ദേശീയ ഗാനത്തോടുള്ള അനാദരവ് രാജ്യദ്രോഹ കുറ്റം: ഉഴവൂര്‍

Posted on: December 14, 2016 7:16 pm | Last updated: December 14, 2016 at 7:16 pm

മലപ്പുറം: ദേശീയ ഗാനത്തോട് അനാദരവ് കാട്ടുന്നത് രാജ്യദ്രോഹകുറ്റമായി തന്നെ കാണണമെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാവോയിസ്റ്റുകളെ ശക്തമായി നേരിടണമെന്നാണ് പാര്‍ട്ടി നിലപാട്. ഇടതുമുന്നണിയില്‍ സി പി ഐക്ക് വ്യത്യസ്ത നിലപാടുണ്ടെങ്കിലും അത് മുന്നണിക്കില്ല. എന്‍ സി പി മന്ത്രിക്ക് സമയം നിശ്ചയിച്ചിട്ടില്ല. നിലവിലെ മന്ത്രി മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളപ്പണക്കാരെ പിടിക്കാന്‍ ചെപ്പടിവിദ്യക്കാരന്റെ കുപ്പായമണിഞ്ഞ മോദി അംബാനിക്കും അദാനിക്കും ഒത്താശ ചെയ്യുകയാണ്.

സഹകരണ മേഖലയെ തകര്‍ക്കുന്ന നീക്കത്തിനെതിരെ ശക്തമായി മുന്നോട്ടു പോകും. കേന്ദ്രമന്ത്രിമാരെടുക്കുന്ന ജനവിരുദ്ധ തീരുമാനങ്ങളെ പിന്തുണക്കുന്ന സംസ്ഥാന ബി ജെ പി നേതാക്കളെ സംസ്ഥാന ജനതയുടെ ശത്രുക്കളായി കാലം കണക്കാക്കും. സഹകരണ മേഖലക്കായി 29ന് നടക്കുന്ന മനുഷ്യചങ്ങലയില്‍ പൊതുസമൂഹം കണ്ണിയാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.