Connect with us

Palakkad

മലമ്പുഴ ഉദ്യാനത്തിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണം: വി എസ് അച്യുതാനന്ദന്‍

Published

|

Last Updated

പാലക്കാട്: മലമ്പുഴ ഉദ്യാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ക്കും ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും സ്ഥലം എം എല്‍ എയുമായ വി എസ് അച്യുതാനന്ദന്‍ നിര്‍ദ്ദേശം നല്‍കി. മലമ്പുഴ ഉദ്യാനത്തിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദ്ദേശം. ഡാമിലെ ഉദ്യാനത്തോട് ചേര്‍ന്നുള്ള തൂക്കുപാലം വരെ നടന്നുകണ്ട വി എസ് അച്യുതാനന്ദന്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടേയും ഉദ്യാനത്തിലെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടേയും യോഗം വിളിച്ചു ചേര്‍ത്തു. ഉദ്യാനത്തിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ച നിവേദനങ്ങളും അദ്ദേഹം സ്വീകരിച്ചു. തുടര്‍ന്ന് പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട പയറ്റുകാട്ടില്‍ രായപ്പന്റെ (84) വീട് സന്ദര്‍ശിച്ച വി.എസ് അച്യുതാനന്ദന്‍ രായപ്പന്റെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി ലഭ്യമാകേണ്ട അഞ്ചുലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതിന്റെ രേഖ കൈമാറി. ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് രായപ്പന്‍ മരണപ്പെട്ടത് .

മരണം നടന്ന ദിവസം തന്നെ കുടുംബാംഗങ്ങള്‍ക്ക്് അടിയന്തര ധനസഹായമായി 50,000 രൂപ ജില്ല കലക്ടര്‍ പി മേരിക്കുട്ടി കൈമാറിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും വിവിധ തൊഴിലാളി സംഘടനാപ്രതിനിധികളും പാര്‍ട്ടി പ്രതിനിധികളും സന്ദര്‍ശന സമയത്ത് സന്നിഹിതരായിരുന്നു.

Latest