Connect with us

Ongoing News

ഷൂട്ടൗട്ട് രക്ഷ ! ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആവേശം ഷൂട്ടൗട്ട് വരെ നീണ്ട രണ്ടാം സെമിഫൈനലില്‍ ഡല്‍ഹി ഡൈനമോസിനെ നിരാശയിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. നിശ്ചിത സമയത്ത് ഡല്‍ഹി 2-1ന് മുന്നിലെത്തിയതോടെ ഇരുപാദ സ്‌കോര്‍ 2-2 തുല്യമായി. തുടര്‍ന്നാണ് എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും മത്സരം നീണ്ടത്. എക്‌സ്ട്രാ ടൈമില്‍ ഗോള്‍ രഹിതമായപ്പോള്‍ ഷൂട്ടൗട്ട് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി.

ആദ്യ മൂന്ന് കിക്കും പാഴാക്കി ഡല്‍ഹി സ്വയം കുഴി തോണ്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിനായി ഹൊസുവും ബെല്‍ഫോര്‍ട്ടും റഫീഖും ലക്ഷ്യം കണ്ടു. ജെര്‍മെയിന്റെ കിക്ക് ഗോളി തടഞ്ഞു. ഫ്‌ളോറന്റ് മലൂദ, ബ്രൂണോ പെലിസാരി, മെമോ എന്നിവര്‍ ഡല്‍ഹിയുടെ കിക്കുകള്‍ പാഴാക്കി. മലൂദയും പെലാസാരിയും കിക്കുകള്‍ ക്രോസ് ബാറിന് മുകളിലൂടെ പാഴാക്കിയപ്പോള്‍ മെമോയുടെ കിക്ക് ഇടത്തേക്ക് ചാടി ഗോളി സന്ദീപ് നന്ദി തടയുകയായിരുന്നു.
ഐ എസ് എല്‍ ആദ്യ സീസണിന്റെ തനിയാവര്‍ത്തനം പോലെ ഫൈനലില്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്‌സും ഞായറാഴ്ച മുഖാമുഖം വരും. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം തട്ടകമായ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഫൈനല്‍.ഡല്‍ഹിക്കെതിരെ കൊച്ചിയില്‍ നടന്ന ആദ്യ പാദ സെമി 1-0ന് ജയിച്ച ബ്ലാസ്റ്റേഴ്‌സ് എവേ മാച്ചില്‍ ഇന്നലെ പത്ത് പേരായി ചുരുങ്ങിയ ഡല്‍ഹിക്കെതിരെ മോശം പ്രകടനമാണ് നടത്തിയത്. പത്ത് പേരായി ചുരുങ്ങിയതിന് ശേഷമാണ് ഡല്‍ഹി രണ്ടാം ഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്.
ഇരുപത്തൊന്നാം മിനുട്ടില്‍ മാര്‍സെലീഞ്ഞോ പെരേരയിലൂടെ മുന്നിലെത്തിയ ഡല്‍ഹി ഇരുപാദ സ്‌കോര്‍ 1-1 ആക്കി. എന്നാല്‍ മൂന്ന് മിനുട്ടിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് ഡക്കന്‍സ് നാസനിലൂടെ ഇരുപാദ സ്‌കോര്‍ 2-1ന് ആക്കി. നാല്‍പ്പത്തഞ്ചാം മിനുട്ടില്‍ റുബെന്‍ റോചയിലൂടെ ഡല്‍ഹി 2-2ന് ഒപ്പമെത്തി.

 

മത്സരത്തില്‍ ഏറ്റവുമധികം അവസരങ്ങള്‍ സൃഷ്ടിച്ചത് ഡല്‍ഹിയായിരുന്നു. മാര്‍ക്വു താരം മലൂദ മുന്നില്‍ നിന്ന് പട നയിച്ചു. ഇരുപത്തെട്ടാം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ മിലന്‍ സിംഗ് പുറത്തായതിന് ശേഷം ആസൂത്രണ മികവ് കൊണ്ട് ഞെട്ടിക്കുന്ന പ്രകടനമാണ് ഡല്‍ഹി കാഴ്ചവെച്ചത്. ആത്മവിശ്വാസം ചോര്‍ന്നു പോയ ബ്ലാസ്റ്റേഴ്‌സ് ഓരോ നിമിഷവും തളര്‍ന്നവശരായി. ദിശാബോധമില്ലാത്ത കളിയാണ് രണ്ടാം പകുതിയില്‍ മഞ്ഞപ്പട കളിച്ചത്. ഭാഗ്യം കൊണ്ട് മാത്രം തോല്‍ക്കാതെ രക്ഷപ്പെട്ടു.ഗോളി സന്ദീപ് നന്ദിയുടെ മണ്ടത്തരം കൊണ്ടായിരുന്നു രണ്ട് ഗോളുകളും ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. അനാവശ്യമായി അഡ്വാന്‍സ് ചെയ്ത് വന്നപ്പോഴായിരുന്നു നന്ദിക്ക് പിഴച്ചത്.

Latest