Connect with us

Kerala

ഡി സി സി പുനഃസംഘടന; അതൃപ്തി പരസ്യമാക്കി എ ഗ്രൂപ്പ്‌

Published

|

Last Updated

തിരുവനന്തപുരം: ഡി സി സി തലപ്പത്തെ പ്രാതിനിധ്യം അഞ്ചിലേക്ക് ഒതുങ്ങിയതോടെ പ്രതിഷേധവുമായി എ ഗ്രൂപ്പ്. നിര്‍ദേശിക്കപ്പെട്ട പേരുകള്‍ പലതും അവസാന നിമിഷം വെട്ടിയതില്‍ ഉമ്മന്‍ചാണ്ടി തന്നെ കടുത്ത അസംതൃപ്തിയിലാണ്. വി എം സുധീരന്റെ അപ്രമാദിത്വമാണ് ഡി സി സി പ്രസിഡന്റ് നിയമനത്തില്‍ പ്രതിഫലിച്ചതെന്നാണ് എ ഗ്രൂപ്പിലെ പൊതുവികാരം.

എട്ട് ജില്ലകളില്‍ മേധാവിത്വം ലഭിച്ച ഐ ഗ്രൂപ്പാകട്ടെ സുധീരന്റെ നിലപാടിനൊപ്പമാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുതിയ പട്ടികയെ സ്വാഗതം ചെയ്തു. തലമുറമാറ്റമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതേസമയം, സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന നിലപാട് പരസ്യമായി ഉന്നയിച്ച് തിരിച്ചടിക്കാനാണ് എ ഗ്രൂപ്പ് നീക്കം. ഈ ആവശ്യം ഉന്നയിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തുവന്നു.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സംഘടനാ തിരഞ്ഞെടുപ്പാണ് വേണ്ടത്. തുടക്കം മുതല്‍ ഉന്നയിച്ച ആവശ്യമായിരുന്നു ഇത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് സംഘടനാ തിരഞ്ഞെടുപ്പാണ്. ആദ്യം ഡി സി സി പ്രസിഡന്റുമാരെ നിയമിക്കട്ടെയെന്ന ധാരണ വന്നപ്പോള്‍ അതിനൊപ്പം നിന്നു. പുതിയ ഡി സി സി പ്രസിഡന്റുമാരുടെ നിയമനുവുമായി ബന്ധപ്പെട്ട തന്റെ നിലപാട് പാര്‍ട്ടിയെ അറിയിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഹൈക്കമാന്‍ഡ് തീരുമാനത്തോട് വിയോജിപ്പുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, പത്തനംതിട്ട, കോട്ടയം ജില്ലകള്‍ മാത്രമാണ് എ ഗ്രൂപ്പിന് ലഭിച്ചത്. എ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ വരുന്ന ഈ ജില്ലകളില്‍ തന്നെ സുധീരന്റെ താത്പര്യമുള്ളവരാണ്. നേരത്തെയുള്ളതില്‍ നിന്ന് കൊല്ലവും ഇടുക്കിയുമാണ് എ ഗ്രൂപ്പിന് നഷ്ടമായത്. കൊല്ലത്ത് പി സി വിഷ്ണുനാഥിന്റെ കാര്യത്തിലും കോഴിക്കോട് ടി സിദ്ദീഖിന്റെ കാര്യത്തിലും ഉമ്മന്‍ചാണ്ടി പ്രത്യേക താത്പര്യമെടുത്തിരുന്നു. ഇതില്‍ വിഷ്ണുവിനെ തഴഞ്ഞത് എ ഗ്രൂപ്പിന് വലിയ ആഘാതമായി. വനിതാപ്രാതിനിധ്യം വേണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചിരുന്നതിനാല്‍ ലതികാസുഭാഷ് അടക്കം മറ്റ് ചിലപേരുകളും എ ഗ്രൂപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഐ ഗ്രൂപ്പ് നോമിനിയും മഹിളാകോണ്‍ഗ്രസ് അധ്യക്ഷയുമായ ബിന്ദുകൃഷ്ണക്ക് മാത്രമാണ് നറുക്ക് വീണത്.
എ ഗ്രൂപ്പിനെ അനുനയിപ്പിക്കുന്നതിന് പി സി വിഷ്ണുനാഥിനെ എ ഐ സി സി സെക്രട്ടറിയാക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍, പുതിയ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ വരെ എ ഗ്രൂപ്പ് കണ്ണുനട്ടിട്ടുണ്ട്. വിദേശത്തായിരുന്ന ഉമ്മന്‍ചാണ്ടി ഇന്നലെയാണ് തലസ്ഥാനത്ത് എത്തിയത്. ഗ്രൂപ്പിലെ പ്രമുഖരുമായി ആലോചിച്ച ശേഷം അദ്ദേഹം നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും.

ഇതോടൊപ്പം സംഘടനാ തിരഞ്ഞെടുപ്പ് എന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് എ ഗ്രൂപ്പ് തീരുമാനം. ഡി സി സി വികളിലും മാറ്റം വേണ്ടി വരും. ജില്ലാതലങ്ങളിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ നേരത്തെ ധാരണയായതാണ്. കെ പി സി സി ഭാരവാഹികളായി തുടരുന്ന ചിലര്‍ ഡി സി സി പ്രസിഡന്റുമാരായ സാഹചര്യത്തില്‍ അവിടെയും അഴിച്ചുപണി വേണ്ടി വരും. എം ലിജു, സതീശന്‍ പാച്ചേനിയ, ടി സിദ്ദീഖ് എന്നവര്‍ കെ പി സി സി ജല്‍, ഇബ്‌റാഹിം കുട്ടികല്ലാര്‍ എന്നിവര്‍ സെക്രട്ടറിമാരും. ഈ ഒഴിവിലേക്ക് പുതിയ ആളുകള്‍ വേണ്ടി വരും. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് സംഘടനാതിരഞ്ഞെടുപ്പ് എന്ന ആവശ്യം എ ഗ്രൂപ്പ് കടുപ്പിക്കുന്നത്.

 

---- facebook comment plugin here -----

Latest