Connect with us

Kasargod

അമ്മ മരിച്ചതിന് അവധി ചോദിച്ച ജീവനക്കാരന് മംഗളൂരുവിലേക്ക് ഡ്യൂട്ടി നല്‍കി കെഎസ്ആര്‍ടിസി

Published

|

Last Updated

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ അമ്മ മരിച്ചതിനെ തുടര്‍ന്ന് അവധി ചോദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സംസ്ഥാനത്തിന് പുറത്തേക്ക് ഡ്യൂട്ടി നല്‍കിയ കെഎസ്ആര്‍ടിസി അധികൃതരുടെ നടപടി വിവാദമാവുന്നു. കാസര്‍കോട് പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശിയും ആദിവാസിയുമായ ടി.വേണുവിനോടാണ് അധികൃതര്‍ ക്രൂരത കാട്ടിയത്. കഴിഞ്ഞ നവംബര്‍ 12ന് തിങ്കളാഴ്ചയാണ് വേണുവിന്റെ അമ്മ യശോദാഭായി മരിച്ചത്. എന്‍ഡോസള്‍ഫാന്‍ മൂലം മൂന്നുവര്‍ഷമായി അര്‍ബുദ രോഗബാധിതയായ യശോദാഭായി തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ അത്യാസന്ന നിലയിലായിരുന്നു.

ഞായറാഴ്ച 8.30ന് കാസര്‍കോട് ഡിപ്പോയില്‍ ഡ്യൂട്ടിക്ക് കയറിയ വേണുവിന്റെ ജോലി തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ അവസാനിച്ചിരുന്നു. വേണു ഓഫിസിലിരിക്കെയാണ് അമ്മ അത്യാസന്ന നിലയിലാണെന്നും ഉടന്‍ എത്തണമെന്നും ബന്ധുക്കള്‍ അറിയിച്ചത്. സ്‌റ്റേഷന്‍ മാസ്റ്ററോടും കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറോടും വേണു ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ മേലുദ്യോഗസ്ഥര്‍ പകരം കണ്ടക്ടറെ നീ തന്നെ ഏര്‍പ്പാടാക്ക് എന്ന മറുപടിയാണത്രെ ലഭിച്ചത്. കൂടാതെ മേലുദ്യോഗസ്ഥര്‍ പരിഹസിച്ചതായും വേണു പറഞ്ഞു.

അവധി നിഷേധിച്ചതിനെ തുടര്‍ന്ന് വേണുവിന് മംഗളൂരുവിലേക്ക് ഡ്യൂട്ടി ലഭിച്ചു. ബസ് മംഗളൂരു തൊക്കോട്ട് എത്തിയപ്പോള്‍ അമ്മ മരിച്ചതായും മൃതദേഹം എന്തുചെയ്യണമെന്നും ബന്ധുക്കള്‍ വിളിച്ചുചോദിച്ചു. താന്‍ വന്നതിനുശേഷം മാത്രം മൃതദേഹം എടുത്താല്‍ മതിയെന്ന് വേണു പറഞ്ഞു. തുടര്‍ന്ന് ബസ് മംഗളൂരു സ്‌റ്റേഷനിലെത്തിച്ച് തിരികെ യാത്രക്കാരുമായി വന്ന് കാസര്‍കോട്ട് ഇറക്കി. ബസിലെ ഡ്രൈവര്‍ വേണുവിന് 65 കിലോമീറ്റര്‍ ദൂരമുളള വീട്ടിലേക്ക് പോകാനായി കെഎസ്ആര്‍ടിസിയുടെ വണ്ടി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതും ഉണ്ടായില്ല. വേണു എത്തി വൈകിട്ട് ആറുമണിയോടെയാണ് തുടര്‍ന്ന് സംസ്‌കാര ചടങ്ങ് നടന്നത്.

വേണുവിന്റെ ഭാര്യാപിതാവും കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി സ്‌റ്റേഷനിലെ ജീവനക്കാരനുമായ ബാലകൃഷ്ണും ഡിപ്പോ അവധി നിഷേധിച്ചു. അധികൃതരുടെ നടപടിക്കെതിരെ യൂണിയനുമായി ആലോചിച്ച് പരാതി നല്‍കുമെന്ന് വേണു പറഞ്ഞു. അതേസമയം വേണുവിന് അവധി നല്‍കിയിരുന്നതായും, അദ്ദേഹം സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തുവെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.

Latest