത്തെ 1200 ആരോഗ്യകേന്ദ്രങ്ങളില്‍ സജ്ജമാകുക. എല്ലാ ജില്ലകളിലെയും പി എച്ച് സി,സി എച്ച് സി,താലൂക്ക് ആശുപത്രി, ജനറല്‍ ഹോസ്പിറ്റല്‍ തുടങ്ങിയ ആരോഗ്യസ്ഥാപനങ്ങളിലാണ് വിവരബാങ്ക് സജ്ജമാക്കുക. തിരുവനന്തപുരം ജില്ലയിലെ മൂന്ന് ബ്ലോക്കുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ വിവരശേഖരണ രീതി വിജയിച്ചതിന്റെ പശ്ചാതലത്തിലാണ് വരുന്ന മാര്‍ച്ചിനകം 3.35 കോടി ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് സമഗ്ര ആരോഗ്യരജിസ്റ്റര്‍ തയ്യാറാക്കുന്നത്.ഇതരസംസ്ഥാനതൊഴിലാളികളുടേതുള്‍പ്പടെ പഞ്ചായത്ത്,മുന്‍സിപ്പല്‍, കോര്‍പറേഷന്‍ പരിധികളില്‍ നിന്നാണ് വിവരശേഖരണം നടത്തുക. ആധാര്‍ കാര്‍ഡില്‍ നിന്ന് ഡാറ്റ സമാഹരിക്കുന്ന പ്രവര്‍ത്തനമാണ് ആദ്യം നടക്കുക.
അംങ്കണ്‍വാടികള്‍, മറ്റ് സാമൂഹിക ക്ഷേമസ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍ ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ സ്‌കാന്‍ ചെയ്ത് രേഖപ്പെടുത്തുക. കുടുംബത്തിലെ ഒരംഗം വീട്ടിലുള്ള മുഴുവനാളുകളുടെയും ആധാര്‍കാര്‍ഡുമായാണ് വിവരം നല്‍കാനെത്തേണ്ടത്. ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് തത്കാലിക നമ്പര്‍ നല്‍കിയാണ് വിവരങ്ങള്‍ ശേഖരിക്കുക.

കുടുംബാംഗങ്ങള്‍, തൊഴില്‍, ആരോഗ്യസ്ഥിതി, ജീവിതരീതി, മാലിന്യസംസ്‌കരണം, കുടിവെള്ള ഉപയോഗം തുടങ്ങിവയൊക്കെ രേഖപ്പെടുത്തിയെടുക്കും. സംസ്ഥാനത്തെ ഏത് ആരോഗ്യകേന്ദ്രത്തില്‍ ചെല്ലുന്ന രോഗികളുടെയും പൂര്‍ണ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മനസ്സിലാക്കാനാകും വിധത്തിലുള്ള സംവിധാനമാണ് ആദ്യഘട്ടത്തില്‍ തന്നെയൊരുക്കുന്നത്. രോഗി ഇനി മുതല്‍ ഏതു സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ പോയാലും ഡോക്ടര്‍ക്ക് തന്റെ മുന്നിലുള്ള കംപ്യൂട്ടറിലൂടെ രോഗിയുടെ അത് വരെ ഉള്ള രോഗ ചരിത്രവും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ വിവരങ്ങളും അറിയാന്‍ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here