ഈ മാസം അവസാനം പിണറായി യു എ ഇയില്‍

Posted on: December 11, 2016 3:15 pm | Last updated: December 11, 2016 at 3:15 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം ഒടുവില്‍ യു എ ഇ യില്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. ഈ മാസം 22ന് എത്തുമെന്നാണ് ധാരണയായിട്ടുള്ളത്. 23ന് ദുബൈയില്‍ ഉണ്ടാകും.

മുഖ്യമന്ത്രി എന്ന നിലയില്‍ ആദ്യ സന്ദര്‍ശനമാണിത്. നേരത്തെ പല തവണ യു എ ഇ സന്ദര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സി പി എം പ്രകടന പത്രിക തയാറാക്കുന്നതിന്റെ ഭാഗമായി എത്തുകയും വ്യത്യസ്ത മണ്ഡലങ്ങളില്‍ ഉള്ളവരുമായി ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. ദുബൈയില്‍ എത്തുന്ന മുഖ്യമന്ത്രി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ കേരളത്തിലേക്ക് ക്ഷണിക്കുമെന്നാണ് കരുതുന്നത്. മലയാളി സമൂഹം പൊതു സ്വീകരണം നല്‍കാനും ഇടയുണ്ട്.