അറബികള്‍ പണ്ടേ പഠിപ്പിച്ചു…

Posted on: December 11, 2016 6:01 am | Last updated: December 10, 2016 at 10:03 pm

ഭൂഗര്‍ഭത്തിലെ നീരൊഴുക്കിനെ മുറിച്ചെടുത്ത് ഏതു കടുത്ത വേനലിലും ഉപയോഗിക്കാനുതകുന്ന രീതിയില്‍ ഒരു കാലത്ത് ജലപ്രവാഹമുണ്ടാക്കിയിരുന്ന, വറ്റിവരണ്ട സുരങ്കങ്ങള്‍ വടക്കന്‍ ജില്ലകളിലെ ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളില്‍ ഇടവിട്ടെങ്കിലും ഇപ്പോഴും കാണാം. അത്യുത്തര കേരളത്തിലെയും തുളുനാട്ടിലെയും മലയോരത്ത് ജനങ്ങളുടെ ദാഹം തീര്‍ക്കുന്ന സുരങ്കങ്ങള്‍ എന്ന തുരങ്കങ്ങള്‍ നിര്‍മിതിയിലും ആകൃതിയിലും മറ്റുള്ളവര്‍ക്ക് എക്കാലത്തും അത്ഭുതമായിരുന്നു. മലഞ്ചെരിവിലെ ഉള്ളറകളില്‍ പൊടിയുന്ന തെളിനീര്‍ ഭൂമിക്കു പുറത്തേക്ക് എത്തിക്കുന്ന ജലസ്രോതസ്സിനെയാണ് മലയാളത്തില്‍ തുരങ്കമെന്നും തുളുവില്‍ സുരങ്കമെന്നും അറിയപ്പെട്ടിരുന്നത്. കണ്ണൂരും കാസര്‍ഗോഡുമുള്‍പ്പെട്ട വടക്കുകിഴക്കന്‍ കുന്നുകളിലെ വീട്ടുകാര്‍ കുടിവെള്ളത്തിനായി ഇത്തരം സംവിധാനങ്ങളെ ഇന്നും ആശ്രയിക്കുന്നു.

വെള്ളം സംഭരിക്കുന്ന ചെങ്കല്‍ക്കുന്നുകള്‍ വൈദഗ്ധ്യം നേടിയ തൊഴിലാളികള്‍ പ്രത്യേകാകൃതിയില്‍ മീറ്ററുകളോളം തുരന്നാണ് സുരങ്കങ്ങളുണ്ടാക്കുന്നത്. തുരങ്ക കവാടങ്ങളില്‍ നിന്നും നേര്‍ പകുതി പിളര്‍ന്ന കവുങ്ങിന്‍ തടിയോ, മുളയോ, പൈപ്പോ, വെള്ളം കെട്ടി നില്‍ക്കുന്ന കുഴികളോ ഉപയോഗിച്ച് ഇവര്‍ ശുദ്ധ ജലം ശേഖരിക്കുന്നു. പമ്പിന്റെയോ, വൈദ്യുതിയുടെയോ ആവശ്യമില്ല. അറബികള്‍ കേരളത്തിന് പഠിപ്പിച്ചു തന്നതാണ് ശുദ്ധജലത്തിന്റെ ഒരിക്കലും വറ്റാത്ത ഈ കലവറയെ. ഉരുകിയൊലിക്കുന്ന ചൂടില്‍ അവര്‍ മലമടക്കുകളില്‍ കണ്ടെത്തിയ ജലസംഭരണത്തിന്റെ ഉറവിടങ്ങളെ നൂറ്റാണ്ടുകള്‍ക്കു മുമ്പെ മലബാര്‍ ജനതയ്ക്ക് പരിചയപ്പെടുത്തി നല്‍കുകയായിരുന്നു.
ബി സി 700 കളിലാണ് ഇറാനും ഇറാഖും ഫലസ്തീനും ഉള്‍പ്പെടുന്ന മധ്യേഷ്യയില്‍ ഭൂമി തുരന്ന് ക്വാനട്ടുകള്‍ എന്ന പേരിലറിയപ്പെടുന്ന ജലസ്രോതസ്സുകള്‍ നിര്‍മിച്ചിരുന്നതത്രെ. ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്ന് കച്ചവടത്തിനെത്തിയ അറബികള്‍ തുരങ്കനിര്‍മാണം ദക്ഷിണ കന്നഡയ്ക്കും അത്യുത്തരകേരളത്തിനും പരിചയപ്പെടുത്തുകയായിരുന്നു. ഈ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മണ്ണിന്റെ ഘടനായുമാണ് തുരങ്കം വ്യാപകമാകാന്‍ കാരണം. രണ്ട് തരത്തിലാണ് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്. കുന്നിന്റെ ചരിവിലും കിണറിനുള്ളിലും. വെള്ളം ഇല്ലെങ്കില്‍ കിണറിലാണ് തുരങ്കമുണ്ടാക്കുക. കിണറിന്റെ അടിഭാഗം നോക്കി വെള്ളപ്പാട് കണ്ടെത്തും. ഇതിലൂടെ പിന്നീട് കിണര്‍ നിറഞ്ഞു കവിയാന്‍ പാകത്തില്‍ വെള്ളം കിനിഞ്ഞിറങ്ങും. ചരിവിലാണ് തുരങ്കങ്ങള്‍ നിര്‍മിക്കുക.

