നോട്ട് നിരോധം യുദ്ധകാല സമാനമെന്ന് മന്‍മോഹന്‍ സിംഗ്‌

Posted on: December 9, 2016 9:37 pm | Last updated: December 9, 2016 at 9:37 pm

ന്യൂഡല്‍ഹി: നോട്ട് നിരോധിച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടി രാജ്യത്ത് സുദ്ധസമാന സ്ഥിതിയാണ് സംജാതമാക്കിയിരിക്കുന്നതെന്നും ഇതുവഴി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടിസ്ഥാന കര്‍ത്തവ്യങ്ങളെ പരിഹസിക്കുകയാണ് ചെയ്തതെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.

ദി ഹിന്ദു ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സിംഗ് മോദിക്കെതിരെ ആഞ്ഞടിച്ചത്. നോട്ട് നിരോധ നടപടി സത്യസന്ധരായ ജനതക്ക് ദാരുണമായ മുറിവുകളുണ്ടാക്കി. യുദ്ധകാലത്തിനു സമാനമാണ് ഇന്നത്തെ സ്ഥിതി. യുദ്ധസമയത്ത് റേഷനായി കിട്ടുന്ന ഭക്ഷണത്തിന് ആളുകള്‍ വരി നില്‍ക്കുന്നത് പോലെയാണ് പണത്തിനായി ആളുകള്‍ ബേങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ കാത്തുനില്‍ക്കുന്നത്. അടിസ്ഥാന ആവശ്യത്തിനുള്ള പണം ലഭിക്കാന്‍ ലക്ഷക്കണക്കിന് ആളുകള്‍ വരിനില്‍ക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. പെട്ടന്നെടുത്ത ഈ തീരുമാനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുന്നതാണെന്ന് അദ്ദേഹം എഴുതുന്നു.