ഫൈസല്‍ വധം: രണ്ട് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

Posted on: December 9, 2016 9:29 am | Last updated: December 9, 2016 at 9:29 am
ഫൈസല്‍ കൊടിഞ്ഞി

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഗൂഢാലോചന സംഘത്തിലെ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പുളിക്കല്‍ ഹരിദാസന്‍, കളത്തിങ്ങല്‍ പ്രദീപ് എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രധാന പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് ഇവരെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. കോഴിക്കോട് ജയിലിലായിരുന്ന ഇവരെ ഇന്നലെ വിവിധ സ്ഥലങ്ങളില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഫൈസലിനെ കൊലപ്പെടുത്തിയ പ്രധാന പ്രതികളില്‍ നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. അതേസമയം പ്രധാന പ്രതികളെ കോടതി മുഖേനെ സാക്ഷികളുടെ മുമ്പാകെ തിരിച്ചറിയില്‍ പരേഡ് നടത്തുന്നതിനായി പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
നാല് പേരാണ് ഫൈസലിന്റെ കൊലപാതകത്തില്‍ പങ്കാളികളായിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായത്.

രണ്ട് ബൈക്കുകളിലായാണ് ഇവര്‍ എത്തിയിരുന്നത്. കൊലപാതകത്തിന്റെ അല്‍പ്പം മുമ്പാണ് ഇവര്‍ ഈ ഭാഗത്ത് എത്തിയിട്ടുള്ളതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഫൈസലിനെ വെട്ടിയതിലെ ഒരാളും ബൈക്കോടിച്ച രണ്ട് പേരേയുമാണ് ഇപ്പോള്‍ പിടികൂടിയിട്ടുള്ളത്. ഫൈസലിനെ കുത്തിയ ഒരാളെ ഇനി പിടികൂടാനുണ്ട്. ഇയാളും കൊലപാതകത്തിന്റെ പ്രധാന സൂത്രധാരനായ തിരൂര്‍ യാസിര്‍ കൊലക്കേസിലെ പ്രതിയുമായ വ്യക്തിയേയും ഇനി പിടികൂടാനുണ്ട്. എന്നാല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഇനിയും പിടിക്കപ്പെടാനുണ്ടെന്നാണ് സൂചന.
കൊലയാളികള്‍ ഉപയോഗിച്ചിരുന്ന രണ്ട് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റോ കണ്ടെടുക്കാന്‍ ആയിട്ടില്ല. മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.