Connect with us

National

അനധികൃത ടെലഫോണ്‍ ലൈന്‍: ദയാനിധി മാരനെതിരെ സി ബി ഐ കുറ്റപത്രം

Published

|

Last Updated

ചെന്നൈ: അനധികൃത ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ മുന്‍ കേന്ദ്ര മന്ത്രി ദയാനിധി മാരന്‍, അദ്ദേഹത്തിന്റെ സഹോദരന്‍ കലാനിധി മാരനടക്കമുള്ളവര്‍ക്ക് സി ബി ഐ കുറ്റപത്രം നല്‍കി. ദയാനിധി മാരന്‍ മന്ത്രിയായിരുന്നപ്പോഴുള്ള പ്രൈവറ്റ് സെക്രട്ടറിമാരും ബി എസ് എന്‍ എല്ലിലെ മുന്‍ ചീഫ് ജനറല്‍ മാനേജര്‍മാരുമാണ് മറ്റു പ്രതികള്‍. അനധികൃതമായി ടെലഫോണ്‍ ലൈനുകള്‍ തന്റെ വസതിയിലേക്ക് വലിക്കുക വഴി 1.78 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു. 2004 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ചെന്നൈയിലെ ഗോപാലപുരത്തുള്ള മാരന്റെ വസതിയില്‍ അനധികൃതമായി 364 ടെലഫോണ്‍ ലൈനുകള്‍ വലിച്ചെന്ന് സി ബി ഐ പറയുന്നു.

2006-2007 കാലയളവില്‍ മന്ത്രിയുടെ ചെന്നൈയിലെ ഫസ്റ്റ് അവന്യൂ ബോട്ട് ക്ലബ്ബ് റോഡിലെ പുതിയ വസതിയിലേക്ക് 353 ടെലഫോണ്‍ ലൈനുകള്‍ വലിച്ചിരുന്നു. മന്ത്രിയായിരിക്കെ വാക്കാലുള്ള ഉത്തരവില്‍ പത്ത് പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ കണക്ഷന്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കാന്‍ ഉത്തരവിട്ടെന്നും കുറ്റപത്രത്തിലുണ്ട്. ഈ കണക്ഷനുകള്‍ സേവന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. അതിനാല്‍ ബില്ലുകള്‍ നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഈ ടെലിഫോണ്‍ കണക്ഷനിലൂടെ കോളുകളും, വീഡിയോ, ശബ്ദ ഫയലുകളുടെ കൈമാറ്റവും നടന്നിട്ടുണ്ട്. ഇവയെല്ലാം തന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ടെലിവിഷന്‍ ചാനലാണ് ഉപയോഗിച്ചിരുന്നത്. ഈ ടെലഫോണ്‍ കണക്ഷനുകള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ചാര്‍ജോ ബില്ലോ ഉണ്ടായിരുന്നില്ലെന്ന് സി ബി ഐ പറയുന്നു.