നാം ഭൂമിയെ നശിപ്പിച്ചപ്പോള്‍ പ്രകൃതി നമ്മെ ശിക്ഷിച്ചുകൊണ്ടിരിക്കുന്നു: മന്ത്രി എ കെ ശശീന്ദ്രന്‍

Posted on: December 9, 2016 10:20 am | Last updated: December 9, 2016 at 10:20 am

കല്‍പ്പറ്റ: ഹരിതകേരളം പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുന്‍തലമുറകള്‍ നമുക്കു കൈമാറിയ അരുവികളുടെയും പച്ചപ്പുകളുടെയും പൂമ്പാറ്റകളുടെയും പ്രശാന്ത സുന്ദരമായ കേരളം പു:നസൃഷ്ടിക്കപ്പെടുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. പനമരം എരനല്ലൂര്‍ ക്ഷേത്രക്കുളം ശൂചീകരിച്ചുകൊണ്ടുള്ള ഹരിതകേരളത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് പരിസ്ഥിതി സംഘടനകള്‍ മാത്രം ഏറ്റെടുത്തിരുന്ന പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ന് സര്‍ക്കാര്‍ ബഹുജന പങ്കാളിത്തത്തോടെ നേതൃത്വം നല്‍കുന്നത്. ജലസ്രോതസ്സുകള്‍ക്കും ഹരിതാഭയ്ക്കും പുതുജീവന്‍ നല്‍കിയും മാലിന്യ കൂമ്പാരങ്ങള്‍ക്ക് മരണമണി മുഴക്കിയുമുള്ള ഇരുപത്തിമൂവായിരത്തോളം പദ്ധതികളാണ് ഒരൊറ്റദിവസം കൊണ്ട് കേരളത്തില്‍ സമാരംഭിച്ചിരിക്കുന്നത്. വയനാട്ടില്‍ മാത്രം 512 പദ്ധതികള്‍ക്കും തുടക്കമിടുന്നു. നാം ഭൂമിയെ നശിപ്പിച്ചപ്പോള്‍ പ്രകൃതി നമ്മെ ശിക്ഷിച്ചുകൊണ്ടിരിക്കുന്നു. ആശുപത്രികളും രോഗികളും കൂടിക്കൊണ്ടിരിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല. അരോഗദൃഢഗാത്രരായിരുന്ന ഗ്രാമീണര്‍ പോലുമിന്ന് രോഗത്തിന് അടിമപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവസാന്നിധ്യത്തിന്റെ പരിശുദ്ധി അപ്രത്യക്ഷമായി.

കുളിരിന്റെയും പച്ചപ്പിന്റെയും പേരില്‍ അഭിമാനിച്ച വയനാട് ഇന്ന് മുന്നില്‍ നില്‍ക്കുന്നത് വരള്‍ച്ചയുടെ കാര്യത്തിലാണ്. ഇവിടുത്തെ നികത്തിയ ജലാശയങ്ങളും കുളങ്ങളും നീര്‍ച്ചാലുകളും അടിയന്തരമായി പുനസ്ഥാപിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പഴയകാല ശ്രമദാന സംസ്‌കാരത്തിലേക്ക് യുവജനങ്ങളെയും സന്നദ്ധ സംഘടനകളെയും കൊണ്ടുവരാന്‍ ജില്ലാ ഭരണകൂടം ഊര്‍ജ്ജസ്വലമായ നേതൃത്വം വഹിക്കണമെന്ന് മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടങ്ങിയ 512 പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒ ആര്‍ കേളു എം.എല്‍ എ അധ്യക്ഷത വഹിച്ചു. പ്രകൃതിയിലേക്ക് മടങ്ങാതെ രക്ഷയില്ല എന്ന അവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട് മരുഭൂമിയാവാന്‍ അധികനാള്‍ വേണ്ടിവരില്ലന്ന എം എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ നിരീക്ഷണങ്ങള്‍ മുഖവിലക്കെടുക്കണമെന്ന് സി കെ ശശീന്ദ്രന്‍ എം എല്‍എ. പറഞ്ഞു. ആശയപരമായി ദീര്‍ഘവീക്ഷണമുള്ള പദ്ധതിയാണ് ഹരിതകേരളമെന്നും ഇത് വയനാട്ടില്‍ അനുകൂല സാഹചര്യമൊരുക്കുമെന്നും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. കാലം ആവശ്യപ്പെടുന്നതാണ് ഹരിതകേരള പദ്ധതിയെന്നും കക്ഷി രാഷ്ട്രീയ ഭിന്നതകള്‍ക്കതീതമായി ഇത് ഏറ്റെടുക്കണമെന്നും സ്വാഗതമാശംസിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി വ്യക്തമാക്കി. കാവേരിയിലെത്തുന്ന ജലത്തിന്റെ 40 ശതമാനവും കബനിയില്‍ നിന്നായതിനാല്‍ വയനാടിന്റെ സംരക്ഷണം തെക്കെ ഇന്ത്യയുടെ കൂടി സംരക്ഷണമാണെന്നും ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി അഭിപ്രായപ്പെട്ടു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി കെ അസ്മത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്.ദിലീപ് കുമാര്‍, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി തോമസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി സിരാജപ്പന്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന വേദിയില്‍ കുടുംബശ്രീ വയനാട് മിഷന്റെ കലാജാഥയും അരങ്ങേറി.