Connect with us

Kasargod

വൃദ്ധയുടെ മരണം: കൊടിയ പീഡനം മൂലമെന്ന്; മകനും ഭാര്യയും മുങ്ങി

Published

|

Last Updated

കാസര്‍കോട്: മഞ്ചേശ്വരം മീഞ്ച ചിഗറുപദവിലെ ആഇശാബീവി(65)യുടെ മരണം കൊലപാതകമാണെന്ന പരാതി യെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്വന്തം മാതാവിനെ മകന്‍ മുസ്തഫ ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുകയും ഭിക്ഷാടനം ചെയ്തുകിട്ടുന്ന പണം കാമുകിമാരുമായി വീതിച്ചെടുത്ത് ധൂര്‍ത്തടിക്കുകയും ചെയ്തുവെന്നാണ് നാട്ടുകാരും പരാതിക്കാരനായ പൊതുപ്രവര്‍ത്തകന്‍ കെ എഫ് ഇഖ്ബാലും ആരോപിക്കുന്നത്.

മകന്റെ വഴിവിട്ട ജീവിതം എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയും പട്ടിണിക്കിട്ട് കാട്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നു. മരണത്തിന് മൂന്നു ദിവസം മുമ്പ് കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ആഇശാബീവിയെ നാട്ടുകാര്‍ ഇടപെട്ട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിറ്റേദിവസം മകന്‍ മുസ്തഫ ആശുപത്രിയിലെത്തുകയും വിദഗ്ദ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
ഡിസംബര്‍ അഞ്ചിന് രാവിലെയാണ് ആഇശാബീവിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതായി മുസ്തഫ നാട്ടുകാരെയും പള്ളിക്കമ്മിറ്റിക്കാരെയും അറിയിച്ചത്. മൃതദേഹം കുളിപ്പിക്കുന്നതിനിടെ ദേഹമാസകലം പരുക്ക് ശ്രദ്ധയില്‍പെട്ട സ്ത്രീകള്‍ നാട്ടുകാര്‍ക്ക് വിവരം നല്‍കിയതോടെ മരണത്തില്‍ സംശയമുയരുകയായിരുന്നു. ഇതോടെ നാട്ടുകാരില്‍ ചിലര്‍ മുസ്തഫയെ തടയുകയും കയ്യേറ്റത്തിനിരയാക്കുകയും ചെയ്തു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആരും രേഖാമൂലം പരാതി നല്‍കാതിരുന്നതിനാല്‍. പോലീസ് തിരിച്ചുപോയ ശേഷം മൃതദേഹം ചിഗറുപദവ് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുകയുമായിരുന്നു.
ഇതിനു ശേഷമാണ് വീണ്ടും ആഇശയുടെ മരണത്തില്‍ നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുയര്‍ന്നത്. ഇതോടെ പൊതു പ്രവര്‍ത്തകന്‍ കെ എഫ് ഇഖ്ബാല്‍ ജില്ലാ പോലീസ് ചീഫിനും കുമ്പള സി ഐക്കും പരാതി നല്‍കി.

നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മകന്‍ മുസ്തഫ ഭാര്യയെയും കൂടെതാമസിക്കുന്ന യുവതികളെയും കൂട്ടി വീടുപൂട്ടി സ്ഥലം വിടുകയായിരുന്നു. ആഇശയുടെ വസ്ത്രങ്ങളും മറ്റും കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള സി ഐ. വി വി മനോജിന് അന്വേഷണം ആരംഭിക്കുകയായിരുന്നു.