Connect with us

National

അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാട്: എസ് പി ത്യാഗിയെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ വ്യാമസേനാ മേധാവി എസ്.പി. ത്യാഗിയെ സിബിഐ കസ്റ്റഡിയില്‍വിട്ടു. ബുധനാഴ്ചവരെയാണ് ത്യാഗിയെ സിബിഐ കസ്റ്റഡിയില്‍വിട്ടത്. ഡല്‍ഹി കോടതിയാണ് ത്യാഗിയുടേയും മറ്റു രണ്ടു പ്രതികളുടേയും കസ്റ്റഡി അനുവദിച്ചത്. പത്ത് ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടത്.

3600 കോടി രൂപയുടെ ഇടപാടില്‍ ത്യാഗി സാമ്പത്തിക ക്രമക്കേട് നടത്തിയതായി സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്‌ചെയ്തത്. ത്യാഗിയോടൊപ്പം ഡല്‍ഹിയിലെ അഭിഭാഷകന്‍ ഗൗതം ഖെയ്ത്താന്‍, ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി എന്ന ജൂലി ത്യാഗി എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ഗൗതം ഖെയ്ത്താനെ കേസില്‍ മുമ്പ് എന്‍ഫ്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ 432 കോടിരൂപ പറ്റിയെന്നാണു സിബിഐ നല്‍കുന്ന വിശദീകരണം. ഇതേ കേസില്‍ ത്യാഗിയുടെ സഹോദരനും മുമ്പ് അറസ്റ്റിലായിരുന്നു. ഹെലികോപ്ടര്‍ ഇടപാടില്‍ ത്യാഗി സ്വാധീനം ചെലുത്തി ബന്ധുക്കള്‍ വഴിയും ഇടനിലക്കാര്‍ വഴിയും പ്രതിഫലം കണ്ടെത്തിയെന്നു സിബിഐ പറയുന്നു. ഇതാദ്യമായാണ് ഒരു മുന്‍ സേനാ മേധാവി അഴിമതിക്കേസില്‍ അറസ്റ്റിലാകുന്നത്.

Latest