കള്ളനോട്ട് തടയാന്‍ പ്ലാസ്റ്റിക് നോട്ടുകള്‍ വരുന്നു

Posted on: December 10, 2016 7:29 am | Last updated: December 9, 2016 at 9:30 pm

ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സികള്‍ അച്ചടിക്കാന്‍ തീരുമാനിച്ചതായും ഇതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ചു വരികയാണെന്നും കേന്ദ്രം. പ്ലാസ്റ്റിക്കോ, പോളിമറോ ഉപയോഗിച്ചുള്ള നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ പറഞ്ഞു.

പത്ത് രൂപയുടെ പത്ത് ലക്ഷം നോട്ടുകള്‍ രാജ്യത്തെ തിരഞ്ഞെടുത്ത അഞ്ച് നഗരങ്ങളില്‍ പരീക്ഷണാര്‍ഥം ഇറക്കുമെന്ന് 2014ല്‍ പാര്‍ലിമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഭൂമിശാസ്ത്രവും കാലാവസ്ഥാ വ്യതിയാനവും നോട്ടുകളില്‍ എങ്ങനെ മാറ്റം വരുത്തുന്നു എന്നറിയാനാണ് വ്യത്യസ്ത നഗരങ്ങളില്‍ നോട്ടിറക്കാന്‍ തീരുമാനിച്ചത്. കൊച്ചി, മൈസൂരു, ജയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നീ നഗരങ്ങളിലാണ് പ്ലാസ്റ്റിക്ക് നോട്ടുകള്‍ ഇറക്കാന്‍ തീരുമാനിച്ചിരുന്നത്.
ശരാശരി അഞ്ച് വര്‍ഷമാണ് പ്ലാസ്റ്റിക് നോട്ടുകളുടെ ആയുസ്സ്. ഇത്തരം നോട്ടുകളുടെ കള്ളനോട്ടുകള്‍ ഇറക്കാന്‍ പ്രയാസവുമാണ്. പേപ്പര്‍ കറന്‍സിയെ അപേക്ഷിച്ച് പ്ലാസ്റ്റിക് നോട്ടുകള്‍ക്ക് വൃത്തിയുണ്ടാകും. കള്ളനോട്ടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെ ആസ്‌ത്രേലിയയിലാണ് ഇത്തരം നോട്ടുകള്‍ ആദ്യം പരീക്ഷണം നടത്തിയത്. 2015 ഡിസംബറില്‍ സുരക്ഷാ ത്രെഡുകള്‍ ഇല്ലാത്ത ആയിരത്തിന്റെ നോട്ടുകള്‍ റിസര്‍വ് ബേങ്കിന് ലഭിച്ചിരുന്നതായി മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ കറന്‍സികള്‍ നാസിക്കിലെ പ്രസ്സില്‍ നിന്നാണ് അടിച്ചത്. സംഭവത്തില്‍ ഉത്തരവാദിയായവര്‍ക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ വരാതിരിക്കാന്‍ മുന്‍കരുതല്‍ എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.