1.8 മുതല്‍ 2 മീറ്റര്‍ വരെ ഉയരവും 0.45 മുതല്‍ 0.70 മീറ്റര്‍ വീതിയും 300 മീറ്ററിലധികം നീളവുമുണ്ടാകും മിക്ക തുരങ്കങ്ങള്‍ക്കും. ഒരെണ്ണത്തില്‍ തന്നെ ഭൂമിക്കകത്ത് കൈവഴികളായി മൂന്നും നാലും എണ്ണം ബന്ധിപ്പിച്ച തരത്തിലുള്ള തുരങ്കവുമുണ്ട്. വെള്ളം കണ്ടെത്തിയാല്‍ മണ്ണുകൊണ്ട് ചിറകെട്ടി സംഭരിച്ച് പൈപ്പുകളിലൂടെയോ മണ്ണിലൂടെത്തന്നെയോ തികച്ചും ഭൂഗുരുത്വബലത്തിന്റെ സഹായത്തില്‍ പുറത്തേക്കൊഴുക്കും. വെളിമ്പ്രദേശത്ത് മണ്ണുകൊണ്ട് കെട്ടിയുണ്ടാക്കിയ ജലസംഭരണികളിലേക്ക് വെള്ളം വീഴ്ത്തും. ഇവിടെ നിന്ന് പൈപ്പ് വഴി എവിടേക്ക് വേണമെങ്കിലും വെള്ളം കൊണ്ടു പോകാം. കോണ്‍ക്രീറ്റ് ടാങ്കുകള്‍ കെട്ടിയാണ് ഇത്തരം തുരങ്കങ്ങളിലെ വെള്ളം ശേഖരിക്കുന്നത്. ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള വേനലിലാണ് തുരക്കല്‍. ഈ സമയങ്ങളില്‍ വെള്ളംകിട്ടുന്ന സ്രോതസ്സ് വറ്റില്ലെന്നാണ് കണക്ക്. മണ്ണിന്റെ ഘടനയ്ക്കനുസരിച്ചാണ് തുരക്കല്‍. വെള്ളം എവിടെയാണുള്ളതെന്ന് കണ്ടെത്താന്‍ തൊഴിലാളികള്‍ക്ക് പ്രത്യേക ഉപായമുണ്ട്. ഉപരിതലത്തിലെ ചില ചെടികളുടെ സാന്നിധ്യവും മണ്ണിന്റെ ഗന്ധവുമൊക്കെയാണ് വെള്ളം കണ്ടെത്താന്‍ തൊഴിലാളികളെ സഹായിക്കുന്നത്.
1950ല്‍ ഇത്തരത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയില്‍ 10 തുരങ്കങ്ങളാണുണ്ടായിരുന്നതെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ അതിന്റെ എണ്ണം വര്‍ധിച്ചു.

