നോട്ടു നിരോധം: തോട്ടം തൊഴിലാളികള്‍ ദുരിതത്തില്‍

Posted on: December 11, 2016 2:32 pm | Last updated: December 11, 2016 at 2:32 pm

കല്‍പ്പറ്റ: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം പ്രതിസന്ധിയിലാണ്ട തോട്ടം മേഖലയില്‍ ദുരിതം തീരുന്നില്ല. ഒരാഴ്ചമുമ്പ് ലഭിച്ച ശമ്പളം ഇനിയും മാറിയെടുക്കാന്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഒക്ടോബറിലെ ശമ്പളമാണ് കഴിഞ്ഞ ദിവസം കിട്ടിയത്.
ബേങ്ക് അക്കൌണ്ടിലേക്കാണ് കലക്ടര്‍ വഴി ശമ്പളം ലഭിച്ചത്. ചെക്കായും കിട്ടിയിരുന്നു. തുക മാറിയെടുക്കാന്‍ കഴിയാത്ത നിരവധി തൊഴിലാളികള്‍ ഇനിയുമേറെയുണ്ട്. എടിഎമ്മിനു മുമ്പിലും ബാങ്കിനു മുന്നിലും ക്യൂനിന്നും തൊഴിലാളികള്‍ മടുത്തു. രണ്ടായിരം രൂപയാണ് മിക്കവര്‍ക്കും കിട്ടിയത്. അതാണെങ്കില്‍ ചില്ലറയാക്കാനും കഴിയാത്ത സ്ഥിതിയാണ്. ഇത്തവണത്തെ ശമ്പളം ലഭിക്കേണ്ട തിയതിയായിട്ടും ഇനിയും കിട്ടിയിട്ടില്ല. ഏഴിനും പത്തിനുമിടയിലാണ് ശമ്പളം ലഭിക്കാറ്. തോട്ടം തൊഴിലാളികളുടെ ദുരിതം തീര്‍ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ട്രേഡ് യൂണിയന്‍ നേതാക്കള്‍ എച്ച്എംഎല്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു.

തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ശമ്പളവിതരണം നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സി എച്ച് മമ്മി, യു കരുണന്‍, കെ പി അനില്‍കുമാര്‍, പി കെ മൂര്‍ത്തി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എല്ലാവര്‍ക്കും ഇനിയും അക്കൗണ്ടായിട്ടില്ല. ചൂരല്‍മല, അട്ടമല, മുണ്ടക്കൈ തുടങ്ങി സെന്ററിനല്‍റോക്കിലെ മുഴുവന്‍ തൊഴിലാളികളും ദുരിതത്തിലാണ്. ഏറെ ദുരം സഞ്ചരിച്ച് മേപ്പാടിയില്‍ വന്ന് വേണം ഇവര്‍ക്ക് പണം വാങ്ങാന്‍. എടിഎമ്മും ബാങ്കും മേപ്പാടിയിലാണുള്ളത്. അച്ചൂര്‍ എസ്‌റ്റേറ്റിലുള്ളവരും ഇതേ പ്രയാസത്തിലാണ്. പണം ചെലവിഴിച്ച് കിലോമീറ്റര്‍ താണ്ടി എടിഎം തേടിപോകേണ്ട അവസ്ഥയിലാണിവര്‍.