ലീഗ് പ്രവര്‍ത്തകന്റെ കൊല: സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: December 9, 2016 10:05 am | Last updated: December 9, 2016 at 10:05 am

കാസര്‍കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പൊവ്വല്‍ ബഞ്ച് കോടതിക്ക് സമീപത്തെ അബ്ദുല്‍ ഖാദറിനെ (19) കൊലപ്പെടുത്തിയ കേസില്‍ സി പി എം പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ അറസ്റ്റില്‍. മുതലപ്പാറ ജബരിക്കുളത്തെ അഹ്മദ് നസീര്‍ (36), മുളിയാര്‍ ബാലനടുക്കത്തെ മുഹമ്മദ് സാലി (25) എന്നിവരെയാണ് ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മുഹമ്മദ് സാലിയെ കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് വെച്ചും അഹ്മദ് നസീറിനെ ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പുകള്‍ക്കും വിധേയമാക്കിയ ശേഷം വൈകുന്നേരത്തോടെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

അഹ്മദ് നസീറിനേയും മുഹമ്മദ് സാലിയേയും പോലീസ് ചോദ്യം ചെയ്തതില്‍ മറ്റ് മൂന്ന് പേര്‍ക്ക് കൂടി കൊലപാതകത്തില്‍ പങ്കുള്ളതായി തെളിഞ്ഞു. ഇവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇവരുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് പോലീസ് പറഞ്ഞു. മൂന്നംഗ സംഘത്തെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഡിസംബര്‍ ഒന്നിന് വൈകുന്നേരം ബോവിക്കാനം ടൗണില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടത്തിനിടെയാണ് അബ്ദുല്‍ ഖാദര്‍ ദാരുണമായി കൊല്ലപ്പെട്ടത്.