2000മാകുമ്പോഴേക്കും കാഞ്ഞങ്ങാട് ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലെ 35 വാര്‍ഡുകളില്‍ 472 തുരങ്കങ്ങളുണ്ടായി. കാസര്‍കോട് ഉപ്പളയ്ക്കടുത്തുള്ള പൈവളിഗ പഞ്ചായത്തിലെ ബായാര്‍ ഗ്രാമത്തില്‍ ഏതാനും വര്‍ഷം മുമ്പ് വരെ ആയിരത്തിലധികം ജലസമൃദ്ധിയുള്ള തുരങ്കങ്ങളുണ്ടായിരുന്നു. ബായാറിനോട് ചേര്‍ന്ന പൊസഡിഗുംബെ മലയാണ് ഇവിടത്തെ ജലസ്രോതസ്സ്. ഈ കുന്നിനു ചുറ്റുമുള്ള ഗുംപെ, സുധന്‍ബല, മാനിപ്പാഡി, കല്ലടുക്ക, മേലിനപഞ്ച, ആവളമട്ട തുടങ്ങിയ പ്രദേശങ്ങളില്‍ മാത്രം അഞ്ഞൂറോളം തുരങ്കങ്ങളുണ്ട്. മിക്ക വീട്ടുകാര്‍ക്കും രണ്ടുമുതല്‍ അഞ്ചെണ്ണംവരെ കാണാം. കാഞ്ഞഞാട് ബ്ലോക്കില്‍ 183 തുരങ്കങ്ങളാണ് കുടിവെള്ളത്തിനുപയോഗിക്കുന്നത്. മറ്റുള്ളവ കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഇടവപ്പാതിയിലും തുലാവര്‍ഷ കാലങ്ങളിലും ജലപൂരിതമായ ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളില്‍ 3500 മില്ലി മീറ്റര്‍ ശരാശരി മഴ ലഭിച്ചിരുന്നു. ധാരാളം സുഷിരങ്ങള്‍ ഉള്ള ഇത്തരം ചെങ്കല്‍ക്കുന്നുകളില്‍ ശേഖരിച്ച ജലമാണ് പിന്നീട്് നീരുറവയായി സുരങ്കങ്ങളിലെത്തുന്നത്. 2 മീറ്ററിനും 15 മീറ്ററിനും ഇടയിലാണ്‌ചെങ്കല്‍പ്പാറയില്‍ ജലവിതാനം കണ്ടുവരുന്നത്. ഇത് 20 മീറ്റര്‍ വരെ ചിലയിടങ്ങളില്‍ താഴ്ചയില്‍ പോകുന്നു. ചെങ്കല്‍ക്കുന്നുകളെ ശരിയായി പരിപാലിച്ചാല്‍ സ്വാഭാവികമായും ധാരാളം സുഷിരങ്ങളുള്ളതിനാല്‍ ജലം സദാസമയവും ഇവിടെ ലഭ്യമാണ്. പക്ഷേ, അടുത്ത കാലത്തുവരെ ആയിരക്കണക്കിന് തുരങ്കങ്ങളിലൂടെ ലഭ്യമായിരുന്ന ഭൂഗര്‍ഭജലമാണ് ഇപ്പോള്‍ വറ്റി വരളുന്നത്.

കുന്നുകള്‍ നിരപ്പാക്കാനും റബ്ബറുകള്‍ വെച്ച് പിടിപ്പിക്കാനും തുടങ്ങിയതാണ് ഉത്തരകേരളത്തിലെ സുരങ്കങ്ങളുടെ നിലനില്‍പ്പിനെ ബാധിച്ചതെന്ന് ജലതുരങ്കങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞന്‍ ഡോ. കമലാക്ഷന്‍ കൊക്കല്‍ പറഞ്ഞു. അനിയന്ത്രിതമായ കുഴല്‍ കിണറുകളുടെ നിര്‍മാണവും ഭീഷണിയായി. കുഴല്‍ക്കിണര്‍ വഴിയുള്ള ജല ചൂഷണം വ്യാപകമായതാണ് ഭൂജലനിരപ്പ് താഴാന്‍ പ്രധാനമായും ഇടയാക്കിയതെന്ന് ഭൂഗര്‍ഭജലവിഭാഗത്തിലെ ശാസ്ത്രജ്ഞനായ ഡോ. പി എസ് പ്രിജു പറഞ്ഞു.
നാളെ :
മലപ്പുറത്തിന്റെ അനുഭവം;
കേരളത്തിന്റെയും